ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രാത്രിയുടെ ഏകാന്തത..
ചുറ്റും ഇരുട്ടുമാത്രം..
കടൽ ആർത്തിരമ്പുന്ന ശബ്ദം..
സമയം രണ്ടുമണി കഴിഞ്ഞുകാണും ഉറക്കംവരാതെ ഞാൻ അങ്ങനെ കിടന്നു.. അമ്മ എപ്പോഴും പറയും ഫോണിന്റെ ഉപയോഗം കൂടീട്ടാണ് ഉറക്കം കുറയുന്നത് എന്ന്.. ശരിയാണ് രാത്രിയിൽ ഏറെ നേരം
ആ ചെറിയ യന്ത്രത്തിന്റെ വെളിച്ചം
കണ്ണിനെ മാത്രമല്ല ബുദ്ധിയേയും ഇരുട്ടിലാക്കിയിരികുന്നു..
ചെറുപ്പത്തിലൊക്കെ സന്ധ്യാസമയത്ത് അമ്മൂമ്മ തെളിയിക്കുന്ന നിലവിളക്കിനും
നല്ല പ്രകാശമാണ് എന്നാൽ അത് ആരുടെയും ഉറക്കം അപഹരിച്ചിട്ടില്ല..!
പ്രകാശം തന്നെ എത്ര വിധം.!
അങ്ങനെ ഓരോന്ന് ഓർത്തുകിടന്നപ്പോൾ ജനലിലൂടെ ഞാൻ ആകാശത്തേക്ക് ഒന്ന്നോക്കി.. നല്ല നിലാവ് ഇരുണ്ട മേഘങ്ങൾ പതുക്കെ നീങ്ങുന്നതുകാണാം..
പാറകളും ഗർത്തങ്ങളും നിറഞ്ഞ ഒരു ഗോളമാണ് ഞാൻ ആ കാണുന്നതെന്ന് വിശ്വസിക്കുക പ്രയാസം..!
ഞാൻ എഴുന്നേറ്റ് ബാൽകെണിയിൽ വന്നുനിന്നു.. കടൽ ഇത് ആരെയാണ്
ഇങ്ങനെ അലറിവിളിക്കുന്നത്..
നിലാവിൽ തിളങ്ങുന്ന പാറകെട്ടുകളിൽ തിരമാലകൾ ആഞ്ഞടികുന്നുണ്ട്..
പെട്ടെന്ന്..
പാറകെട്ടുകളിൽ ഞാൻ അത് കണ്ടു..
കണ്ണുകളിൽ മായ പടർന്നതാണോ.?
വിശ്വസിക്കാൻ കഴിയുന്നില്ല..!
ഉറക്കമില്ലായ്മ തലച്ചോറിൽ വരച്ചിട്ട
ഒരു ചിത്രം പോലെ അവളെ എനിക്കു കാണാം. നിലാവിൽ തെളിയുന്ന ഒരു സുന്ദരി..!
തെളിഞ്ഞൊഴുകുന്ന നിലാവിനെ നോക്കി കടൽക്കരയോട് ചേർന്ന പാറപ്പുറത്ത് തിരമാലകളെ തലോടി ചരിഞ്ഞിരിക്കുന്ന മൽസ്യ കന്യക..! അങ്ങനെ തന്നെ ആണോ അവളുടെ പേര് അതോ അവരുടെ ലോകത്തിന് മാത്രമായി മറ്റേതെങ്കിലും ഭാഷ ഉണ്ടാകുമോ.? അറിയില്ല.!
ആദ്യമായ് ഒരു മൽസ്യ കന്യകയെ നേരിട്ടുകാണുന്ന അമ്പരപ്പ് പതുക്കെ അലിഞ്ഞു തുടങ്ങി.. അല്പം ദൂരെ നിന്നാണ് ഞാൻ ആ സുന്ദരിയെ കാണുന്നത്..
മുഖം വ്യക്തമല്ല.. പക്ഷെ അതിസുന്ദരിയായ ഒരു സ്ത്രീരൂപം തന്നെയാണത്.. പാമ്പിനെ പോലെ ഇളകുന്ന നീണ്ട മുടി.. അർദ്ധനഗ്നമായ ഉടലാകേ മുടിയിഴകൾ പൊതിഞ്ഞിരിക്കുന്നു..
എനിക്ക് അവളോട് വല്ലാത്ത ഒരു അസൂയ തോന്നി.. എത്ര ധൈര്യമാണ് അവൾക്ക്
ഈ അസമയത്ത് ഇങ്ങനെ തനിച്ചിരിക്കാൻ
അതും അർദ്ദനഗ്നയായി..
ഇരുട്ട് വീഴും മുന്നെ വീടിലെത്തണമെന്ന
നിയമം അവൾക്കില്ലെ.?
ശരീരം മൂടി പുതച്ച് നടന്നിട്ടും അസമയത്ത് പുറത്തിറങ്ങാതെ ഇരുന്നിട്ടും എത്ര പെൺകുട്ടികളാണ് കാമാഗ്നിക്ക് ഇരയാകുന്നത്..?
ഈ സുന്ദരി ഇതൊന്നും അറിയാതെയാണോ ഇങ്ങനെ തനിച്ചിരിക്കുന്നത്..??
മൊബൈലിൽ അവളുടെ ഒരു ചിത്രം എടുക്കണം.. ആരുടെ മുന്നിലും
ഈ അതിശയത്തിന് തെളിവ് നിരത്താനല്ല പകരം എന്നെ തന്നെ ബോധ്യപ്പെടുത്താൻ ഇതൊരു സ്വപ്നമല്ല എന്ന്.!
കിട്ടിയ അൽപസമയം കൊണ്ട് ഉറക്കത്തിലായ എന്റെ ഫോണിനെ ഞാൻ ഉണർത്തി.
“അങ്ങനെ എൻ്റെ ഉറക്കം ഇല്ലാതാക്കിയിട്ട്
നീ ഉറങ്ങേണ്ട..” പക്ഷെ എന്ത് ഫലം ഇരുട്ടുമാത്രമാണ് ഞാൻ ഫോണിലൂടെ കണ്ടത്.. ഒരു ഉപയോഗമില്ലാത്ത വസ്തു തന്നെ.. എനിക്ക് വല്ലാത്തൊരു അമർഷം തോന്നി..
അവളോട് അപരിചിതമായ
ആ ലോകത്തേകുറിച്ച് ചോദിച്ചറിയണമെന്നുണ്ട്..
പക്ഷെ ഭയമാണ് ഇരുട്ടിനെയും
ആരുമില്ലാത്ത തെരുവിനെയും..!!
ഞാൻ പറയുന്നത് നീ കേൾകുന്നുണ്ടോ ഇങ്ങനെ ഇരുട്ടിൽ തനിച്ചിരിക്കരുത്..
അപകടമാണ്.. ഇത് കടലിന്റെ ഉള്ളറയല്ല.. പകരം കരയാണ് മനുഷ്യൻ ആധിപത്യം നേടിയ മണ്ണാണ്.. നീ ഭയക്കണം പേടിച്ച് ഒതുങ്ങി ജീവിക്കണം..!
എന്റെ ചിന്തകൾ അവൾ അറിയുന്നില്ല.. ഭയമില്ലാതെ അവൾ അങ്ങനെ ഇരിക്കുന്നു.. ഒരുപക്ഷേ ചെറുപ്പം മുതൽ അവളെ ഭയപ്പെടുത്താൻ അരുമില്ലായിരുന്നിരിക്കും.. ഭയം എന്തെന്നറിയാതെ അവൾ വളർന്നിരിക്കും.. ഭാഗ്യവതി.!
എന്നിലെ അസൂയ കൂടി കൂടി വന്നു..
അവൾ പറകെട്ടുകളിൽ നിന്ന് മായുന്നവരെ ഞാൻ അങ്ങനെ നോക്കി നിന്നു..
സമയം എത്ര ആയിന്നറിയില്ല..
ഉറക്കം വരുന്നുണ്ട്.. ആ സമുദ്ര സുന്ദരിയുടെ ആത്മബലത്തെ മനസിൽ പ്രശംസിച്ച് ഞാൻ ഉറങ്ങി.. നീണ്ട ഒരു ഉറക്കം..!
ഉണരുമ്പോൾ കനത്ത വെളിച്ചം മുറിയാകേ പരന്നിട്ടുണ്ട്.. വീണ്ടും ബാൽകെണിയിൽ പോയി നിന്നു.. കഴിഞ്ഞ നിമിഷങ്ങൾ വീണ്ടും ഓർത്തു.. ആ ദിവസം ഞാൻ ഫോൺ നോക്കി സമയം കളഞ്ഞില്ല..!
ഞാൻ ഒരു സ്ത്രീയാണ്
ആരെയാണ് ഭയപ്പെടുന്നത്.?
എന്തിൽ നിന്നാണ് ഓടി ഒളിക്കുന്നത്.?
ജീവന്റെ തുടർച്ച നിന്റെ ദാനമാണ്.!
നിന്റെ ശരീരം
ഒരു വംശത്തിന്റെ അഭയകേന്ദ്രമാണ്..!
നിന്റെ ചിന്തകൾ ഒരു തലമുറയുടെ സ്വഭാവത്തിന് അടിസ്ഥാനമാണ്..!
നീ ഭയന്നാൽ.. നീ ഓടി ഒളിച്ചാൽ.. എങ്ങനെയാണ് സമഭാവനയുള്ള
സമൂഹം പിറവികൊള്ളുന്നത്.?
ഭയപ്പെടുത്താതെ എല്ലാ തടസങ്ങളെയും മറികടക്കാൻ കഴിവുറ്റ ഒരു തലമുറയെ
നീ പോറ്റി വളർത്തുക..
നീയും സ്ത്രീയാണ്..!
ധൈര്യവതിയായ സുന്ദരി..!!

By ivayana