കലഹിച്ചൊഴുകും ഭാരതപ്പുഴയോരത്തെ ആറടിമണ്ണിലേയ്ക്ക്.
കോവിഢ് ഭീതി ലോക്ഢൌണ് തീറ്ത്ത നാളുകളിലാണ് കല്യാണി കിടപ്പിലായത്.. പരിചരിക്കാന് കുടുംബശ്രീക്കാറ് .
കുട്ടിക്കാലത്ത് തറവാട്ടില് മുറ്റമടിക്കാനെത്തുന്ന കല്യാണിയോടൊപ്പം നടന്നാണ് അന്ന് പ്രകൃതിയിലെ ബാലപാഠങ്ങള് തീറ്ത്തത്. നിറംമങ്ങിയ പാദസരമിട്ട തുടുത്ത കാലുകള് കല്യാണിക്കന്ന് അഴകായി. കണ്ണെഴുതി, മുടിപിന്നിയിട്ട്,കൈനിറയെ കുപ്പിവളയിട്ട്, വട്ടസ്റ്റിക്കറ് പൊട്ടിട്ട കല്യാണി നന്നായി പാടും.
കൊട്ടിതാളമിടാന് രണ്ട് വടികള് കൊടുത്ത് അന്ന് പാട്ട് പാടിക്കും, നാട്ടിലെപൂരാഘോഷത്തിനെത്തുന്ന നായാടിശീലുകള്. ചൂല് നിലത്തിട്ട് പാവാടതുമ്പ് മടിയില്കുത്തി കല്യാണി കമ്പുകളടിച്ചോണ്ട് പാടും,
“ആരിന്റെ ആരിന്റെ ശന്കരനായാടീ,
പരയ്ക്കാടി മുത്ത്യമ്മന്റെ ശന്കരനായാടീ”. മുറ്റമടിക്കലിനിടയില് പക്ഷികൂജനം കേട്ട് കല്യാണി പൂത്താന്കീരിയെയും, മൈനയേയും,ചെമ്പോത്തിനെയും മരം കൊത്തിയെയുമൊക്കെ പരിചയപ്പെടുത്തും, ഉല്സവപറമ്പുകളില് നിന്നുള്ള ഹല്വാകഷണം കല്യാണി കൊണ്ടുതന്നത് തിന്നുന്നത് കാണുമ്പോള് അമ്മ കലഹിക്കും. ഉല്സവത്തിന്റെ പൊടിയും, ഈച്ചയാറ്ത്തതെന്നും ആക്ഷേപിച്ച്. കറ്ക്കിടക സംക്രമ ഗളഛേദ കുക്കുടത്തിന്റെ മുഴുത്ത കഷണം പുണ്യമാസ ആദ്യരാവിലെ ഇലയില് പൊതിഞ്ഞ് കൊണ്ടുതരും. രാവിലെ ദോശയോടൊപ്പം കാട്ടുന്ന ആറ്ത്തി കണ്ട് അമ്മ കണ്ണടയ്ക്കും. ഓലമടല് വെട്ടി ബാറ്റുണ്ടാക്കിച്ച് ഗാംഗുലി ചമയുമ്പോള് ഷോയബ് അക്തറായി കല്യാണി തലമാറും. കളിനിയമങ്ങള് അന്യമായെറിയുന്ന ആറ് പന്തുകള്ക്ക് ശേഷം ഓവറായീന്ന് പറഞ്ഞ് കല്യാണി പണിയില് വ്യാപൃതയാവും.
ഒരു പെരുമഴക്കാലത്ത് കഴുത്തില് മിന്നൂവീണതോടെ വീട്ട്പണിക്ക് തിരശ്ശീല.
മധുവിധു തീരുംമുമ്പേ മദ്യത്തില് മയങ്ങി നടന്ന് ,കല്യാണിയെ മടുത്ത ശന്കരനെ കല്യാണിയും സ്വതന്ത്രമാക്കി വിട്ടു . പിന്നീട് ശന്കരന് ചിന്നവീട് പെരിയവീടാക്കി താമസവും. കുട്ടികളില്ലാത്ത കല്യാണിയുടെ പുത്രവാല്സല്യം ചാമ്പക്കയും, അരിനെല്ലിക്കയും, പനകൂമ്പുമൊക്കെയായി ഞങ്ങളെ രുചിയൂട്ടി. കെട്ടിടംപണിക്ക് സഹായിയായി പോയ നാളുകളിലാണ് കല്യാണി അപ്പുണ്ണിയെ അറിഞ്ഞത്. പൊറാട്ട് ശീലുകള് ഈണത്തോടെ ചൊല്ലുന്ന അപ്പുണ്ണി. പത്ത് വയസ്സിന് താഴെയെന്കിലും അപ്പുണ്ണിയെ പ്രണയത്തിന്റെ ഭാഷ പഠിപ്പിച്ച് കല്യാണി കൂട്ടായി. പ്രണയവും, ഉടലുടനെ മുദ്രചാറ്ത്തലും ,ശീല്ക്കാരങ്ങളും ഉയറ്ന്ന നാളുകളിലൊന്നിലാണ് പണിക്കിടയില് കെട്ടിട മുകളില് നിന്ന് അപ്പുണ്ണി താഴോട്ട് പറന്നതും. കിടപ്പിലായ അപ്പുണ്ണിയെ സ്വന്തം കൂരയിലേക്ക് കല്യാണി പ്രണയപൂറ്വ്വം ആനയിച്ചതും അവന്റെ മരണം വരെ അവന് കൂട്ടിരുന്നതും ഉദാത്ത പ്രണയത്തിന്റെ ബാലപാഠങ്ങളായി ഞങ്ങള്ക്ക്. അപ്പുണ്ണിയുടെ മരണം കല്യാണിയുടെ ബോധാബോധകമ്പികളില് അയവ് തീറ്ത്തു.
ഓണത്തിനും, വിഷുവിനുമൊക്കെ കല്യാണി തറവാട്ടില് വരും. അമ്മയോടെന്തൊക്കെയോ പിറുപിറുക്കും. സദ്യാവിഭവങ്ങളുമായി മടങ്ങും. തറവാട്ടിലെത്തുന്ന നാളുകളില് മക്കളെ കല്യാണിയെ കാണിക്കാന് കൊണ്ടുപോവാതെ വയ്യ. കുഞ്ഞുങ്ങളെ വാരിപ്പുണറ്ന്ന് കല്യാണി കുലദൈവങ്ങളെ വിളിക്കും. കണ്മണികള്ക്കൊന്നും വരുത്തരുതേ എന്ന പ്രാറ്ത്ഥനയോടെ. സ്നേഹകരുതലുകളുടെ ഊഷ്മളത തിരിച്ചറിഞ്ഞ കളത്രം തിരിച്ചിറങ്ങുമ്പോള് ഒരുപിടി നോട്ടുകള് കല്യാണിയുടെ കൈവെള്ളയില് ഏല്പിക്കും. ഞങ്ങള് നീങ്ങുന്നത് കണ്നിറച്ച് കണ്ടോണ്ട് നില്ക്കും.
ഭ്രാന്തേറുന്ന വേളകളില് കല്യാണി അലയാനിറങ്ങും. അവരുടെ കൈകാലുകളില് പാത്രങ്ങളിലെ കരി പറ്റിയിട്ടുണ്ടാവും . വിരലുകളിലേതിലെന്കിലും പഴന്തുണി കെട്ടിയ മുറിവുണ്ടാവും. നൊസ്സേറി കത്തിമൂറ്ച്ച അറിയാതെ കറിക്കരിയുമ്പോഴും പുല്ലു വെട്ടുമ്പോഴും പറ്റിയ മുറിവുകള്. വിരല്‍ത്തുമ്പുകള്‍ കറുത്തും പൊട്ടിയും വീര്‍ത്തിട്ടുണ്ടാവും. പശുവിന്റെ കയര്‍ പിടിച്ചു വലിച്ചും വിറകു വെട്ടിയുമൊക്കെ കൈവന്ന തഴമ്പ് കൈവെള്ളയിലും. കാലൊക്കെ വിണ്ടു കീറിയിട്ടുണ്ടാവും. അടുത്തേക്ക് ചെല്ലുമ്പോള്‍ കാണാം മുടിയിലൊക്കെ അടുപ്പിലെ ചാരം പറ്റിപ്പിടിച്ചത്. കോതിയിടാതെ വെച്ച മുടിയില്‍ പുക മണവും.
അന്ത്യനാളുകളില് തൊഴിലുറപ്പ് പണിയായിരുന്നു. തൊഴില് ചെയ്യാതെ കൂലി ഉറപ്പാക്കുന്ന പണികള്ക്കിടയില് പെണ്ണുങ്ങള് ആവശ്യപ്പെടും “കല്യാണേടത്ത്യേ ഒരു പാട്ട്,, “. കേട്ടയുടന് കല്യാണി പാടിതുടങ്ങും.. അപ്പുണ്ണി മൂളികൊടുത്ത പൊറാട്ട് നാടക ശീലുകള്.. തൊഴിലുറപ്പിടങ്ങള് മണ്ണാനും- മണ്ണാത്തിയും, കുശവനും -കുശവത്തിയും ശീലുകളാല് സജീവസമ്പന്നമാവും.
പ്രണയത്തിന് നാനാറ്ത്ഥങ്ങള്..നിങ്ങളെയും ഞാന് പ്രണയിച്ചിരുന്നുവല്ലോ
കല്യാണിയേടത്തീ… വിഭിന്നമായൊരു പ്രണയം. ആത്മാവിന് നിത്യശാന്തി..പ്രണാമം. ഉദാത്തപ്രണയത്തിന് നൂറായിരം അഭിവാദ്യങ്ങള്.