ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

കത്തിതീരാറായ സൂര്യന്റെ
അവസാന പിടച്ചിലും
എഴുതി വച്ച ആകാശത്തിന്
ചുവടെ
വായ പിളർന്ന കടൽക്കണ്ണുകൾ
നമ്മളിലേക്കിറങ്ങി വരുമ്പോൾ
തീക്കൊടുങ്കാറ്റിലുടഞ്ഞ് വീണ
സമത്വം വരികൾക്കിടയിൽ
തലയിട്ടടിച്ച് പിടയുമ്പോൾ
അസ്വസ്ഥതയുടെ മുറിവുകൾ
തുന്നിക്കെട്ടിയ കാലത്തിന്റെ
ചിറകുകളിൽ ദൈവം
വെള്ളരിപ്രാവുകളുടെ ചിത്രം
വരയ്ക്കാൻ കൈകൾ നീട്ടും .
മേഘപടലങ്ങൾക്ക് നടുവിൽ
നിന്നും മിന്നൽവെളിച്ചം
പുഴയുടെ ഓളങ്ങളിലേക്കിറങ്ങി
വരും .
ഹിന്ദുവും , മുസൽമാനും
ക്രിസ്ത്യാനിയും ഒരേ രക്ഷകന്റെ
നെഞ്ചിൽ തല ചായ്ച്ച്,
കെട്ടിപ്പിടിച്ച് ഒറ്റ മതമായ് പൂത്ത്
വിടരും .
അടിക്കാടുകളിൽ നിന്നും
തളിർത്ത ചില്ലകൾ ഒരുമയുടെ
ചരിത്രം വരയ്ക്കാൻ
തൊട്ടുരുമ്മും .
പുലർവെട്ട തുടുപ്പിന്റെ നീലിച്ച
കണ്ണുകളിൽ വെട്ടിയരിഞ്ഞിട്ട
ഉടയാടകൾ വലിച്ചു കീറപ്പെട്ട
അടക്കിപ്പിടിച്ച തേങ്ങലുകൾ
ഇരുൾവഴികളിൽ കനത്ത്
പെയ്യുമ്പോൾ.
ഒരു നോട്ടം കൊണ്ട് ചരിത്രത്തെ
വിറപ്പിച്ച ഉണ്ണിയാർച്ച പല പല
ദിക്കുകളിൽ നിന്നും
ഉയർത്തെഴുന്നേൽക്കും .
ഓരോ ചുവട് വയ്പ്പിലും
തീ തീറ്റിക്കുന്ന വാർത്തകൾക്ക്
നടുവിൽ ഉരുകിയൊലിക്കുന്ന
മിടിപ്പുകളിൽ ചുറ്റിപ്പിണയുന്ന
കരിനാഗങ്ങൾ രാഷ്ട്രത്തെ
രണ്ടായ് പിളർക്കുമ്പോൾ
അരുതെന്ന് വിലക്കാൻ
വീണ്ടുമൊരു മഹാത്മാവ്
ഇവിടെ പിറക്കും .
തീത്തുള്ളി മഴ നനഞ്ഞ
ചോരക്കിനാവുകൾ വരയിട്ട
ഭൂപടത്തിനിടയിലൂടെ
ഊർന്ന് വീഴുന്ന
ചുട് നിശ്വാസങ്ങളുടെ
ചുംബന തളിർപ്പുകളിൽ
വിരിയുന്ന പുതുമഴക്കിനാവുകൾ
നമ്മൾക്ക് മുമ്പിൽ ചിറക് വിരിക്കട്ടെ.

ഷാജു. കെ. കടമേരി

By ivayana