രചന : ജയേഷ് പണിക്കർ✍
മടങ്ങുവാനൊരിടമാണിതല്ലോ
മറക്കരുതതു മർത്ത്യാ നീയോർക്കൂ
ചവുട്ടിനിൽക്കാൻ
വിതച്ചുകൊയ്യാൻ
ചരാചരങ്ങൾക്കുറച്ചു നിൽക്കാൻ
കരുത്തു നല്കി കാക്കുമീ മണ്ണിൽ.
പടുത്തുയർത്തുക പുതിയൊരു ലോകം
ചതിക്കുകില്ലീ മണ്ണിതെന്നോർക്ക
ശരിയ്ക്കിതങ്ങു പാലിച്ചിതെന്നാൽ
നിനക്കു കാഴ്ചയൊരുക്കുമീ മണ്ണ്.
വിശപ്പിനേറെ ഒരുക്കുവാനായ്
വിശാലമാകും ഉടലിതു നല്കി
അലസമാനസമകറ്റിയിന്ന്
വിതയ്ക്കുകിന്ന് വിഭവമനേകം
ഒതുക്കി വയ്ക്കുക നിന്നുടെ ക്രൂരത
സദാക്ഷമിക്കില്ലെന്നതുമോർക്കുക.
എത്ര ഋതുക്കളോ നിൻ മടിത്തട്ടിലായ്
നർത്തനമാടിക്കടന്നു പോയങ്ങനെ
സർവ്വംസഹയായിയെന്നുമീ ഞങ്ങളെ
സംരക്ഷിച്ചീടണേ ധരണിനീയും.