രചന : വൈഗ ക്രിസ്റ്റി ✍
ഇറച്ചിമസാലയുടെ ചൂരായിരുന്നു
അന്നെല്ലാം ഞങ്ങളുടെ ഞായറാഴ്ചകൾക്ക്
രാവിലെ ,
അപ്പൻ കുർബാന കഴിഞ്ഞ്
തേക്കെലേ പൊതിഞ്ഞുകെട്ടിയ
ഇറച്ചിയുമായി കുത്തുപടി കയറിവരും
അമ്മയന്നേരം ,
മുളകും മല്ലിയും പെരുംജീരകവും
വറുത്തരയ്ക്കുന്ന
തിരക്കിലായിരിക്കും .
കളിയ്ക്കുന്നതിനിടയിൽ
എൻ്റെ
കണ്ണും കാതുമെല്ലാം അടുക്കളയിലായിരിക്കും
ചോറ് വെന്തിട്ടുണ്ടാവുമോ ?
ഇറച്ചിക്കറിയിൽ
ഇത്തവണയെങ്കിലും
അമ്മ ,
തേങ്ങ കൊത്തിയിട്ടിട്ടുണ്ടാവുമോ?
ചട്ടിയിലിട്ട് ചോറ് ഇളക്കിത്തരാൻ
പറയണം അമ്മയോട്
പട്ടിയോടും പൂച്ചകളോടുമെല്ലാം പറയും
ഞങ്ങൾക്കിന്ന് കറി ഇറച്ചിയാണ് കേട്ടോ
ശൂരടിച്ചെടീ കൊച്ചേന്ന്
പൂച്ചകൾ ,
വാൽ മുകളിലേയ്ക്ക് കുത്തനെ പിടിയ്ക്കും
പട്ടി വെറുതേ കണ്ണുചിമ്മി
നോക്കിക്കിടക്കും
ഞായറാഴ്ചയാണെന്ന്
അവൻ
ഇറച്ചിവെട്ട് തങ്കച്ചൻ്റെ കടേന്നേ
അറിഞ്ഞു കാണും
ഉണ്ണാൻ ആരും വിളിക്കേണ്ടതില്ല
എട്ടു കുഞ്ഞുകൈകളും
ആറ് വെല്യോരും അടുക്കളേലെത്തും
അമ്മച്ചിയേന്നൊരു വിളിയപ്പോ
പൊറത്തൂന്ന് കേൾക്കും
കുറച്ചപ്പുറത്ത് താമസിക്കുന്ന
അമ്മായിയും മക്കളുമാണ് .
കടശ്ശിയായിപ്പോകുന്ന
എൻ്റെ പാത്രത്തിലേയ്ക്ക്
ഒഴിഞ്ഞ ചട്ടീന്ന്
അമ്മ ചാറൊഴിക്കും
അടുത്താഴ്ചയാകട്ടെ ,
മോനമ്മ മാറ്റി വച്ചേക്കാമെന്ന്
സമാധാനിപ്പിക്കും
എല്ലാ ആഴ്ചേം കേൾക്കുന്നതല്ലേന്ന്
ഒന്നും മിണ്ടാതെ
ചോറുണ്ട് കൈ കഴുകി
പെറ്റിക്കോട്ടിൽ ചിറിതൊടച്ച് ,
ഇറങ്ങിപ്പോകും
കളിയിലേക്ക് ഊളിയിടുമ്പം
നിറഞ്ഞ കണ്ണുകൾ തോരും
മനസ്സീന്ന് കറിയുടെ ഓർമ്മകൾ
മായും
സാരമില്ലെടീ കൊച്ചേന്ന്
പൂച്ചകൾ കരയും ,
പട്ടി കുരയ്ക്കും …
സാരമില്ല …
അടുത്ത ഞായറാഴ്ചയേലും
തേങ്ങകൊത്തിയിട്ട ഇച്ചിരി കറി
മാറ്റിവെക്കാൻ അമ്മയോട് പറയണംന്ന്
എല്ലായ്പോഴും കരുതും
കുഞ്ഞല്ലേ …!
കളി കഴിയുമ്പോഴേയ്ക്ക്
മറന്നു പോകും