ഞാനൊരു ആത്മാവാണ്. ജീവിച്ചിരുന്നപ്പോൾ എന്നെ നാണുക്കുട്ടൻ പിള്ള എന്നാണ് വിളിച്ചിരുന്നത്. മരണശേഷമാണ് എനിക്ക് നവോത്ഥാന നായകൻ എന്ന വിശേഷണം കിട്ടിയത്. എൻ്റെ പ്രസ്ഥാനം കൊച്ചു കേരളത്തിലാകമാനമുണ്ട്. പരലോകത്തേക്ക് പോകാൻ ഇഷ്ടമുണ്ടായില്ല, കാലനും എന്നോട് ദയ തോന്നി.
“ശരി നീ ആത്മാവായി ഇവിടെ തുടർന്നോളൂ , മതിയായിയെന്ന് തോന്നുന്നതുവരെ…….” . അറിയാതെ പോലും മതീന്ന് പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ആ വാക്ക് കേട്ടാൽ കാലൻ വീണ്ടുമെത്തും, എന്നെ പൊക്കും. ഇത്രേം പറഞ്ഞത് ഒരു ഇൻട്രോ മാത്രം, മനസ്സിൽ വയ്ക്കുക.
ഇന്ന് ഞാൻ നിൽക്കുന്നത് നാണുക്കുട്ടൻ പിള്ള (NKP) സ്മാരക സാംസ്കാരികസമിതി ഹാളിലാണ്. സത്യത്തിൽ അഭിമാനം തോന്നി. ഓഫീസ് ക്ലാർക്കിൻ്റെ മുന്നീലെ ടേബിളിൽ തുറന്നു വച്ച ക്യാഷ് ബുക്ക്. കാറ്റിൽ മറിയുന്ന പേജുകളിലെല്ലാം ലക്ഷങ്ങളുടെ കണക്കുകൾ. എൻ്റെ പിൻഗാമികളുടെ നേട്ടങ്ങളിൽ എങ്ങിനെ അഭിമാനിക്കാതിരിക്കും. മൂന്നുമണി കഴിഞ്ഞിട്ടും എത്താത്ത പ്രസിഡൻ്റിനു വേണ്ടി ക്ലോക്കിൻ്റെ സൂചിയെ പത്തുമിനിട്ടോളം പിടിച്ചു നിർത്തി. പ്രസിഡൻ്റിൻ്റെ അടുത്തു തന്നെ ഒരു ഒഴിഞ്ഞ കസേരയിൽ ഞാനും ഇരുന്നു. സദസ്സിനെ ശ്രദ്ധിക്കാൻ ഇവിടെ ഇരിക്കുന്നതാണ് നല്ലത്. പ്രാർത്ഥന കഴിഞ്ഞു. അനുശോചനമായിരുന്നു അടുത്തത്. കൂട്ടംവിട്ടുപോയവരെ അനുസ്മരിച്ചു, അനുശോചിച്ചു. മൗന പ്രാർത്ഥനയും നടന്നു. എല്ലാം കണ്ടും കേട്ടുമിരുന്നപ്പോൾ സന്തോഷം തോന്നി.
“ഉരുൾപൊട്ടലിൽ പൂമലക്കുന്ന് ഇടിഞ്ഞ് ഒലിച്ചു പോയ നമ്മുടെ സഹോദരങ്ങൾക്കും എല്ലാം നഷ്ടപ്പെട്ട് ജീവിച്ചിരിക്കുന്നവർക്കുമായി ഒരു നിമിഷം നമുക്ക് പ്രാർത്ഥിക്കാം”.എല്ലാവരും എഴുന്നേറ്റു നിന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതു കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. “പ്രാർത്ഥനയല്ലേ… ലാവിഷായിട്ടായിക്കോട്ടേ. കാശ് ചിലവൊന്നുമില്ലല്ലോ” എന്ന ന്യൂജെൻ ബോയ് സുധീഷ് കൂട്ടുകാരനോട് പങ്കു വച്ച കമൻ്റ് എന്നെ വേദനിപ്പിച്ചുവെന്നതും സത്യം. പിന്നെ ചർച്ചകൾ . അവശ്യവും അനാവശ്യവും വിളമ്പുന്നവർ, അരിശം കൊള്ളുന്നവർ, കോമഡി പടം കാണുന്ന ലാഘവത്തോടെ എല്ലാം രസിക്കുന്ന മറ്റൊരു വിഭാഗം. മീറ്റിങ്ങുകളിൽ തീ പിടിത്തം ഒഴിവാക്കാൻ ചായയ്ക്കും വടയ്ക്കും കഴിയുമെന്ന് വീണ്ടും എനിക്ക് ബോധ്യമായി.
” പൂമലക്കുന്ന് ദുരന്തത്തിലേക്ക് സമതിയുടെ വകയായി എന്തെങ്കിലും നൽകേണ്ടതുണ്ടോന്ന് പൊതുയോഗം തീരുമാനിക്കണം”. പ്രസിഡൻ്റിൻ്റെ വാക്കുകൾ എനിക്ക് അത്ര സുഖകരമായി തോന്നിയില്ല.
“വേണ്ട വേണ്ട അതിൻ്റെ ആവശ്യമൊന്നുമില്ല”പ്രസിഡൻറ് പറഞ്ഞു നിർത്തും മുമ്പ് സരളേച്ചി ചാടി എണീറ്റു. (അവരെ അവിടുളോർ അങ്ങിനെയാണ് വിളിക്കുന്നത് കേട്ടത്).
“അതന്നെ… ഇപ്പോ തന്നെ അവിടേക്ക് എന്തോരം കോടികളാ എത്തുന്നത് “.സരളേച്ചിയെ പിന്താങ്ങി ഭാമിനിയും എണീറ്റു. പിന്നീട് ആരും ഒന്നും മിണ്ടിയില്ല. ആരുടേക്കെയോ വക്താക്കളായിരുന്നോ ഇരുവരും.
കഷ്ടം… പ്രളയവും ഉരുൾപൊട്ടലുമൊന്നും ഭീഷണിയാകാത്തിടത്താണ് തങ്ങളുടെ താവളമെന്ന ധാരണയാണ് അവരുടെ വാക്കുകൾക്ക് കരുത്താവുന്നത്. തഴച്ചു വളരുന്ന കോൺക്രീറ്റ് കാടിനടിയിൽ ഒരു ഭൂകമ്പം ഒളിഞ്ഞിരിപ്പുണ്ടോ എന്ന് ആരറിയുന്നു.
മീറ്റിങ് കഴിഞ്ഞു. ഞാൻ സരളേച്ചിയുടെ ഒപ്പം നീങ്ങി. “അല്ല ഭാമേ… ഞാനത്രേം പറഞ്ഞോണ്ട് ചർച്ച അവിടെ നിന്നു ല്ലേ?”.
“ഇല്ലേൽ ഒരു പിരിവായിട്ടോ സമതീടെ ഫണ്ടീന്നോ കൊറേ കാശ് അവിടെ കൊണ്ട് കളഞ്ഞേനെ”. ഇനിയും സരളേച്ചിയുടെ അസ്വസ്ഥത മാറീട്ടില്ല. കൈയ്യിൽ തൂങ്ങി മീറ്റിങ്ങിൽ പങ്കെടുക്കാൻ വന്ന കൊച്ചുമകൻ അപ്പൂട്ടൻ അമ്മൂമ്മയുടെ മുഖത്ത് പല പ്രാവശ്യം നോക്കി. അവൻ്റെ മനസ്സ് എനിക്ക് വായിക്കാനായി.
“ഇന്നലെ രാമായണത്തിലെ കഥകൾ പറഞ്ഞു തന്നപ്പോൾ അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പഠിപ്പിച്ചത് അമ്മൂമ്മ തന്നെയല്ലേ?. പലതുള്ളി പെരുവെള്ളമാകുന്നതിലെ പൊരുളും അമ്മൂമ്മ പഠിപ്പിച്ചില്ലേ?”. ഇതെല്ലാം അവനിൽ ആത്മഗതം മാത്രമായി ഒതുങ്ങുന്നതും ഞാനറിഞ്ഞു.
” അല്ല ഭാമേ നീയെന്താ ഒന്നും മിണ്ടാത്തേ”.
” ചേച്ചീ ഞാൻ ആലോചിക്കായിരുന്നു”.
“എന്ത് ?”.
“നമ്മുടെ വീടും പൂമലക്കുന്നിൻ്റെ താഴ്‌വാരത്തിലായിരുന്നെങ്കിൽ നമുക്കും കൊറേ കാശ് കിട്ടുമായിരുന്നു ല്ലേ?”.
“അയ്യോ”. ഞാൻ നെഞ്ചത്ത് കൈവച്ചു പോയി.
“എനിക്ക് മതിയായേ”ഉച്ചത്തിൽ അലറിപ്പോയി. കാലനെത്തി.
” അപ്പോൾ നമുക്ക് പോകാം ആചാര്യാ”. കാലപാശം എൻ്റെ കൈകളെ വരിഞ്ഞപ്പോൾ അതെൻ്റെ കണ്ഠത്തിലായിരുന്നെങ്കിലെന്ന് വൃഥാ മോഹിച്ചു പോയി.

ഉണ്ണി അഷ്ടമിച്ചിറ.

By ivayana