രചന : ഷറീഫ് കൊടവഞ്ചി✍
യൗവന പൗരുഷം
കത്തിനിന്നിരുന്ന
കൊഴിഞ്ഞുപോയ
ദശാബ്ദങ്ങളിൽ
ഏതൊന്നിനേയും
ലവലേശം ഭയക്കില്ലെന്നു
വീമ്പിളക്കി നടന്നിരുന്ന
ഗതകാലമെങ്ങോ
മറഞ്ഞുപോയി…..
നരകയറിയ
മനസ്സിനെയാകെ
സർവ്വ ചരാചരങ്ങളും
പേടിപ്പെടുത്തുന്നുവല്ലോ..
ഞാനുള്ളറിഞ്ഞു
സ്നേഹിച്ച പ്രകൃതിയെ
മഹാമലകളെ
കാനനച്ചോലകളെ
മാവിൻകൊമ്പുകളെ
ഉഞ്ഞാലാട്ടി
മാമ്പഴം തന്നിരുന്ന
കൊച്ചു കാറ്റിനെ
മനസ്സറിഞ്ഞു പ്രണയിച്ച
നിറഞ്ഞൊഴുകും
പുഴകളെപ്പോലും
ഭയമാണെനിക്കിന്നു
വല്ലാത്തൊരുഭയം തന്നെ
തിരിച്ചറിവില്ലാത്ത
മാനവകുലത്തിൻ
ചെയ്തികളോടു
പ്രകൃതിയാം ജനനിക്കു
പ്രതികാരമെന്തിങ്ങനെ….
ബാല്യകാലങ്ങളിൽ
പുതപ്പിച്ചുറക്കാൻ
താരാട്ടായി പെയ്തിരുന്ന
കോരിച്ചൊരിയുന്ന
മഴപോലുമിന്നു
വിഹ്വലതയുടെ
പേടിസ്വപ്നങ്ങളായല്ലോ…..
കാടുവെളുപ്പിച്ച
മാനവന്റെ
ദുർബുദ്ധിയറിയാൻ
നാട്ടിലിറങ്ങിയ
വന്യജീവികളൊക്കയും
വീട്ടുമുറ്റത്തെ
ഭീതിയുടെ നിഴലാട്ടമല്ലേ….
ദേശമാകെ
കൊടികുത്തിവാഴും
വർഗ്ഗീയതകളെല്ലാം
പേമാരിയേറ്റു
കുതിർന്നുപോയ
മലകൾപോലെ
ബഹുസ്വരതയുടെ
ഉർവര ഭൂമികയാകെ
നാശനരകത്തിലേയ്ക്കു
കുത്തിയൊലിപ്പിച്ചു
കൊണ്ടുപോകുമല്ലോ
അന്തരീക്ഷത്തിൻ
താപവ്യതിയാനം
ജീവകുലത്തെയാകെ
നിശ്ചലമാക്കുമത്രേ
സാർവദേശീയതയുടെ
കിടമത്സരങ്ങളാൽ
ആണവായുധങ്ങൾ
സർവ്വനാശമായി
പെയ്തിറങ്ങുന്ന
കാലത്തിനായി
കാതോർക്കണമല്ലോ
ഭയമാണെനിക്കിന്നു
സർവ്വതിനെയും ഭയമാണ്….
മഹാവ്യാധികളും
ദാരിദ്ര്യവും അപകടങ്ങളും
ആകുലതകളുടെ
പര്യായങ്ങളല്ലേ
ഭയരഹിതമായി
ഇനിയെനിക്കൊന്നേയുള്ളു
അന്ത്യ യാത്രയാലുള്ള
പേക്കിനാക്കളില്ലാത്ത
എന്റെ നിത്യനിദ്ര മാത്രം….
( )