ഞാനില്ലാതെ ആയാൽ നീയെന്ത്
ചെയ്യാം…
ഒരു പാടാലോചിച്ചു..
ഒരു വേള നീ നിശ്ശബ്ദതയുടെ
താഴ് വാരത്തേക്ക് യാത്ര പോകാം..
നിറങ്ങളില്ലാത്ത ഒരു രാത്രിയെ
പ്രണയിച്ച് ഉറക്കമില്ലാതെ
ഉറക്കമില്ലാത്ത ആ കനത്ത മഴയെ നോക്കി നെടുവീർപ്പിടാം
പണ്ടൊരു മഴയിൽ നാമിരുട്ടിൽ
പ്രണയത്തിന്റെ അനന്ത ഗുഹയിൽ
അടങ്ങാ ദാഹത്തിൽ
ഉരുകിയൊലിച്ചിറങ്ങിയലിഞ്ഞു ചേർന്നതും
നിന്റെ പ്രണയജല മദഗന്ധത്തിൽ
മതിമറന്നൊരു നനഞ്ഞ തോർത്ത്
പോൽ നിന്നിലൊട്ടിക്കിടന്നതും
ഒക്കെയുമോർത്ത് വേർത്ത്
നേർത്തൊരു
പ്രേമഗാനത്തിന്റെ കല്ലോലിനിയിൽ
മുങ്ങി നിവരുകയുമാകാം
എത്ര വർഷങ്ങൾ നിൻ കക്ഷത്തിൽ*
ഞാനഗ്നി നക്ഷത്രങ്ങൾ വർഷിച്ച്
മുഗ്ദമുമ്മകൾ ചാർത്തി
നഗ്നമേനിയെ പുഷ്പശയ്യയാക്കി
നിദ്രകൊള്ളാത്ത രാവുകൾ
ഹാ സ്വച്ഛതയില്ലാ മനസ്സിൽ
ഇന്നെത്ര നെടുവീർപ്പുകൾ..
ഇന്നെത്ര വിഷാദ വ്രണപ്പൊറ്റകൾ
ഞാനില്ലാതെ ആയാൽ നീയെന്ത്
ചെയ്യാം…
ആരും വരാത്തൊരു വാതിൽപ്പടിയിൽ
ഏകയായി
ദൂരെ മാമമലമേട്ടിൽ കാട്ടുതീക്കാറ്റിൽ
കേഴും കിളിയുടെ നൊമ്പരപ്പാട്ട്
കേട്ടു കേട്ടൊരു രാക്കരച്ചിലിൻ
അവതാളാഭംഗിയിൽ
മൂകം കരയാം..
പാഴ് മരുഭൂമി പോലെ നിരറ്റ മനസ്സിൽ
വർഷസന്ധ്യയെ ധ്യാനിച്ച് ധ്യാനിച്ച്
ഹർഷമെല്ലാം നിലച്ച
ജീവനറ്റ ഘടികാര സൂചിപോൽ
ദൂരം നിലച്ച് നിൽക്കാം…
ഞാനില്ലാതെ ആയാൽ നീയെന്ത്
ചെയ്യരുത്….
കണ്ണ് നിറയരുത്
നീറരുത്
കരയരുത്
കരള് പിടയരുത്
നെടുവീർപ്പരുത്
നീറും നേരിപ്പോട് പേറരുതാ നെഞ്ചിൽ
പണ്ടാ നെഞ്ചിൽ പതിഞ്ഞയുമ്മകൾ
മായിച്ചു കളഞ്ഞേക്കുക
നിന്നിൽ സ്വപ്നവീചികളുത്ഭവിച്ച
പോർമുലകണ്ണുകൾ…
വിങ്ങുമോർമ്മകൾ
ധാരകൾ..
നമ്മുടെ പോരുകൾ, നേരുകൾ
മറക്കണം നീ…. മറക്കുമോ?
നീയില്ലാതെ ആയാൽ…

നീയില്ലാതെ ആയാൽ…
നീളും നിഴലിനെ യാത്രയാക്കി
ഏകനായി
ആകാശത്തെ കീറിയെറിഞ്ഞ്
നിന്നെത്തേടി ഞാൻ വരും
നീയില്ലാതെ ആയാൽ
ഞാനൊരു ഗതിമുട്ടിയ നദി പോലെ
ഒഴുകാതെ തളംകെട്ടി
നക്ഷത്രങ്ങൾ ആത്മഹത്യ ചെയ്ത
ദുഷിച്ച ഒരു ജലാശയം പോൽ
ദുർഗന്ധം വമിപ്പിച്ചങ്ങനെയങ്ങനെ.

കക്ഷത്തിൽ ഉമ്മ വയ്ക്കുന്ന പ്രണയം

സുരേഷ് പൊൻകുന്നം

By ivayana