ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

പുലർച്ചെ നാലര മണിക്ക് കൂടെ ജോലി ചെയ്യുന്ന നവനീത ഫോണില് വിളിച്ചപ്പോഴാണ് ചൂരൽ മല ഉരുൾപൊട്ടലിനെ കുറിച്ച് ഞങ്ങളറിയുന്നത്. അപ്പോ ഉണ്ടായ നടുക്കം ഇതെഴുതുമ്പോഴും വിട്ട് മാറിയിട്ടില്ല.. ഞങ്ങളുടെ വീട്ടിൽ നിന്നും പതിനേഴ് കിലോമീറ്റർ ദൂരമാണ് അപകടം നടന്ന സ്ഥലത്തേക്ക് ഉള്ളത്.
പണ്ട് എന്റെ ഉപ്പാന്റെ പെങ്ങളുടെ വീട് ചൂരൽമലയിലായിരുന്നു. ചെറുപ്പത്തിൽ വെക്കേഷൻ സമയത്തൊക്കെ ഒരുപാട് തവണ അവിടെ താമസിച്ചിട്ടുണ്ട്.
അതിന്റെ പരിസര പ്രദേശങ്ങളിലൊക്കെ മെഡിക്കൽ ക്യാമ്പിനായി പലതവണ പോയിട്ടുണ്ട്.
വയനാട്ടിലെ ഏറ്റവും സുന്ദരമായ പ്രദേശമാണ് ഒറ്റ നിമിഷം കൊണ്ട് കുത്തിയൊലിച്ച് ഇല്ലാണ്ടായത്..
കൂടെ ജോലി ചെയ്യുന്നവരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെ കുടുംബവും ഇനിയും കിട്ടാത്ത ശരീരങ്ങളായി അവശേഷിക്കുന്നുണ്ട്. വീട്ടിലിരുന്നാലും ഡ്യൂട്ടിക്ക് പോയാലും ഏറ്റവും കൂടുതൽ കേൾക്കുന്നത് ആംബുലൻസിന്റെ ശബ്ദമാണ്.. പ്രകൃതി ഭംഗി കൊണ്ടും കാലാവസ്ഥാ കൊണ്ടും ദൈവം അനുഗ്രഹിച്ച വയനാട് ഇന്ന് ഭയാനകമായ ഒരു തുരുത്തായി മാറിയ പോലെ..
മഴ പെയ്യും പോലെ കണ്ണ് പെയ്ത ദിവസങ്ങൾ..
നെഞ്ച് പൊട്ടിയ മനുഷ്യർ..
നിരാലംബരായ പൈതങ്ങൾ..
പരിക്കേറ്റ് ഞങ്ങളുടെ ഹോസ്പിറ്റലിൽ അഡ്മിറ്റായവരോട് സംസാരിക്കുമ്പോ അവര് കണ്ണിമ പോലും വെട്ടുന്നില്ല.. മനസ് മരവിച്ചതിന്റെ അടയാളം പോലെ..
പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറയുന്നവർ..
ഒപ്പം ഉറങ്ങിയവർ ഇനി ഇല്ലാ എന്നറിയുമ്പോ ഉയരുന്ന നെടുവീർപ്പുകൾ..
പിറ്റേ ദിവസം മുതൽ ശരീരത്തിന്റെ പ്രത്യേകം പാക്ക് ചെയ്ത ഓരോ ഭാഗങ്ങൾ ഞങ്ങളുടെ ഹോസ്പിറ്റലിലേക്കാണ് കൊണ്ട് വന്നത്..
വരിവരിയായി ആംബുലൻസ്..
ഊണും ഉറക്കവുമില്ലാതെ എല്ലാം കൃത്യമായി നിയന്ത്രിക്കുന്ന ഞങ്ങളുടെ സൂപ്രണ്ട്…
വൈത്തിരി താലൂക്ക് ആശുപത്രി ഇത് വരെ കണ്ടിട്ടില്ലാത്ത അത്രയേറെ ബോഡി പാർട്സ് പുതിയ ബിൽഡിംഗിലെ ശീതീകരിച്ച മുറിയിലേക്ക് മാറ്റാൻ ഒപ്പത്തിനൊപ്പം ഓടി നടന്ന് ചെയ്യുന്ന ഡോക്ടർ മുതൽ സപ്പോർട്ടിംഗ് സ്റ്റാഫ് വരെ..
വിവിധ പാർട്ടികളിലെ രാഷ്ട്രീയ പ്രവർത്തകർ..
പൊതു ജനങ്ങൾ..
നമ്മളെന്തൊരു നമ്മളാണെന്ന് പറയുന്ന ഒരു പറ്റം മനുഷ്യർ..
മൊബൈൽ ഫ്രീസറിൽ ആണും പെണ്ണും ഇല്ല..
മതവും ജാതിയും ഇല്ല..
കക്ഷി രാഷ്ട്രീയമില്ല..
പണവും പ്രതാപവും ഇല്ല..
എല്ലാവരും ഒരു മുറിയിലാണ്…
തണുത്ത് മരവിച്ച് ഉറ്റവരാൽ തിരിച്ചറിയപ്പെടാൻ പോലും സാധിക്കാതെ..
ഇന്നലെ വലിയൊരു നിലവിളി കേട്ടാണ് കാഷ്വാലിറ്റിയിലേക്ക് പോയി നോക്കിയത്..
പ്രിയപ്പെട്ട ആരൊക്കെയോ ഉരുൾ പൊട്ടലിൽ മരിച്ചതിൽ മനം പൊട്ടി ആത്മഹത്യ ചെയ്ത ഇരുപത്തിനാലുകാരന്റെ ഇരട്ടസഹോദരനും അച്ഛനും അലമുറയിട്ട് നിലവിളിക്കുന്നു…
അവൻ ഈ ഭൂമിയിൽ ഏറ്റോം സ്നേഹിച്ച ഒരാൾ അവനെ വിട്ടുപോയിരിക്കുന്നു..
രാത്രി ഏറെ സ്നേഹത്തോടെ സംസാരിച്ച് രണ്ടിടങ്ങളിൽ ഉറങ്ങിയവർ,
നേരം വെളുക്കുമ്പോ പ്രകൃതി അവരെ രണ്ടായി പിളർത്തിയിരിക്കുന്നു..
ദുരന്തത്തെ അതിജീവിച്ച മനുഷ്യരെയാണ് ഇനി നമ്മൾ കൂട്ടിപ്പിടിക്കേണ്ടത്‌..
വീടും സ്വത്തും പണവും എല്ലാം ഇനിയും വരും,
പക്ഷേ സ്നേഹം കൊണ്ട് മുറിവേറ്റവർ,
ഒറ്റയായിപ്പോയവർ,
അവർക്ക് കൂട്ടായ്‌ നമ്മൾ ഉണ്ടാവണം..
പല നിറങ്ങൾ അണിഞ്ഞ വളന്റിയർമാർ,
ഒന്നും നോക്കാതെ ഓടി വന്നവർ,
മലയാളി എന്ന് പറഞ്ഞ് വീമ്പ് പറഞ്ഞത് വെറുതെയല്ല എന്ന് തെളിയിച്ചവർ,
ഉള്ളിലുണ്ടാകും ഏത് കാലവും..
നമ്മളൊ‌ക്കെ മനുഷ്യരാണ്,
വെറും മനുഷ്യർ..
പ്രകൃതിയുടെ ഉള്ളൊന്ന് പൊട്ടിയാൽ ഇല്ലാതായിപ്പോകാൻ മാത്രം ചെറിയ ജീവികൾ..
അത്രേയുള്ളൂ നാം..
❤️

ഷബ്‌ന ഷംസു

By ivayana