കർക്കടകമാസത്തിലെ കാർമുകിൽ കാട് ആകാശം നിറഞ്ഞു നിന്നു. അതിൽനിന്നും തുള്ളികൾ തുമ്പിക്കൈ പോലെ താഴേക്ക് ഒഴുകിക്കൊണ്ടിരുന്നു. കാട്ടാറിന്റെ ഇരമ്പലിനൊപ്പം ദൂരെ മലമുകളിൽ നിന്നും അരുവികളായി ആ മഴ വെള്ളം താഴേക്ക് അതിശക്തമായി പതിച്ചു. ആദ്യമാദ്യം കാറ്റ് അത്ര ശക്തമായിരുന്നില്ലെങ്കിലും പിന്നെ കൂടുതൽ കൂടുതൽ ശക്തിയാർജ്ജിക്കൻ തുടങ്ങി. പെട്ടെന്ന് അരുവി നദിപോലെയും കാറ്റ് കൊടുങ്കാറ്റ് പോലെയുമായി. മലകൾ ഒന്നാകെ താഴേക്ക് ഇടിഞ്ഞു.
ഇരുട്ടിലെ പ്രകൃതിയുടെ പ്രഹരം. ഉരുൾപൊട്ടിയൊരു സംഹാരം. പ്രകൃതിയെ മറക്കുന്ന മനുഷ്യന് ഒരു മുന്നറിയിപ്പ്. ഇനിയും ഏതോ വലുതൊക്കെ വരാനുണ്ടെന്നുള്ളതിനൊരു സൂചന.


ആ പ്രദേശമാകെ ഒരു യുദ്ധഭൂമിക്ക് സമാനമായിരുന്നു. ഒരു വ്യത്യാസം മാത്രം. യുദ്ധഭൂമിയിൽ യോദ്ധാക്കളുടെ മൃതശരീരങ്ങൾ ഭൂമിക്കു മുകളിൽ ഉണ്ടാകും. എന്നാൽ ഇവിടെ എല്ലാം ഭൂമിക്ക് അടിയിൽ ആണെന്ന് മാത്രം.
എത്ര ശക്തമായി അവർ പോരാടിയിട്ടുണ്ടാകണം. മണ്ണിനടിയിലായവർ… ആ ദുരന്തത്തെ അതിജീവിച്ചവരും. പ്രകൃതിയുമായി തട്ടിച്ചുനോക്കുമ്പോൾ മനുഷ്യശക്തി എത്രയോ ബലഹീനമാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ചുറ്റും എന്തെല്ലാം വസ്തുക്കളാണ് കിടക്കുന്നത്. കൂറ്റൻപാറകൾ- തകർക്കപ്പെടാത്തതും തകർന്നു തരിപ്പണമായതും.വൃക്ഷങ്ങൾ- വേരോടെ പിഴുതെറിയപ്പെട്ടും തടിയും ശിഖരങ്ങളും ചിന്നഭിന്നമാക്കപ്പെട്ടും. കെട്ടിടവശിഷ്ടങ്ങൾ ചിതറിക്കിടന്നിരുന്നു. മൃതശരീരം- മനുഷ്യന്റെയും മൃഗങ്ങളുടെയും പക്ഷികളുടെയും വെള്ളത്തിലും മണ്ണിനടിയിലുമായി പല രൂപത്തിൽ കിടന്നിരുന്നു. മനുഷ്യൻ വീടുകളിൽ ഉപയോഗിച്ചിരിക്കുന്ന എല്ലാവിധ സാധനങ്ങളും അനാഥമായി ഒരു ജീവിതകാലത്തെ മുഴുവൻ ഓർമിപ്പിച്ചുകൊണ്ട് അങ്ങനെ കിടന്നിരുന്നു
ഒരു ഉരുൾപൊട്ടലിന് ഇത്രയേറെ ശക്തിയോ! സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. ഊക്കോടെ ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ തിരിച്ചറിയാനാവാത്ത വിധം ശവശരീരങ്ങൾ ഒഴുകി നടന്നിരുന്നു.


എങ്ങും ചെളിക്കൂനകൾ മാത്രം. മണ്ണിനടിയിൽ പൂണ്ടുകിടന്നിരുന്ന ശവശരീരങ്ങൾക്കിടയിലൂടെ അവൻ ഒരു ഭ്രാന്തനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. നടന്നു നടന്നു അവന്റെ നാല് കാലിലും വാലിലും ചെളി കട്ട പിടിച്ചിരുന്നിരുന്നു. മഴവെള്ളം ദേഹത്തു നിന്നും ഒലിച്ച് ഇറങ്ങിക്കൊണ്ടിരുന്നു. ഉരുൾപൊട്ടി വന്ന ലാവപോലെയുള്ള ആ ചളിയിൽ അവൻ താഴ്ന്നു പോകാതിരുന്നത് ഭാഗ്യം.!!


ഇന്നിപ്പോൾ രണ്ടാം ദിവസമായിരുന്നു അവൻ അങ്ങനെ തിരച്ചിൽ നടത്തുന്നത്. ഊണും ഉറക്കവുമില്ലാതെ അവൻ അന്വേഷണത്തിലായിരുന്നു. അവന്റെ പ്രിയപ്പെട്ട യജമാനന്മാരെ അവനു നഷ്ടപ്പെട്ടു. അവൻ ഒരു ശ്വാനായിപോയില്ലേ. അവന്റെ യജമാനന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കൈകൾകൊണ്ട് എത്രയോ പ്രാവശ്യമാണ് അവൻ ആഹാരം കഴിച്ചത്. ആ സ്നേഹം അവന് മായ്ച്ചുകളയാനാവുമോ?അഞ്ചു വർഷങ്ങൾക്കു മുമ്പ് അവൻ അവരോടൊപ്പം ചേർന്നതു മുതൽ ആ സ്നേഹം പങ്കിട്ടവനാണവൻ. അവനത് അങ്ങനെ എളുപ്പം മറക്കാനാവുമോ? ഉണ്ട ചോറിനോട് കൂറു കാണിക്കാത്ത മനുഷ്യരുണ്ടാകാം.പക്ഷേ…അവന് അതിനു കഴിയുന്നില്ല. അവൻ ഒരു ശ്വാനനായി പോയില്ലേ!!!.
ആ ദിവസങ്ങൾ പെട്ടെന്ന് അവൻ ഓർത്തെടുത്തു. അവനെ അവന്റെ അമ്മ പ്രസവിച്ചിട്ട് മൂന്നുമാസമേ ആയിരുന്നുള്ളു. ഒപ്പം മൂന്ന് സഹോദരങ്ങൾ കൂടി ഉണ്ടായിരുന്നു. ഒരു ദിവസം അവന്റെ അമ്മ ആഹാരം അന്വേഷിച്ച് പോയ വഴിയിൽ പെട്ടെന്ന് ഒരു റോഡ് കുറുകെ കടക്കവേ ഒരു വണ്ടി ഇടിച്ചു മരിച്ചു. മക്കൾ നാലുപേരും തൊട്ടു പുറകെ ഉണ്ടായിരുന്നു. അവരുടെ കൺമുന്നിൽ വച്ചാണ് അത് സംഭവിച്ചത്. ആ വണ്ടിക്കാരൻ അമ്മയുടെ ശവം റോഡ് അരികിലേക്ക് വലിച്ചിട്ടത് എത്ര ലാഘവത്തോടെ ആയിരുന്നു.


മരിച്ചത് അറിയാതെ അവർ നാലുപേരും ആ അമ്മയുടെ മുലക്കണ്ണുകളിൽ തൂങ്ങിക്കിടന്നു. അത് കണ്ട വണ്ടിക്കാരന് മനസ്സലിഞ്ഞു. അയാൾ ആ നാല് പട്ടിക്കുട്ടികളെയും വണ്ടിയിൽ എടുത്തിട്ട് വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ അയാൾ ഭാര്യയോട് പറഞ്ഞു:
“ എടീ കാറിന്റെ ഡിക്കി പെട്ടെന്ന് ചെന്ന് തുറക്കരുത്.”
“അതെന്താ ചേട്ടാ?”
“അതിൽ നാല് പട്ടിക്കുട്ടികൾ ഉണ്ട്.”
“നാലെണ്ണമോ?”
“ അതു കുഴപ്പമില്ല.ഞാൻ എന്റെ കൂട്ടുകാരെ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവർ വരും അതിൽ മൂന്നെണ്ണത്തിനെ അവർ കൊണ്ടുപോയ്ക്കോളും”
“ ഏതാ നമ്മുക്ക്”
“അതിൽ തൂവെള്ള നിറമുള്ള ഒരെണ്ണം ഉണ്ട്. അവനെ നമുക്ക് എടുക്കണം. അവൻ ഒരു സുന്ദരനാണ്”.
അങ്ങനെ അവൻ ആ വീടിന്റെ ഭാഗമായി
സഹോദരങ്ങൾ മൂന്നുപേരെ അയാളുടെ സുഹൃത്തുക്കൾക്ക് നൽകി. അതിൽ ഏറ്റവും ഓമനയായതിനെ അയാൾ തന്നെ കൈവശം വെച്ചു. സഹോദരങ്ങൾക്ക് പിന്നെ എന്ത് സംഭവിച്ചു എന്ന് ഒരു അറിവും ഉണ്ടായിരുന്നില്ല. എന്നാൽ ഓമനയായ അവനുവേണ്ടി അയാൾ ഒരു ചെറിയ കൂടുണ്ടാക്കി. മഴയും വെയിലും കൊള്ളാതെ അവനെ അതിൽ പാർപ്പിച്ചു. സമയാസമയങ്ങളിൽ ആഹാരവും വെള്ളവും നൽകി. അവൻ ഒരു പേരും നൽകി. എസ്തഫാൻ. ആദ്യത്തെ രക്തസാക്ഷി. അതിലുപരി ഏറ്റവും പ്രിയപ്പെട്ട മാംസാഹാരം എന്നും വൈകിട്ട് നൽകാൻ അയാൾ ഒരിക്കലും മറന്നിരുന്നില്ല.
ഇതെല്ലാം അവന് എങ്ങനെ മറക്കാൻ കഴിയും. ഒരു ദിവസം അല്ലല്ലോ……അവനെ പ്രാണനു തുല്യം കൊണ്ട് നടന്നത്. ഏഴു വർഷം.


അപ്പോഴും അവന്റെ ആശ നശിച്ചിട്ടുണ്ടായിരുന്നില്ല. കലങ്ങിമറിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കുന്ന നദിയിലേക്ക് അവൻ ഇടയ്ക്കിടയ്ക്ക് കണ്ണെറിഞ്ഞു. അതിൽ കാണാൻ ഒരു സാധ്യതയില്ലെങ്കിലും ആരെങ്കിലും ഒരാൾ അതിൽ കണ്ടെങ്കിലോ എന്ന് അവൻ ആശിച്ചു. അവന്റെ യജമാനന്മാർ അഞ്ചുപേരും ഒരുപോലെ അപ്രത്യക്ഷമായിരിക്കുന്നു. എന്തൊരു ക്രൂരത. അവന്റെ വേദന ആരോട് പങ്കുവെക്കാനാണ്.
“ചിലപ്പോൾ ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പിൽ ഉണ്ടാകുമോ… ഇല്ല ഉണ്ടാകില്ല…! ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അവർ എന്നെ അന്വേഷിച്ചു വരുമായിരുന്നു. അത്രയ്ക്ക് സ്നേഹമായിരുന്നു അവർക്ക് എന്നോട് ”?
അവന്റെ മനസ്സ മന്ത്രിച്ചു
അന്ന് രാത്രിയിൽ നടന്ന സംഭവങ്ങൾ അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു.
അവൻ വീട്ടുകാർക്ക് ഒരു മുന്നറിയിപ്പ് കൊടുത്തതായിരുന്നു. അപ്പോൾ ഏതാണ്ട് സമയംപന്ത്രണ്ടര ആയി കാണണം. വീടിന്റെ മുന്നിൽ തൂക്കിയിട്ടിരുന്ന ഒരു കൂട്ടിൽ കിടന്ന യജമാനന്റെ വളർത്ത തത്ത കരഞ്ഞും ചിറകിട്ടടിച്ചും ബഹളം ഉണ്ടാക്കി. തത്ത കുട്ടിയുടെ ചിറകിലെ തൂവലുകൾ ഓരോന്നായി താഴേക്ക് പതിച്ചു. അവൾക്ക് പ്രകൃതിയുടെ മാറ്റം എത്ര വ്യക്തമായി മനസ്സിലായി. സത്യത്തിൽ ആ ബഹളം കേട്ടാണ് അവനും ഉണർന്നത്. കുറെ നേരമായി അവന്റെ വയറ്റിലും എന്തോ വല്ലാത്തതു നടക്കാൻ പോകുന്നതിന്റെ ഒരു അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ തത്തയുടെ ബഹളം കൂടിയായപ്പോൾ സംഭവം വളരെ ഗൗരവമുള്ളതാണെന്ന് അവൻ മനസ്സിലാക്കി


പെട്ടെന്ന് അങ്ങ് ദൂരെ ബോംബ് പൊട്ടുന്നത് പോലെയുള്ള ശബ്ദം കേട്ടപ്പോൾ അവൻ കൂട്ടിൽ കിടന്നു കുരയ്ക്കാൻ തുടങ്ങി. പിന്നെ കേട്ടത് ട്രെയിൻ ഇരച്ചു വരുന്നതുപോലെയുള്ള അതി കഠിനമായ ശബ്ദമാണ്. അത് ഉരുൾപൊട്ടിയതാണെന്നൊന്നും അവന് മനസ്സിലായില്ല. എങ്കിലും എന്തോ അപകടം അവൻ മണത്തെറിഞ്ഞു. വീണ്ടും വീണ്ടും കുരച്ചു. അപ്പോഴും വീട്ടുകാർ ഉറങ്ങുകയായിരുന്നു. പാറകളും മറ്റും മലമുകളിൽ നിന്നും ആദ്യം താഴേക്ക് വീഴുമ്പോഴും ആ വീടും അവന്റെ വീടും സുരക്ഷിതമായി അവിടെയുണ്ടായിരുന്നു. പിന്നീട് ഏതാണ്ട് രണ്ട് രണ്ടരയോടുകൂടി വീണ്ടും ഒരു ജലബോംബു കൂടി പൊട്ടി. മല തന്നെ താഴേക്ക് ഇടിഞ്ഞു വരികയാണെന്ന് അവന് തോന്നി. എത്ര ഉറക്കെ കുരച്ചിട്ടും വീട്ടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന ആരും തന്നെ അത് കേട്ടില്ല. നിമിഷങ്ങൾക്കകം വീടും വീട്ടിനുള്ളിൽ കിടന്നവരും അപ്രത്യക്ഷമായി. അവന്റെ കൊച്ചു പെട്ടിവീട് തകിടം മറിഞ്ഞു പൊട്ടിപ്പൊളിഞ്ഞു പോയി. അവനെ ആരോ എടുത്തെറിയുന്നതുപോലെ അടുത്തുള്ള ഒരു പാറയിലേക്ക് ചെന്നു വീണു. അതുകൊണ്ട് അവന്റെ ജീവൻ രക്ഷപ്പെട്ടു.


“ഈ ജീവിതം എനിക്ക് കിട്ടാതിരിക്കുകയായിരുന്നു ഭേദം.. എന്നെ സ്നേഹിച്ച എന്റെ യജമാനന്മാർ ഇല്ലാതെ എന്തു ജീവിതം. ഞാൻ വെറും കൊടിച്ചി പട്ടിയായി മാറി. വെറും ഒരു അനാഥൻ. ഇപ്പോൾത്തന്നെ രണ്ടുദിവസമായി പട്ടിണിയാണ്. ഒരു മനുഷ്യനും തിരിഞ്ഞു നോക്കുന്നില്ല. അതെങ്ങനെ മനുഷ്യർ തന്നെ ദുഃഖക്കയത്തിൽ വീണു കിടക്കുകയല്ലേ! അവരുടെ ബന്ധുക്കളെയും സഹോദരങ്ങളെയും അന്വേഷിച്ചു നടക്കുകയാണവർ. മരിച്ചവരുടെ മൃതശരീരങ്ങൾ അന്വേഷിച്ചു കിട്ടാതെ ചിലർ ആശ നശിച്ചു കഴിയുകയാണ്. അതിനിടയിൽ ആരാണ് ഒരു ചില്ലപ്പട്ടിയായ എന്നെ ഗൗനിക്കുക.


മറ്റു ചിലരുണ്ട്. ദുരന്തം വരുമ്പോൾ ഓടിക്കൂടും. ആ പേരിൽ കുറെ പണവും സാധനങ്ങളും പിരിക്കും. പേരിന് ചിലർക്കൊക്കെ കൊടുക്കും. ബാക്കി സ്വന്തം പോക്കറ്റിലിടും. കുറേ സ്വന്തക്കാർക്കായി വീതംവെയ്ക്കും.പിന്നെ തിരിഞ്ഞു പോലും നോക്കില്ല. എന്നെപ്പോലെ ചില കൊടിച്ചി പട്ടികൾ മനുഷ്യർക്കിടയിലും ഉണ്ട്. ഇതൊക്കെ കണ്ട് അവർചിലപ്പോൾ കൂരയ്ക്കും. ആരുണ്ടതൊക്കെ കേൾക്കാൻ?. പട്ടികൾ!!!.കൊടിച്ചി പട്ടികൾ!!
ഞാനൊരു പട്ടിയായി പോയില്ലേ”.


അവൻ അവന്റെ മനസ്സിൽ പറഞ്ഞു. എന്നിട്ട് അവനും രണ്ടു കുര കുരച്ചു.
അവന്റെ മനസ്സിലിരിപ്പ് അറിഞ്ഞതു പോലെ കുറച്ചുപേർ അവന്റെ അടുക്കലേക്ക് വന്നു. ആ കൂട്ടത്തിൽ ഒരാൾ ഒരു പേപ്പർ പ്ലേറ്റിൽ കുറച്ച് ബിരിയാണി അവന്റെ മുൻപിലേക്ക് വെച്ചു. ഏതോ സുമനസ്സ് ദുരിതബാധിതർക്കു വേണ്ടി വാങ്ങിക്കൊടുത്തതിന്റെ ഒരു വീതം മനസ്സലിഞ്ഞ് അവന് വച്ചു കൊടുത്തു. അതിൽ ഒരു കോഴിക്കാലും കുറെ എല്ലുകളും അവൻ കണ്ടു. അവൻ അതൊന്നു മണപ്പിച്ചു നോക്കി. അന്ന് മൂന്നാം ദിവസമായിരുന്നു അവൻ പട്ടിണിയായിട്ട്. വിശന്നിട്ടു വയറു പൊരിഞ്ഞു.എങ്കിലും അവന് അത് തിന്നാൻ തോന്നിയില്ല. അവന്റെ മനസ്സ് പറഞ്ഞു :
“ എച്ചിൽ.!! എച്ചിൽ തിന്നുന്ന പട്ടിയാകണോ ഞാൻ. അതിലും ഭേദം മരിക്കുന്നതാണ്.!എന്റെ യജമാനൻ ഒരു മഹാനായിരുന്നു അദ്ദേഹം ഒരിക്കലും എനിക്ക് എച്ചിൽ തന്നിരുന്നില്ല. രാജകീയമായിരുന്നു എന്റെ ജീവിതം. എല്ലാം അവസാനിച്ചു…. ഒരു നിമിഷം കൊണ്ട്…. “
അവൻ വ്യസനിച്ചു. അപ്പോഴും ചൊരിഞ്ഞു കൊണ്ടിരുന്ന മഴയോ കാറ്റോ തണുപ്പോ അവൻ അറിഞ്ഞില്ല.


അപ്പോൾ ഒരാൾ കുറച്ച് ബിസ്ക്കറ്റ് ബിരിയാണിപാത്രത്തിലേക്ക് ഇട്ടു. അതും അവന് തിന്നാൻ തോന്നിയില്ല. അവന്റെ മനസ്സ്. യജമാനന്മാരെ തപ്പി നടന്ന് മരവിച്ചുപോയിരുന്നു.യജമാനന്മാരെ കാണാതെ വന്നപ്പോൾ അവന്റെ മനസ്സ് ചത്തു പോയിരുന്നു. അതിൽ ഒരാളെയെങ്കിലും കണ്ടിരുന്നെങ്കിൽ എന്ന് അവന്റെ മനസ്സ് ആഗ്രഹിച്ചു.
മലവെള്ളത്തിൽ ഒഴികി വന്ന ഒരു വലിയ പാറയായിരുന്നു അവന്റെ ആശ്രയം . അതിന്റെ മുകളിലേക്ക് ഒരു തെങ്ങോല വന്ന് കിടന്നിരുന്നു. ആ വലയിൽ കുടുങ്ങി കുറേ വസ്ത്രങ്ങൾ കിടന്നിരുന്നു. അതിന് അടുത്തു തന്നെ ഒരു സ്കൂൾ ബാഗും ഉണ്ടായിരുന്നു. അതിൽ കുറെ പാഠപുസ്തകങ്ങളും കളർ പെൻസിലുകളും ബാഗിന്റെ അകത്തും പുറത്തുമായി കിടന്നിരുന്നു. അത് അവൻ ഇടയ്ക്കിടയ്ക്ക് മണപ്പിക്കുന്നുണ്ടായിരുന്നു. അവന് മനസ്സിലായി അത് അവന്റെ രണ്ടു കുഞ്ഞു യജമാനന്മാർ ഉപയോഗിച്ചിരുന്നതാണെന്ന്. അവിടുത്തെ എത്രയോ പ്രാവശ്യം ഓടിക്കളിച്ചിരുന്നു. അവരിനി തിരിച്ചു വരില്ല എന്നോർത്തപ്പോൾ അവന്റെ മനസ്സ് വേദനിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അവൻ ആ പ്രദേശത്ത് ഒരു ഭാഗത്തു തന്നെ കേന്ദ്രീകരിച്ചാണ് അന്വേഷിച്ചുകൊണ്ടിരുന്നത്. അവിടെ എവിടെയോ അവന്റെ ആരൊക്കെയോ ഉണ്ടെന്ന് അവൻ മനസ്സിലാക്കിയിരുന്നു. കുറെ നേരം മണം പിടിച്ചു നടക്കും പിന്നെ അവിടെ ആ പാറയിൽ കിടക്കും. ദൂരേക്ക് നോക്കി കുറച്ച് നേരം കുരക്കും. പിന്നെ വീണ്ടും തപ്പി നടക്കും. വീണ്ടും വന്ന് കിടക്കും. വീണ്ടും കുറയ്ക്കും. അതായിരുന്നു അവന്റെ ദിനചര്യ.
ഒരു ജവാൻ എസ്തഫാനെ കണ്ടു. അയാൾ അയാളുടെ സുഹൃത്തിനോട് പറഞ്ഞു:

“ നോക്കൂ,ആ പട്ടി ആ ഓലക്കീറിൽ കിടക്കുന്ന തുണിയും ബാഗുമാണ് ഇടക്കിടക്ക് മണപ്പിക്കുന്നത്. അത് ഒരുപക്ഷേ അവന്റെ യജമാനന്മാരുടേതായിരിക്കും. അവന് അത് വിട്ടു പോകാൻ മനസ്സ് വരുന്നില്ല”.
“ശരിയാണ്. അവന്റെ ആശ നശിച്ചിട്ടില്ല. നമ്മുടെ പ്രതീക്ഷകൾ അസ്തമിച്ചു. പക്ഷേ അവന്റേത്….? മനുഷ്യർ എത്ര പെട്ടെന്നാണ് എല്ലാം മറക്കുന്നത് പക്ഷേ ഈ മൃഗം…. ഇവന് എത്ര ക്രൂരമായാണ് മനുഷ്യൻ ‘പട്ടി’ എന്ന് പേരിട്ടിരിക്കുന്നത്. അത് തന്നെയോ? പരസ്പരം വെറുക്കുമ്പോൾ അങ്ങോട്ട് ഇങ്ങോട്ടും ആ പേര് വിളിക്കുകയും ചെയ്യും.
അവന്റെ പ്രതീക്ഷ…..അതൊരിക്കലും അസ്തമിക്കുമെന്ന് തോന്നുന്നില്ല. അത് മനുഷ്യൻ അവനിൽ നിന്ന് കണ്ടു പഠിക്കണം.”
മറ്റേ ജവാൻ വികാരാധീനനായി പറഞ്ഞു.
“ നമ്മൾ പോകുമ്പോൾ ഇവനെ എന്ത് ചെയ്യും”?
ആദ്യത്തെയാൾ ചോദിച്ചു.
“ ഇവൻ മാത്രമല്ല….. വേറെയും കുറെ പട്ടികളുണ്ട്.അവിടെയും ഇവിടെയും ഒക്കെയായിട്ട്…. എല്ലാത്തിനേയും നമുക്ക് എവിടെയെങ്കിലും സുരക്ഷിതമായി ഏൽപ്പിക്കണം”.
അത് പറഞ്ഞിട്ട് ആ ജവാൻ എസ്തഫാനെ കൈകളിൽ എടുക്കാൻ ശ്രമിച്ചു. പക്ഷേ അവൻ കുതറി മാറി.
“ കണ്ടോ അവന്റെ കൂറ്! അവന് നമ്മളോടുള്ള എതിർപ്പല്ലത് . ഇവിടം വിട്ടുവരാനുള്ള വൈമുഖ്യമാണ് ആ കാണിച്ചത്”.
“ പാവം!!! അവൻ ഇവിടെക്കിടന്ന് യജമാനനെ ഓർത്തോർത്ത് മരിക്കും”.
“വിട്ടു പിരിയാനാവാത്ത സ്നേഹം. അതിന്റെ ഒരു പൊട്ടെങ്കിലും മനുഷ്യനുണ്ടായിരുന്നെങ്കിൽ…..!!”
ആ ജവാൻ പറഞ്ഞു.


അപ്പോഴും എസ്തേഫാൻ ആ ഓലക്കീറിൽ കിടന്നിരുന്ന തുണിയുടെ സമീപത്ത് കണ്ണുംനട്ട് കിടന്നിരുന്നു. അവന്റെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണീർ രണ്ടു കവളുകളിലും മലമുകളിൽ നിന്നും ഒഴുകുന്ന അരുവികളെ അനുസ്മരിപ്പിക്കുന്ന രണ്ട് നീർച്ചാലുകൾ തീർത്തിരുന്നു.
അപ്പോഴും മഴ കോരി ചൊരിഞ്ഞു കൊണ്ടേയിരുന്നു.

തോമസ് കാവാലം.

By ivayana