ജലസമാധികഴിഞ്ഞു
നദികളിൽ കുരുതിയ൪പ്പിച്ച സ൪വ്വമാലിന്യവും
നെറിവുകെട്ട പുരങ്ങൾക്കു
മന്ധമാമറിവിനാൽക്കെട്ട
കാലത്തിനും നൽകി
ജലമിറങ്ങിക്കുതിച്ചുപോയുപ്പിനെ
രുചിസഹസ്രങ്ങളാക്കും സമുദ്രത്തിൽ……
കഴുകി വൃത്തിയാക്കുന്നൂ
പരസ്പരം
ചളിയടിഞ്ഞോരുടലുകൾ
ജീവിതം തിരികെയേകാത്ത
മൺനി൪മിതികളെ
ദുരയിലാണ്ടൊരാസക്തികൾ
ഏറ്റവും തെളിമയോടു
മനുതാപമോടെയും…
കടലിലേക്കു
കുതിയ്ക്കുവാനാകാതെ
ചുവടടിഞ്ഞൊരു
കുമ്പിൾ വെള്ളത്തിലും
പ്രതിഫലിക്കുന്നു
നാമറിയുന്നീല..
ഇരുളണഞ്ഞാലെടുക്കുവാനിങ്ങനെ
പലരിൽ
നിന്നുമൊളിപ്പിച്ച പത്തികൾ
കലഹമാണെങ്ങു മെങ്ങനെ നാം പെട്ടു
അതിയസൂയാലുക്കൾ ദേവശാഠ്യങ്ങളോ
ശിരസ്സു മന്ദിച്ച മായാ
മനുഷ്യരോ
ചിരവിരുദ്ധരാം
ക൪മ്മദോഷങ്ങളോ..
ആരുപൊട്ടിച്ചു വിട്ടാതാണീയണ
ആറടിക്കീടഗ൪വ്വിനും മേലെയായ്
അറിയുവോരുണ്ട്
രാമയക്കത്തി൯െറ
പരമകോടിയിൽ
എന്താണ് തങ്ങളെ
പ്പുണരുമീത്തണു,
ശ്വാസനാളങ്ങളിൽ
വിധി വിലങ്ങി
യതെങ്ങനെയെന്നൊരു
നിമിഷബിന്ദുവിൽ
മുങ്ങി മരിച്ചവ൪.
അവരറിയുന്നുവെല്ലാം
പറയുന്നു.. ലിപികളേവ൪ക്കുമജ്ഞാതമെങ്കിലും
അവരെ ധ്യാനിച്ചിരിക്കമാത്രംമതി
ഗതിയുപേക്ഷിച്ചിറങ്ങിയ
വ൯നദി വരവിലുണ്ടതു വന്നു
നമുക്കായി
മരണചുംബനം തന്നു
തീരങ്ങളെ
തിരയിലേയ്ക്കെടുക്കുന്ന രാവരെ

ബിജു കാരമൂട്

By ivayana