പ്രളയം വിതച്ചൊരു മണ്ണിലിന്നായിരം
സ്വപ്നങ്ങള്‍ വീണടിയുന്നു
പ്രളയം വിതച്ചൊരു മണ്ണില്‍ ഗതിയറ്റ
മര്‍ത്ത്യന്‍ പിണമായൊഴുകി

അമ്മതന്‍ മരതകച്ചേലയഴിച്ചന്ന്
കേളികളാടി രസിച്ചോര്‍
വാര്‍മുലക്കച്ചകള്‍ ചീന്തിയെറിഞ്ഞന്നു-
മാറുകള്‍ വെട്ടിപ്പിളര്‍ന്നു

മുറിവേറ്റ കൊങ്കകള്‍ ചിന്തിയ ശോണിതം
ഒഴുകി കടലില്‍പതിച്ചു
ആ നിണത്തുള്ളിതന്‍ ബാഷ്പമുറഞ്ഞിന്ന്
പ്രളയമായ് മണ്ണില്‍ പതിച്ചു

മാതൃസ്തന്യം ചുരത്തുംമുലകളി-
ലേല്‍പ്പിച്ച താഢനത്താലെ
അമ്മ, കുടിച്ചുവറ്റിച്ച കണ്ണീരുറ-
ഞ്ഞുള്ളിലൊരബ്ധി പിറന്നു

നാഭിത്തടമിന്നു വിണ്ടുകീറി ഒരാ-
യിരം നദിയായൊഴുകി
മാമരക്കൂട്ടവും പുല്ലും മനുഷ്യനും
ചിതറിത്തെറിച്ചങ്ങൊഴുകി

അലറിക്കരയുന്ന മര്‍ത്ത്യന്‍റ രോദനം
പാരിടമാകെ മുഴങ്ങി.
പിടയുന്ന മക്കളെയോര്‍ക്കുമ്പോളമ്മയും
നെഞ്ചകം വിങ്ങി കരഞ്ഞു

ബാബു ഡാനിയേൽ

By ivayana