ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

കുറുവപ്പരലുകൾ കുറുകെനീന്തീടുന്ന
ചുറുചുറുക്കോടോടും കബനിയിൻവിരിമാറിൽ,
ചെറുമുളങ്കാടായി നിൽക്കുംതുരുത്തുകൾ,
“കുറുവ”യിൻപേരിൽ വിഖ്യാതംവയനാടിൽ!

മുളങ്കാടുകൾ അളവറ്റനുഗ്രഹിച്ച-
മുളകൾബന്ധിച്ചുള്ള ചങ്ങാടയാനങ്ങൾ,
അളവറ്റസംതൃപ്തരായ് തുരുത്തണയുന്നു
മുളംചങ്ങാടങ്ങളിൽ യാത്രയാകുംജനം!

മുളങ്കൂട്ടമാകവേ ഇളകുന്നുകാറ്റിലായ്
പുളകത്തിലാറാടി പുളയുംകബനിയും.
മുളങ്കാടുചില്ലയിൽ മാരുതനൂതവേ
തുളയ്ക്കാമുളകളും പുല്ലാങ്കുഴൽമീട്ടി!

കുളിരുന്നകാറ്റാണു മുളങ്കാട്ടിൻകുറുവയിൽ
കുളിരുകോരീടും കുളിച്ചീടിൽകബനിയിൽ.
കുളിരുംതുരുത്തുകൾ പരതിനടക്കുന്ന
കിളിയുംശലഭവും സുലഭമായ്കുറുവയിൽ!

കുറുവയിൽമനുജന്റെ പാദസ്പർശംതുച്ഛം
മറുവാദമില്ല രമണീയതയോമെച്ചം.
കുറുകെയുംനെടുകയും പോകകുറുവയിൽ
ഉറവുകാണാമങ്ങ് പ്രകൃതിയിൻചാരുത!

കുറുവതൻനെറുകയിൽ കൊട്ടുന്നുവേഴാമ്പൽ
കുറുവയിൻതത്തയും ശാലീനമാംനിജം.
കുറവില്ലാ കാത്തുസൂക്ഷിക്കാൻ കുറുവയെ
“കുടി”വിനാഭദ്രമായ് “കുറുമരും”കാക്കുന്നു!

പരിസ്ഥിതിയിലുണ്ടു പരിപൂർണ്ണസൗന്ദര്യം
പാരിന്റെദൃഷ്ടിയിൽ മാരിവിൽപോലിത്.
വാരിയെടുത്തങ്ങു മാറോടണയ്ക്കുവാൻ
പോരിൻസഞ്ചാരികൾ വയനാടു”കുറുവ”യിൽ!

ജോൺ കൈമൂടൻ.

By ivayana