നാമൊരു തടങ്കലിലാണ്;
ഞാനും നീയും ഇന്ന് !
നീണ്ടു നീണ്ട ഓർമ്മകളുടെ
നീറുന്ന ഓർമ്മകളുടെ …..!
ബാല്യത്തിലെ നേർത്തു നീണ്ട
വയൽ വരമ്പിൽ…..
പിന്നെ, തോടിനു കുറുകെയിട്ട
ഉരുളൻ തെങ്ങ് പാലത്തിൽ,
ജീവിതത്തിലെന്നപോലെ ….
ഒറ്റയടിപ്പാതയിൽ……
അന്ന് തനിച്ചായതുപോലെ !
ആരാദ്യം, ആരാദ്യമെന്ന്
ഉള്ളിൽ, ഉള്ളിൻ്റെയുള്ളിൽ
തർക്കം മൂക്കവേ..
ഒന്നും ഓർക്കാനാകാതെയിന്ന്,
ആരാദ്യം അന്ന് അക്കരെ എത്തിയെന്ന് … !
നാമൊരു തടങ്കലിലാണ്;
ഞാനും നീയും ഇന്ന്…
നീണ്ടു നീണ്ട ഓർമ്മകളുടെ
നീറുന്ന ഓർമ്മകളുടെ …..!
പിന്നെ,…..
അന്ന്, അവസാനമായി
തെക്കോട്ടും വടക്കോട്ടും
നീണ്ടു, നീണ്ടുപോകുന്ന
ഒറ്റവരി തീവണ്ടിപ്പാതയുടെ
നീണ്ട പ്ലാറ്റ്ഫോമിൽ,
ഗുൽമോഹർ മരത്തിൻ കീഴെ,
കോൺക്രീറ്റ് ചാരു ബെഞ്ചിൽ
നാമിരുവരും
തീർത്തും അപരിചതരായ് മാറിയതും,
ഏതോയൊരു നീണ്ട
സായാഹ്നത്തിലായിരുന്നു !
ഒടുവിൽ,
തെക്കോട്ടുള്ള വണ്ടിയാണോ,
അതോ, വടക്കോട്ടുള്ള വണ്ടിയാണോ,
ആദ്യം വന്നത്….. !
ഞാനാണോ, നീയാണോ
ആദ്യം വണ്ടി കയറി പോയത് ?
തെക്കോട്ടോ, വടക്കോട്ടോ
പാഞ്ഞു പോയ വണ്ടിയുടെ
പുറകെ കണ്ണു പാഞ്ഞത് ,
അറിയാതെ, ഈറനണിഞ്ഞത്…
എൻ്റെയോ, നിൻ്റെയോ …… ?
നാമൊരു തടങ്കലിലാണ്;
ഞാനും നീയും ഇന്ന് !
നീണ്ടു നീണ്ട ഓർമ്മകളുടെ
നീറുന്ന ഓർമ്മകളുടെ …..!

രഘുനാഥ് അന്തിക്കാട്

By ivayana