ന്യൂയോർക്ക് :  രൂപീകരിക്കപ്പെട്ട്  ചുരുങ്ങിയ കാലത്തിനുള്ളിൽ തനതായ പ്രവർത്തന ശൈലിയാൽ മലയാളീ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ന്യൂയോർക്ക് മലയാളീ അസോസ്സിയേഷൻ്റെ (NYMA)  പ്രസിഡൻ്റ് ജേക്കബ് കുര്യൻ എല്ലാ അമേരിക്കൻ ഇന്ത്യാക്കാർക്കും 74-ലാമത് സ്വാതന്ത്രൃദിനാശംസകൾ നേർന്നു. രണ്ടു വർഷം പൂർത്തീകരിച്ച നയ്മയുടെ സ്ഥാപക പ്രസിഡൻ്റു കൂടിയായ ജേക്കബ്  2020, 2021 വർഷങ്ങളിലും സംഘടനയെ നയിക്കുന്നതിനായി ഏക കണ്ഡമായി വീണ്ടും  പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. എല്ലാ ഔദ്യോഗിക ഭാരവാഹികളുടെയും കമ്മറ്റി അംഗങ്ങളുടെയും സംഘടനയിലെ മറ്റെല്ലാ അംഗങ്ങളുടെയും നിസ്സീമമായ സഹകരണത്തിൻ്റെയും കൂട്ടായ പ്രവർത്തനത്തിൻ്റെയും ഫലമായാണ് ഈ ചുരുങ്ങിയ കാലയളവിൽ നയ്മ ന്യൂയോർക്ക് മലയാളീ സമൂഹത്തിൽ പ്രശസ്തമായ സംഘടനയായത്  എന്ന് പ്രസിഡൻ്റ്  ജേക്ക്  പറഞ്ഞു. മുപ്പത് അംഗങ്ങളുമായി ആരംഭിച്ച നയ്മ രണ്ടു വർഷം പിന്നിട്ടപ്പോൾ നൂറ്റി അമ്പത് അംഗങ്ങളുള്ള സംഘടനയായി വളർന്നതിൻ്റെ രഹസ്യവും ജനപിന്തുണയാണ്  എന്ന് ജേക്ക്  പ്രസ്താവിച്ചു. 
അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളിലെ രണ്ടാം തലമുറക്കാരായ യുവാക്കൾക്ക് പ്രാധിനിത്യം നൽകുന്ന സംഘടനയാണ് നയ്മ. 2020 വർഷത്തിൽ  ഈസ്റ്റർ,   വിഷു, സ്വാതന്ത്യദിന ആഘോഷങ്ങളും, കുടുബസംഗമം, പിക്‌നിക്ക്  തുടങ്ങിയ വിവിധങ്ങളായ ആഘോഷ  പരിപാടികളും,  ജീവകാരുണ്യ  പദ്ധതികളും ആസൂത്രണം ചെയ്തിരുന്നെങ്കിലും കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ അവയൊന്നും സംഘടിപ്പിക്കാൻ സാധിക്കാത്തതിലുള്ള വിഷമം 2020-2021 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി സിബു ജേക്കബ്  പ്രകടിപ്പിച്ചു. ജൂലൈ അവസാന വാരം സംഘടനയുടെ ജനറൽ ബോഡി യോഗം നടത്തുവാൻ ക്രമീകരിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ മൂലം അതും നടത്തുവാൻ സാധിച്ചില്ല എന്ന് സിബു പറഞ്ഞു.  കൊറോണ വൈറസ് ബാധമൂലം അപ്രതീക്ഷിതമായി മരണമടഞ്ഞ പരേതനായ പുഷ്പരാജൻ്റെയും (നയ്മ മുൻ വൈസ് പ്രസിഡൻ്റ് രാജേഷ് പുഷ്പരാജൻ്റെ പിതാവ്) മറ്റ് മലയാളി സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും വേർപാടിൽ സംഘടനയുടെ പേരിലുള്ള ദു:ഖവും അനുശോചനവും സെക്രട്ടറി സിബു രേഖപ്പെടുത്തി. 
കഴിഞ്ഞ  ഏതാനും മാസങ്ങളായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കോവിഡ്  മഹാമാരിയെ ചെറുക്കാൻ അക്ഷീണം ആരോഗ്യ മേഖലയിൽ പരിശ്രമിക്കുന്ന ഡോക്ടർമാർ, നേഴ്സുമാർ, മെഡിക്കൽ ടെക്കനിക്കൽ സ്റ്റാഫുകൾ, ഫലപ്രദമായ രോഗ പ്രതിരോധ വാക്സീൻ കണ്ടു പിടിക്കാൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞർ, മറ്റ് സുരക്ഷാ മേഖലയിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയവും ഔദ്യോഗികവുമായ സ്ഥാനങ്ങളിലുള്ളവർക്കെല്ലാം അഭിനന്ദനങ്ങളും ആശംസകളും നയ്മ ബോർഡ് ചെയർമാൻ  ജോഷ്വ മാത്യു അറിയിച്ചു. ഏതാനും ദിവസം മുമ്പ് കേരളത്തിൽ കരിപ്പൂർ എയർപോർട്ടിൽ നടന്ന എയർ ഇന്ത്യ വിമാന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും മൂന്നാർ മേഖലയിൽ ഉരുൾപൊട്ടലും പ്രളയക്കെടുതിയും  മൂലം ജീവനും ഭവനങ്ങളും നഷ്ടപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ നയ്മ അംഗങ്ങളും പങ്കു ചേരുന്നു എന്ന് ജോയിൻ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജോർജ് കൊട്ടാരം അറിയിച്ചു.


2020, 2021 വർഷങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് നയ്മ  ഭാരവാഹികൾ :  വൈസ് പ്രസിഡൻ്റ് ലാജി തോമസ് , ട്രഷറർ ഷാജി മാത്യു, ജോയിൻ്റ് സെക്രട്ടറിമാർ ജോർജ് കൊട്ടാരം, ടിൻസൺ പീറ്റർ, ബോർഡ് മെംബേർഴ്സ്  രാജേഷ്  പുഷ്പരാജൻ, അനിയൻ മൂലയിൽ, ജിൻസ് ജോസഫ്, മാത്യു വർഗീസ്, കമ്മറ്റി അംഗങ്ങൾ ജെയ്സൺ ജോസഫ്, ബേബി ജോസ്, സാം തോമസ്, തോമസ് കോലടി, ബിബിൻ മാത്യു, വരുൺ ഈപ്പൻ, അമൽ ഞാളിയത്ത്, പി.ആർ.ഒ. മാത്യുക്കുട്ടി ഈശോ, ആഡിറ്റർമാർ സാജു തോമസ്, ജോയൽ സ്കറിയ. കൂടുതൽ വിവരങ്ങൾക്ക് സിബു ജേക്കബ് – 646-852-2302.

By ivayana