രചന : ബിനു. ആർ. ✍
രോഹിത് മുത്തശ്ശിയുടെ പിറകേ കൂടി. എന്നും ഉറങ്ങുന്നതിനു മുൻപേ രോഹിതിന് മുത്തശ്ശിയുടെ കഥകൾ കേൾക്കണം. കഥ കേട്ട് മുത്തശ്ശിയുടെ മടിയിൽ കിടന്നാണ് ആ ആറുവയസ്സുകാരന്റെ ഉറക്കം.
മുത്തശ്ശി മുറക്കാൻ ചെല്ലവുമായി നടുമുറ്റത്തേക്ക് നടന്നു, രോഹിത് പിറകെയും. അവന്റെ കൊഞ്ചിയുള്ള വർത്തമാനം തുടരുകയാണ്…
— മുത്തശ്ശി ഇന്ന് വേറെ കഥ പറയാമോ, ഈ രാജാവിന്റെയും സിംഹത്തിന്റെയും കഥയല്ലാതെ…. മറ്റൊരു കഥ.
മുത്തശ്ശി മുറുക്കാൻ ചെല്ലവുമായി നടുമുറ്റത്തെ വരാന്തയിൽ ഇരുന്നു, അടുത്തുതന്നെ രോഹിതും. തൂണിന്റെ അരികിൽ ഇരുന്നിരുന്ന, മുറുക്കാൻ ഇടിക്കുന്ന ചെറിയ ഉരൽ മുത്തശ്ശി തന്റെ അരികിലേക്ക് നീക്കി വച്ചു.
മുറുക്കാൻ ചെല്ലം തുറന്ന് അതിൽ നിന്ന് ഒരു വെറ്റിലയെടുത്ത് തലയും വാലും നുള്ളിക്കളഞ്ഞു. ചുണ്ണാമ്പ് അളുക്കെടുത്ത് വെറ്റിലയിൽ നൂറുതേച്ച് മടക്കി ഉരലിൽ വച്ചു. അടക്കയും ഒരു ചെറിയകഷ്‌ണം കാലിപുകയിലയും ഉരലിലേക്ക് വച്ചു. അതിടിക്കാൻ തുടങ്ങിയപ്പോൾ, രോഹിത് പറഞ്ഞു…
— മുത്തശ്ശി ഞാനിടിച്ചു തരാം.
രോഹിത് അതിടിച്ചു പരുവമാക്കി. മുത്തശ്ശി അത് വടിച്ചെടുത്തു വായിലേക്കിട്ടു. പല്ലില്ലാത്ത മോണയിലിട്ട് ചവച്ച് അതിന്റെ ആദ്യ നീരൊന്നിറക്കി കഥപറയാൻ തയ്യാറെടുത്തു. രോഹിത് അതു കണ്ടിരുന്നു.
മുത്തശ്ശി കഥപറയാനായി തൊണ്ട ചളുക്കി ചിളുക്കി ഒന്നുശുദ്ധിവരുത്തി. പിന്നെ പതിയേ തുടങ്ങി….
— മോനേ, ഇതുവരേക്കും ആരോടും പറയാത്ത ഒരു കഥ മുത്തശ്ശി പറയാം. നീ കേട്ടോളണം, ഉറക്കം വരുന്നേനുമുൻപേ എന്നോട് പറയണം. ഇന്നലത്തെപോലെ, എന്റെ മടിയിൽ കിടന്നുറങ്ങിപ്പോയാൽ… മുത്തശ്ശിക്ക് നിന്നെ എടുത്തോണ്ട് നടക്കാൻ വയ്യ മോനേ..
രോഹിത് മൂളി. മുത്തശ്ശി പറയാൻ തുടങ്ങി.
— പണ്ടുപണ്ട്, മുത്തശ്ശി ചെറുപ്പമായിരുന്നകാലത്ത്, നിന്റെ മുത്തശ്ശനെ ആദ്യമായി കണ്ടത് എങ്ങനെയെന്നു വച്ചാൽ…
മുത്തശ്ശിയുടെ കണ്ണുകളിൽ സ്വപ്‌നങ്ങൾ നിറഞ്ഞു, ചുണ്ടിന്റെ ഒരു കോണിൽ ഒരു കള്ളപുഞ്ചിരിയും. മുത്തശ്ശിയുടെ ചുക്കിച്ചുളിഞ്ഞ മുഖത്തെയും, കണ്ണുകളിലെയും കൗതകം കണ്ട് രോഹിതിനും കൗതുകമായി. കഥ കേൾക്കാനുള്ള വ്യഗ്രത കൂടി.
— ചിലദിവസങ്ങളിൽ, ഞാനും എന്റെ സമപ്രായക്കാരായ കൂട്ടുകാരും കാട്ടിൽ വിറക് ഒടിക്കാൻ പോകുമായിരുന്നു. ഞാനും പ്രിയംവദയും അനസൂയയും… പിന്നെ…
മുത്തശ്ശി ഓർമകളിൽ പരതുന്നത് രോഹിത് കാണുന്നുണ്ടായിരുന്നു.
— അത്രക്കങ്ങട്ട് ഓർമ്മ കിട്ടണില്ല. എങ്കിലും, അനസൂയയെയും പ്രിയംവദയെയും മറക്കില്ല. ഞങ്ങൾ, അന്ന് പലവർത്തമാനങ്ങളും പറഞ്ഞു ചിരിച്ചുല്ലസിച്ച് കാട്ടിലേക്ക് കയറി. കുറേ ഉള്ളിലേക്കുപോയാൽ നല്ല ഉണങ്ങിയ വിറക് കിട്ടും. അതിനായി ഞങ്ങൾ നടന്നുകൊണ്ടേയിരുന്നു. മുൻപിൽ നടന്നിരുന്നത് അനസൂയയായിരുന്നു.
പെട്ടെന്നവൾ എന്തോ ഒച്ചകേട്ട് പേടിച്ച് തിരിഞ്ഞോടാൻ തുടങ്ങുന്നതിന്മുൻപ് പറഞ്ഞു,
— ഓടിക്കോളൂ ആ മുളം തുറുവിന്റെ പിറകിൽ ഒരു കൊമ്പൻ.
പേടിച്ചിട്ട് ഞങ്ങളുടെ എല്ലാം ജീവൻ ഏതിലെയോക്കെയോ പോകാൻ വെമ്പി. കൂടെയുള്ളവരൊക്കെ പലവഴിക്കും ഓടി. ഞാൻ ഓടാൻ തിരിഞ്ഞപ്പോൾ, എന്റെ കാലിൽ മുളയുടെ ഒരു മുള്ള് തറഞ്ഞു കയറി. വേദനകൊണ്ട് പുളഞ്ഞതിനാൽ, എനിക്ക് ഓടാൻ കഴിഞ്ഞില്ല. പേടിയും വേദനയും കാരണം ഞാനവിടെ തന്നെ കുഴഞ്ഞങ്ങനെയിരുന്നുപോയി. അ ബഹളമെല്ലാം കേട്ട്, മുളങ്കൂട്ടത്തിനപ്പുറത്തു നിന്നിരുന്ന ആന പതിയേ വഴിത്താരയിലേക്കിറങ്ങി വന്നു. ഞാനപ്പോൾ തന്നെ മരിച്ചുപോകുമെന്നു തോന്നി.
അപ്പോഴാണ് അതികോമളനായ ഒരുചെറുപ്പക്കാരൻ എന്റെയും ആനയുടെയും ഇടയ്ക്കു വന്നു നിന്നത്. അയാളുടെ പിറകിൽ ഒരുപാട്ട വച്ചുകെട്ടിയിരുന്നു. അതിന് തപ്പ് എന്നാണ് ഞങ്ങൾ പറഞ്ഞിരുന്നത്. ഇരുതോളിലും ചൂട്ട് കെട്ടിക്കെട്ടി ഞാത്തിയിട്ടിരുന്നു.
കാട്ടിൽ വലിയ പൊക്കമുള്ള മരങ്ങളുടെ തുഞ്ചത്തുള്ള തേൻ എടുക്കുവാൻ പോകുന്ന പോക്കിലായിരുന്നു, ആ ചെറുപ്പക്കാരൻ.
അയാൾ ഒരു ഒത്ത മനുഷ്യനായിരുന്നു. ഒത്ത പൊക്കവും വണ്ണവും. ആര് കണ്ടാലും ഒന്ന് നോക്കിപ്പോകും.
ആനയുടെ മുമ്പിൽ അയാൾ ആർപ്പുവിളിയിട്ടു. നടന്നുവന്നുകൊണ്ടിരുന്ന ആ ആന, അവിടെത്തന്നെ നിലകൊണ്ടു. അപ്പോൾ ആ ചെറുപ്പക്കാരൻ തോളത്തുനിന്നും ഒരു ചൂട്ടെടുത്തു. അരയിലെ മുണ്ടിൽ തിരുകിയിരുന്ന തീപ്പെട്ടിയെടുത്ത് ഉരച്ചു തീപിടിപ്പിച്ച് ആനയുടെ നേർക്കെറിഞ്ഞു. ആനക്ക് തീ വളരേ ഭയമാണ്. തീ കണ്ടതും ആന പേടിച്ചു തിരിഞ്ഞ് വാലും ചുരുട്ടി വേഗത്തിൽ നടന്നുപോയി.
അപ്പോൾ രോഹിതിന്റെ മുഖത്ത് പകുതി വായും പൊളിച്ച് കൗതുകത്തിന്റെ പെരുമഴ പെയ്തുതോരുന്നത് മുത്തശ്ശി നോക്കിയിരുപ്പുണ്ടായിരുന്നു. രോഹിതിന്റെ ആ ചോദ്യം കേട്ടപ്പോൾ മുത്തശ്ശിക്കതുവ്യക്തവുമായി.
— മുത്തശ്ശി, അതു മുത്തശ്ശനായിരുന്നോ.. !.
മുത്തശ്ശിയിൽ വിരിഞ്ഞ ചെറുനാണം രോഹിത് കണ്ടില്ല, പക്ഷേ മുറിയിൽ അവിടവിടെ പതുങ്ങിയിരുന്ന ഇരുട്ടും ഇരുട്ടിനെ ഓടിക്കാൻ വെമ്പിനിന്ന വെളിച്ചവും നടുമുറ്റത്തുള്ള മുല്ലച്ചെടിയും അതു കണ്ടു.
— എന്നിട്ടോ, മുത്തശ്ശി??
— അപ്പോഴാണ്, ആ ചെറുപ്പക്കാരനെ ഞാൻ ശരിക്കും കണ്ടത്. സുന്ദരനൊന്നുമല്ലെങ്കിലും, ആ മുഖത്തെ പൊടിമീശ രണ്ടുവശത്തും ചുരുട്ടിവച്ചിരുന്നു. തലയിൽ തോർത്തുകൊണ്ടൊരു വട്ടക്കെട്ടും. അതിന്റെയൊരു തുമ്പ് തോളറ്റം വരെ ഞാന്നുകിടന്നിരുന്നു. അയാൾ വന്നെന്നെ, പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കിയപ്പോഴാണ് ഞാൻ വീണ്ടും വേദനകൊണ്ടു പുളഞ്ഞുപോയത്. കാലിൽ മുള്ളാണെന്ന് പറഞ്ഞപ്പോൾ, അയാൾ അരയിലെ മുണ്ടിൽ ഞാത്തിയിട്ടിരുന്ന വെട്ടരിവാളെടുത്ത് കാലിൽ ഞെക്കിപ്പിടിച്ചും കൊണ്ട് മുള്ള് ചുരണ്ടിയെടുത്തു പുറത്തു കളഞ്ഞു. പിന്നെ അരികത്തുനിന്നിരുന്ന അപ്പച്ചെടിയുടെ തുമ്പു പറിച്ചു ഞെരടി ആ മുറിവിൽ വച്ചുകെട്ടി. അപ്പോഴൊക്കെ അയാൾ ആ മുറിവിനെ മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ.
അതുകൊണ്ടാവാം എനിക്കയാളോടിഷ്ടമൊക്കെ തോന്നി തുടങ്ങിയിരുന്നു. തിരിച്ചൊന്നും ചോദിക്കാനുള്ള ത്രാണി എനിക്കുണ്ടായിരുന്നില്ല. എങ്കിലും അയാൾ പറഞ്ഞു… ഞാൻ കരിക്കാട്ട് തറവാട്ടിലെ ദുഷ്യന്തൻ നായർ. കാട്ടിൽ തേനെടുക്കാൻ പോകുന്നു.
അപ്പോഴേക്കും അങ്ങോട്ടും ഇങ്ങോട്ടും ഓടിപോയിരുന്ന കൂട്ടുകാരികൾ ഓരോരുത്തരായി വന്നടുത്തു. എനിക്കാണെങ്കിൽ, വേദനയും ആ ചെറുപ്പക്കാരന്റെ അടുത്തിരിക്കുമ്പോഴുള്ള ചളിപ്പും കാരണം, അയാളോടൊന്നും പറയുവാനും തോന്നിയില്ല. ചോദിക്കാനും തോന്നിയില്ല.
അപ്പോൾ വിലാസിനി പറഞ്ഞു…
ഇവൾ വേലംകോട്ടെ, കണ്ണൻ നായരുടെ മകൾ ശകുന്തളാദേവി.
മുത്തശ്ശി കഥയുടെ ബാക്കി പറയുന്നതിന്മുൻപ്, തൊണ്ടയിലിരുന്ന മുറുക്കാൻ ചണ്ടി, അടുത്തിരുന്ന കൊളാമ്പിയെടുത്ത് അതിലേക്ക് തുപ്പിയിട്ടു. എന്നിട്ട് രോഹിതിനെ പതുക്കെ തലോടി. അവൻ മുത്തശ്ശിയുടെ മടിയിൽ തലവച്ച് ഉറങ്ങിപ്പോയിരുന്നു.
ശുഭം.