രചന : സുരേന്ദ്രൻ പുത്തൻപുരയ്ക്കൽ✍
വയനാടെന്ന നാടിന്നഭിമാനമായിരുന്നു
മടിക്കൈയ്യും ഉയരെയുള്ളൊരാ ചൂരമലയും
സ്വച്ഛശാന്തമായ് സ്വപ്നം കണ്ടുറങ്ങുന്നേരം
പിഞ്ചുകുഞ്ഞറിഞ്ഞില്ല പാലുട്ടിയോരമ്മയും
പ്രകൃതി വല്ലാത്ത വികൃതിയായന്നേരം
സർവ്വം മറന്നവളാടി സംഹാരതാണ്ഠവം
ദിഗന്തം മുഴങ്ങുമാറുച്ചത്തിൽ പൊട്ടിത്തെറിച്ച്
ഭൂമി പിളർന്നവളൊഴുകിയെല്ലാം തകർത്ത്
എല്ലാം തകർന്ന, നിശബ്ദമാം പാതിരാവിൽ
അലമുറപോലും ലോകമറിയാതെ പോയ്
അമ്മയെ അച്ഛനെ മക്കളെ കാണാഞ്ഞ്
കരളുരുകി കരയുന്ന കാഴ്ചകളെമ്പാടും
മണ്ണൊഴുകി മരമൊഴുകി മലയുമൊഴുകി
കാതങ്ങൾ ജഢമായ മനുജനുമൊഴുകി
മാംസവും രക്തവും കണ്ണീരും കൂട്ടിക്കലർത്തി
തീരാവിലാപവും പേറി ചാലിയാറൊഴുകി
മണിമാളികയും കൂരയും വെറും മണ്ണായി
ഇതുവരെ കാണാത്തോർ ദൈവമായി
ആരെന്നെറിയാതെ വാരിക്കൂട്ടിയെടുത്ത
പച്ചമാംസം വെറും വെള്ളത്തുണിക്കെട്ടായ്
ജീവൻ വാരിപ്പിടിച്ചോടിയോരാർക്കോ
കൊല്ലുവാൻ വന്ന കൊമ്പനും കാവലായ്
ആശിച്ച് നേടീതും കാത്തുസൂക്ഷിച്ചതും
ഒരു നിമിഷാർദ്ധം കണ്ണീരോർമ്മയായ്
ഞാനെന്ന ഭാവത്തിൽ മലപോൽ വളർന്ന
സത്വവും മതവും ജാതിയും വീണ്ടുമദൃശ്യമായ്
ഒന്നുമൊന്നും ശാശ്വതമല്ലെന്നറിവിൽ വീണ്ടും
ദൈവം തന്നോരു മനുഷ്യത്വം ബാക്കിയായ് … (2)