രചന : സോനു സഫീർ ✍
കായിക ലോകത്ത് ഇൻഡ്യയുടെ വൻമതിലെന്ന പ്രയോഗം കേൾക്കുമ്പോൾ ചിലരുടെയെങ്കിലും ചിന്തകൾ ചെന്നെത്തുന്നത് രാഹുൽ ദ്രാവിഡിലേക്കാണെന്നത് നിലവിലെ ഇൻഡ്യൻ കായിക പശ്ചാത്തലത്തിൽ സ്വാഭാവികമാണ്. രാഹുൽ ദ്രാവിഡിനൊപ്പമോ അതിന് മുകളിലോ ആ പ്രയോഗത്തിന് താനുമർഹനാണെന്ന് ലോകത്തെ മുഴുവൻ ഒരിക്കൽ കൂടെ ബോധ്യപ്പെടുത്തിയാണ് പി ആർ ശ്രീജേഷ് കളമൊഴിയുന്നത്.
ഇടക്കാലത്ത് പ്രതാപം അന്യതപ്പെട്ട് മേൽവിലാസം നഷ്ടമായ ഇൻഡ്യൻ ഹോക്കി നാഷണൽ ടീമിന്റെ ഇപ്പോഴത്തെ തിരിച്ചുവരവിൽ ശ്രീജേഷിന്റെ ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്. 2006 മുതൽ വല കാത്ത ശ്രീജേഷിന്റെ കരിയറിൽ മുന്നൂറ്റിമുപ്പത്തിൽ പരം ഇന്റർനാഷണൽ മാച്ചും രണ്ട് ഒളിമ്പിക് മെഡലുകളുമുണ്ട്. 2022 ബർമിംഗ്ഹാം വെള്ളി മെഡലുൾപ്പെടെ രണ്ട് കോമൺവെൽത്ത് മെഡലുകളുണ്ട്. നാല് തവണ ഇൻഡ്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ വല കാത്തത് ശ്രീജേഷാണ്. ഏഷ്യൻ ഗെയിംസ് – ഏഷ്യൻ ഇൻഡോർ ഗെയിംസ് – ചാമ്പ്യൻസ് ട്രോഫി – ഏഷ്യ കപ്പ്…
ശ്രീജേഷിന്റെ ശേഖരത്തില്ലാത്ത മെഡലുകളില്ല.
പാരീസിൽ അമ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയയെ തോൽപ്പിച്ച കളിയിലെ ശ്രീജേഷിന്റെ പ്രകടനം ഏറ്റവുമൊടുവിലത്തെ ഉദാഹരണം..
സമകാലിക ഹോക്കിയിലെ മികച്ച ഗോൾകീപ്പറിൽ ഓരാളെന്ന വസ്തുതക്ക് ഇതിൽപ്പരം മെഡലുകളുടെ സാക്ഷ്യം വേണ്ടതുണ്ടോ..!?
എതിരാളികൾ പ്രതിരോധനിരയെ ചിന്നഭിന്നമാക്കിയാലും അവസാനകടമ്പയിൽ എതിരാളികൾക്കും ലക്ഷ്യത്തിനുമിടയിൽ ശ്രീജേഷ് വിലങ്ങുതടിയാവും. നിർണായക സേവുകളുമായി സുവർണകാലം വീണ്ടെടുക്കാൻ ഇൻഡ്യയെ സേവിച്ച സജീവപോരാളി..
നാല് വർഷങ്ങൾ കൂടുമ്പോൾ മാത്രം, ഒളിമ്പിക് മെഡൽ നേടിയാൽ മാത്രം ഓർക്കേണ്ട ഒരു പേരല്ല ശ്രീജേഷിന്റേത്. കാലങ്ങൾക്കപ്പുറം ചർച്ച ചെയ്യാനോ, ഓർത്തെടുക്കാനോ സാധ്യതയില്ലാത്തവിധം ശ്രീജേഷിന്റെ പേര് മാഞ്ഞുപോകുന്നുണ്ടെങ്കിൽ അതിൽപ്പരം ക്രൂരത അയാളോട് ചെയ്യാനുമില്ല..
ക്രിക്കറ്റിലാണെങ്കിൽ ഇതിഹാസമെന്നോ ദൈവമെന്നോയൊക്കെയുള്ള വിശേഷണങ്ങൾ പുകഴ്ത്തുപാട്ടുകളായി ലഭിക്കാൻ തക്ക കരിയർ ലക്ഷ്വറിയുണ്ട് സ്റ്റാറ്റിസ്റ്റിക്സുകൾക്ക്..
1928 ലെ ആംസ്റ്റർഡാം ഒളിമ്പിക്സ് മുതൽ 1980 മോസ്‌കോ വരെയുള്ള ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഇൻഡ്യയുടെ സാന്നിധ്യമുണ്ടായിരുന്നു..
ശേഷം ഇൻഡ്യക്ക് ഒരു ഹോക്കി മെഡൽ കിട്ടുന്നത് 2020 ൽ ശ്രീജേഷും കൂടെയുൾപ്പെട്ട സംഘത്തിനാണ്..
ഇപ്പോൾ പാരീസിൽ ടോക്യോയുടെ തനിയാവർത്തനവും…
പതിനെട്ട് വർഷം നീണ്ട കരിയറിൽ അർഹിച്ച അംഗീകാരം കിട്ടാതെയാണ് ശ്രീജേഷ് സ്റ്റിക്ക് താഴെ വെക്കുന്നത്, ഇന്ത്യൻ ഹോക്കിയെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെ ശ്രീജേഷിനെ ഓർത്തുകൊണ്ടേയിരിക്കുക എന്നതാണ് ഇനി ചെയ്യേണ്ടുന്ന കേവലനീതി..