സന്ധ്യയായിതാ നേരവും ശാരികെ
ചാരുശീലെ വരികയരികിലായ്
ചൊല്ലെഴുന്ന ശ്രീരാമായണത്തിന്റെ
ഈരടികളെയീണത്തിൽ പാടുക
ചേലോടെയിന്നു വീടിന്റെയുമ്മറ –
ത്തിണ്ണയിൽ കത്തും പൊൻദീപ കാന്തിയിൽ
നെഞ്ചെരിയുന്ന ചന്ദനത്തിരിതൻ
ആത്മസൗരഭ്യം നീളെപ്പരക്കവെ
അദ്ധ്യാത്മഗന്ധം തൂകുന്ന പുണ്യമായ്
തുളസി മുറ്റത്തു കൈകൂപ്പി നില്ക്കെ
ആനന്ദമോടെ പാടുക ശാരികെ
ആ ദിവ്യ ശ്രീരാമചന്ദ്ര കഥകൾ
ശേഷശായി ജനിച്ചതും രാമനായ്
ശേഷനന്നേരം സൗമിത്രിയായതും
ശംഖചക്രങ്ങൾ സോദരരായതും
ചാരുശീലെ ചൊല്ക നീ മടിയാതെ
ലക്ഷ്മി, സീതയാം വൈദേഹിയായതും
ലക്ഷണമോടെ പാടൂ മടിയാതെ
പുത്രശോകത്താൽ നീറും മനസ്സിന്റെ
ശാപവാക്കു ദശരഥനേറ്റതും
നിയതി തന്റെ നിശ്ചയം പാലിക്കാൻ
നിമിത്തമായി മന്ഥര ചെന്നതും
കൈതവമോടെ മന്ഥര മൂലമായ്
കൈകേയി കാട്ടിയ കാര്യം നിമിത്തമായ്
കണ്ണീരു വാർത്ത രാജാവും രാജ്യവും
കൗതുകമോടെ പാടുക പൈങ്കിളി
കാന്തനോടൊത്തു കാനനെ വാഴുവാൻ
കാന്തി ചിന്നുന്നുടയാടകൾ മാറ്റി
കാട്ടുവസ്ത്രമാം മരവുരി ചാർത്തി
കാവ്യമോഹിനി യാകുന്ന സീതയെ
രാജ്യമോഹമൊരല്പവുമില്ലാതെ
രാജ്യഭാരങ്ങളേറ്റു മികവോടെ
രാമപാദുകങ്ങൾ വച്ചു ഭവ്യമായ്
രാജ്യം പാലിച്ച പ്രിയഭരതനെ
രാമപാദങ്ങളുള്ളത്തിൽ ധ്യാനിച്ചു
രാമദൗത്യം മികവോടെ പാലിച്ചു
രാമമന്ത്രങ്ങൾ സദാ ജപിച്ചീടു-
മാഞ്ജനേയന്റെ ധീരകൃത്യങ്ങളെ
എണ്ണിയിങ്ങനെ ചൊല്ലിയാൽ തീരില്ല
ധന്യമാകുന്ന രാമായണകഥ
എണ്ണിയെണ്ണി പാടുക പൈങ്കിളി
എന്റെ വീടിന്റെയുമ്മറത്തിണ്ണയിൽ .

എം പി ശ്രീകുമാർ

By ivayana