രചന : തോമസ് കാവാലം ✍
ആരും ചിരിക്കാതിരിക്കാമെങ്കിൽ ഒരു സംഭവ കഥ പറയാം.
കോരിച്ചൊരിയുന്ന മഴയത്താണ് ഞാൻ ആ ബസ്സിലേക്ക് കയറിയത്. കുടയുണ്ടായിരുന്നെങ്കിലും നന്നായി നനഞ്ഞു. ബസ്സിനകത്ത് കയറുമ്പോൾ അകത്ത് ധാരാളമാളുകൾ അപ്പോൾ തന്നെ സ്ഥലം പിടിച്ചിരുന്നു. ഇരിക്കാൻ സീറ്റൊന്നും തരപ്പെട്ടില്ല. പുരുഷന്മാരുടെ സീറ്റുകൾ വരെ സ്ത്രീകൾ കയ്യടക്കി വെച്ചിരുന്നു.
കണ്ടക്ടർ നേരത്തെ തന്നെ കയറി ടിക്കറ്റ് എടുക്കാൻ തുടങ്ങി കഴിഞ്ഞിരുന്നു. അദ്ദേഹം നല്ല കുടവയർ ഉള്ള ഒരു വലിയ മനുഷ്യനായിരുന്നു. സീറ്റിന്റെ ചാരിയിൽ കുടവയർ കൊള്ളിച്ചുവെച്ച് ഒരു സർക്കസുകാരനെ വെല്ലുന്നതുപോലെ ബാലൻസ്ചെയ്തു അയാൾ ടിക്കറ്റ് കൊടുത്തുകൊണ്ടിരുന്നു.
എന്റെ വലതുഭാഗത്തായി നിറ വയറുമായി ഒരു സ്ത്രീയും അവരുടെ നാലു വയസ്സുള്ള കുട്ടിയും എന്തൊക്കെയോ കൊച്ചു വർത്തമാനങ്ങൾ പറയുന്നുണ്ടായിരുന്നു. അതിനിടയ്ക്ക് ആ കുഞ്ഞ് കണ്ടക്ടറെ ചൂണ്ടി അമ്മയോട് ചോദിച്ചു:
“അമ്മേ,അമ്മയുടെ വയറ്റിലെ പോലെ ആ ചേട്ടന്റെ വയറ്റിലും കുഞ്ഞാണോ? “
കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് അമ്മ ചുറ്റും നോക്കിയിട്ട് അവളുടെ വായ്പൊത്തി. ചുറ്റും ഇരുന്നവർ ഒന്ന് ചിരിച്ചു.
ഏതാണ്ട് ആ സമയത്താണ് ഒരു ചെറുപ്പക്കാരൻ ബസ്സിലേക്ക് ചാടി കയറിയത്. ഒരു മുപ്പത്തഞ്ചു വയസ്സിൽ കൂടുതൽ പ്രായം കാണില്ല.
അപ്പോഴും ബസ് വിട്ടിട്ടുണ്ടായിരുന്നില്ല. മഴ തകർത്തു പെയ്യുന്നുമുണ്ട്.
“ അപ്പി….. അപ്പി…. അപ്പി…”
അയാൾ തകൃതിയായി പറഞ്ഞുകൊണ്ടിരുന്നു. വെള്ളം അയാളുടെ തലയിൽ നിന്നും ദേഹത്തുനിന്നും ഇറ്റിറ്റ് വീണുകൊണ്ടിരുന്നു. അയാളുടെ വലതു കൈയിൽ ബൃഹത്തായ ഒരു സഞ്ചിയുണ്ടായിരുന്നു. ഇടതു കൈ സ്വതന്ത്രമായിരുന്നെങ്കിലും അതിന്റെ തോൾ അറ്റം കൊണ്ട് ഒരു മൊബൈൽ ഫോൺ ചെവിയോട് ചേർത്തുപിടിച്ച് കൈകൊണ്ട് ബസ്സിന്റെ കമ്പിയിൽ മുറുക്കെപ്പിടിച്ച് ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബസ്സിന്റെ പുറകിലത്തെ സീറ്റിൽ കൂടി കയറിയ അയാൾ പറഞ്ഞത് ബസ്സിന്റെ മുന്നിൽ ഇരുന്ന ഡ്രൈവർക്ക് നന്നായി കേൾക്കാമായിരുന്നു. അത്ര വെടിക്കെട്ട് സ്വരത്തിലാണ് അയാൾ സംസാരിച്ചുകൊണ്ടിരുന്നത്.
“ അപ്പി…. അപ്പി…. നീയൊന്ന് കേൾക്ക്”
അയാൾ കെഞ്ചി.
അയാളുടെ ‘അപ്പി: പറച്ചിൽ കേട്ടപ്പോഴേ കുറച്ച് ആളുകൾ ചിരിക്കാൻ തുടങ്ങി.
അപ്പോൾ മറുതലയ്ക്കൽ നിന്നും ഒരു സ്ത്രീശബ്ദമുയർന്നു.
“നിങ്ങൾ ഒരു മനുഷ്യനാണോ? നിങ്ങൾ ഒരു പുരുഷനാണോ?”
“അപ്പീ….,ജോലിത്തിരക്കിനിടയ്ക്ക് മറന്നുപോയതാ”.
“ നിങ്ങളുടെ തലേൽ എന്തുവാ? കളിമണ്ണോ”?
അപ്പോഴേക്കും ബസ്സിലുള്ള എല്ലാവരും അയാളെ ശ്രദ്ധിക്കാൻ തുടങ്ങി. എന്തോ ഗൗരവമുള്ളത് സംഭവിച്ചിരിക്കുന്നു എന്ന് എല്ലാവരും ഭയപ്പെട്ടു.
“ കഴിഞ്ഞ ബർത്ത്ഡേക്ക് ഞാൻ എന്തെല്ലാം നിനക്ക് വാങ്ങിത്തന്നു നീ ഓർക്കുന്നുണ്ടോ?”
“ അത് കഴിഞ്ഞു പോയില്ലേ? നിങ്ങൾ ഒരു മൃഗമാണ് നിങ്ങൾക്ക് ഒരു ചിന്തയെ ഉള്ളൂ. അത് ഞാനിപ്പോ പറയുന്നില്ല….”
അതു കേട്ടപ്പോൾ അയാളുടെ മുഖം മങ്ങി.
“പൊന്നേ,കഴിഞ്ഞയാഴ്ച നിനക്ക് ഞാൻ അടിവസ്ത്രങ്ങൾ വാങ്ങി തന്നില്ലേ”?
“ അത് കഴിഞ്ഞ് ആഴ്ചയല്ലേ? അതിനു ബർത്ത്ഡേയുമായി എന്തു ബന്ധം? “
അയാൾ അയാളുടെ മറവിയെ ന്യായീകരിക്കാൻ ശ്രമിച്ചു.
“എന്റെ ചക്കരേ, എന്നാലും ഞാൻ എത്ര രൂപ അന്ന് ചെലവാക്കിയെന്നു നിനക്കറിയാമോ”?
“നിങ്ങൾ എത്ര രൂപ ചെലവാക്കിയാലും അത് ഇട്ടുകൊണ്ട് എനിക്ക് പുറത്തു നടക്കാൻ പറ്റുമോ?“
അത് കേട്ടപ്പോൾ ചിലർ ഉറക്കെ ചിരിച്ചു. ചിലപ്പോൾ ആരംഗം അവർ മനസ്സിന്റെ ഭാവനയിൽ കണ്ടുകാണും.
“ ഞാൻ വരുമ്പോൾ ഒരു ബ്ലാക്ക് ഫോറസ്റ്റ് കേക്ക് വാങ്ങിച്ചോണ്ട് വരാം”.
“ ബ്ലാക്ക് ഫോറസ്റ്റോ? അതെന്താ ഞാൻ കറുത്തിട്ടായതുകൊണ്ടാണോ”.
പറഞ്ഞത് അബദ്ധമായി എന്ന് വിചാരിച്ച് പിന്നെ കുറച്ചു നേരം അയാൾ മിണ്ടിയില്ല. പിന്നെ, ഒന്നും പറയാതിരുന്നാലുണ്ടാകുന്ന പ്രത്യാഘാതം ഓർത്തിട്ടായിരിക്കണം ശ്വാസമെടുത്ത് അയാൾ പറഞ്ഞു:
“ ഞാനങ്ങോട്ട് വരട്ടെ, ഹണീ! എന്ത് വേണമെങ്കിലും ഞാൻ വാങ്ങിച്ചു തരാം. അപ്പി… അപ്പി….ഒരു പത്ത് പട്ടു സാരി… പോരേ …? “
“ മോഹം കൊണ്ടു മുണ്ടുടിപ്പിക്കാതെ,മനുഷ്യാ!”
ഭാര്യ കയർത്തു പറഞ്ഞു.
“ നീയൊന്ന് അടങ്ങ്,തങ്കമേ!”
“ തങ്കമേ എന്നല്ല തത്തമ്മേ എന്ന് വിളിക്ക്. ഞാൻ അല്ലേലും ഒരു കൂട്ടിലിട്ട തത്തയാണല്ലോ!”
“ നീ തത്തയല്ല ചക്കരേ, സുന്ദരി മൈലാണ്. ഞാൻ അങ്ങോട്ട് വരട്ടെ.!”
“ഹാ…ഹാ…മൈ…..എന്നെക്കൊണ്ടൊന്നും പറയിക്കരുത്!”
“ ചക്കരേ….. അപ്പി…. അപ്പി…!നീ ഒന്നു പതുക്കെ പറ. വല്ലോരും കേൾക്കും. ഞാനൊരു താജ്മഹൽ പണിതു തരാം ”!..
“ഹാ…ഹാ… എനിക്ക് മനസ്സിലായി താജ്മഹൽ ഷാജഹാൻ പണിതതു മുംതാസിന്റെ മരണശേഷമാണല്ലോ!!!!!”
അതുകൂടി കേട്ടപ്പോൾ അയാളുടെ വായ അടഞ്ഞു പോയി.
ബസ്സിൽ ഇനി ചിരിക്കാൻ ആരും ബാക്കിയുണ്ടായിരുന്നില്ല. പതുങ്ങിയും ഒതുങ്ങിയും എല്ലാവരും ചിരിച്ചു. കുടവയറൻ കണ്ടക്ടർ വയറു കുലുങ്ങി കുലുങ്ങിച്ചിരിക്കുന്നത് കണ്ടപ്പോൾ പിന്നെ ആർക്കും ചിരി അടക്കാനേ കഴിഞ്ഞില്ല.ഏതാണ്ട് ഇരുപതു ഇരുപത്തഞ്ചു മിനിറ്റ് ആ സംഭാഷണം തുടർന്നു.
ബസ് തിരുവനന്തപുരത്ത് എത്തിയപ്പോൾ ഞാൻ ഇറങ്ങി. തൊട്ടു പിന്നാലെ അയാളും. സമയം സന്ധ്യയായി. അയാളുടെ വീട് അവിടെവിടെയോ. ആയിരിക്കണം. അയാളുടെ ഭാര്യ വീട്ടിൽ അയാളെ കാത്തിരിപ്പുണ്ടാകും. അയാളുടെ ആ രാത്രിയെ കുറിച്ച് ഓർത്തപ്പോൾ എനിക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ജനിക്കാതിരുന്നെങ്കിൽ എത്ര ഭേദമായിരുന്നു എന്ന് ചിലപ്പോൾ അയാൾ ഓർത്തിട്ടുണ്ടാവും.