രചന : അൽഫോൻസ മാർഗരറ്റ് ✍
നീലനിലാവല കുളിർപെയ്തരാവിൽ
നീലക്കടമ്പിന്നരികിൽ നിന്നപ്പോൾ
പൂങ്കാറ്റുതഴുകിക്കിന്നാരം ചോദിപ്പൂ
ആരെ നീ കാത്തിന്നു നില്പൂ സഖീ ….
പൂങ്കാറ്റു നാടാകെ ചൊല്ലുമെന്നറിയാതെൻ
പ്രണയാഭിലാഷംപറഞ്ഞു പോയി….
ഒരു പൊൻകിനാവിന്റെ മധുരാനുഭൂതിയിൽ
അറിയാതെയറിയാതെ ഞാൻ മൊഴിഞ്ഞു ….
എന്നനുരാഗത്തിൽ മുരളികയൂതിയ
ഇടയച്ചെറുക്കന്റെ കളളനോട്ടം
കരളിൽ തറച്ചതിൻ മധുരമാം നൊമ്പരം
കവിതയായ് ; അനുരാഗത്തിരകളായി
ഈ വഴിയോരത്തെ പൂവാകച്ചോട്ടിൽ .
ഉതിരുന്നപൂക്കളായ് വീണിടുമ്പോൾ
ആമുളമുരളിയിൽ പാടുമെൻപ്രാണനെ
കണ്ണിമയ്ക്കാതൊന്നു നോക്കിനിൽക്കാൻ
കൺകളിൽ അനുരാഗക്കവിതയുമായ്
കരളിൽ മന്മദപ്പൂവമ്പുമായ്
ഒരുവട്ടംകൂടി , ഒരുനോക്കുകാണുവാൻ
കൊതിയോടെ വന്നതാണീവഴിയിൽ …
💖🥰