യാത്രചോദിക്കുന്നെന്റെ നാടിനോട്
മുണ്ടക്കൈയ്യെന്നൊരു നാടിനോട്
പച്ചവിരിയിട്ട തേയിലക്കാടുകൾ
കാണാനഴകുള്ളതായിരുന്നു.
കിളുന്തുകൾ നുള്ളുന്ന കൂട്ടുകാരും
ഒന്നിച്ചൊരുപായിൽ ഉണ്ടുറങ്ങി.
ബാല്യ കൗമാരങ്ങൾ പിന്നിട്ടു പോയതും
മുണ്ടക്കൈ എന്നൊരു നാട്ടിലൂടെ
അച്ഛനുമമ്മയും, ബന്ധുമിത്രങ്ങളും
ആമോദമോടെ നടന്ന നാട് .
ഉരുൾ പൊട്ടിവന്നൊരു മലവെള്ളപ്പാച്ചിലിൽ
എന്നെയും കൂടങ്ങു കൊണ്ടുപോയി.
ആർത്തലച്ചു കരഞ്ഞു പിടഞ്ഞു ഞാൻ
ദേഹിയും കൈവിട്ടു പോയകന്നു
അനാഥപ്രേതമായ് ഒഴുകി നടന്നു
ഞാൻ ഉറ്റവരെത്തേടി ഞാനലഞ്ഞു.
കൂട്ടുകാർ ഇന്നെനിക്കേറെയുണ്ട്
ആരോരും ഇല്ലാത്തതാണിവരും.
പൂത്തുർ മലയിലെ ആറടിമണ്ണിൽ ഞാൻ
കൂട്ടുകാരോടൊത്തലിഞ്ഞുചേർന്നു.
വർണ്ണവത്യാസങ്ങൾ ഇല്ലിവിടെ
ജാതിമതദ്വേഷമൊന്നുമില്ല.
രാഷ്ട്രീയ ചിന്തകൾ ലേശമില്ലാതെയീ –
ആറടി മണ്ണിൽ ഞാനുറങ്ങി.
ഇനിയൊരു ജന്മമെനിക്കേകിയെന്നാൽ
മുണ്ടക്കൈനാട്ടിൽ ജനിച്ചിടേണം.
അച്ഛനും അമ്മയും കുഞ്ഞനുജത്തിയായ്
കൈപിടിച്ചിനിയും നടന്നിടേണം.

സതി സുധാകരൻ

By ivayana