രചന : പി. സുനിൽ കുമാർ✍
മരണം താണ്ഡവ നൃത്തമാടുന്ന ദുരന്തങ്ങളിൽ ജീവൻ അവശേഷിക്കുന്നവരുടെ കാര്യം ഏറെ കഷ്ടമാണ്….!!
അവരുടെ കൈയ്യിൽ രേഖകൾ ഒന്നും തന്നെ കാണില്ല ആധാർ കാർഡ്, പാൻ കാർഡ്,ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് പാസ്ബുക്ക്, ഭൂമിയുടെ പ്രമാണങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാവും..!!
കാലാവസ്ഥ വ്യതിയാനവും അതു മൂലമുള്ള ദുരന്തങ്ങളും ഒരു
നിത്യ സത്യം ആയി മാറിയതിനാൽ എങ്ങനെ ഒരു ദുരന്തത്തിൽ നിന്നും നമ്മുടെ രേഖകൾ സംരക്ഷിക്കാം എന്ന് പരിശോധിക്കാം.. പ്രധാനമായും രണ്ട് രീതികളെ പറ്റിയാണ് പറയുന്നത്.
1) ഒരു ബാങ്ക് ലോക്കർ എടുക്കുകയും എല്ലാ രേഖകളുടെയും പകർപ്പ് അവിടെ സൂക്ഷിക്കുകയും ചെയ്യുക..
അപ്പോൾ നിങ്ങൾ ചോദിക്കും.. പ്രളയമോ ഉരുൾപൊട്ടലോ ഒക്കെ ഉണ്ടാവുമ്പോൾ ബാങ്ക് ലോക്കറിന്റെ കീ അന്വേഷിച്ചു നടക്കുമോ അതോ ഓടി രക്ഷപ്പെടാൻ നോക്കുമോ..?? ഓടി രക്ഷപ്പെടുക തന്നെയാണ് അഭികാമ്യം..
പിന്നീട് നടന്ന കാര്യങ്ങൾ ബാങ്കിനെ അറിയിക്കുകയും ലോക്കറിന്റെ ഡ്യൂപ്ലിക്കേറ്റ് കീ സംഘടിപ്പിച്ച് ബാങ്ക് വഴി തന്നെ ലോക്കർ തുറക്കാൻ ശ്രമിക്കാം..
അല്ലെങ്കിൽ ആ ലോക്കർ ബാങ്കിന്റെ നേതൃത്വത്തിൽ
പൊളിച്ച് അതിനുള്ളിലുള്ള നമ്മുടെ രേഖകൾ നമുക്ക് തിരിച്ചെടുക്കാൻ വേണ്ടി സാധിക്കും.ബാങ്ക് ലോക്കറിന് ഒരു നിശ്ചിത ചാർജ്ജ് വർഷം തോറും ബാങ്കിന് നൽകേണ്ടി വരും..
2 ) രണ്ടാമത്തേത് ഒട്ടും തന്നെ ചിലവില്ലാത്ത മാർഗ്ഗമാണ്.
ഡിജി ലോക്കർ സംവിധാനം..
2015 ജൂലൈ ഒന്നിന് കേന്ദ്ര ഗവൺമെന്റിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഐടി ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ ഡിജി ലോക്കർ സംവിധാനം നമ്മുടെ രേഖകളുടെ ഒരു ഡിജിറ്റൽ കോപ്പി സൂക്ഷിച്ചു വെക്കുന്നു..
Your documents Any time Any where എന്നതാണ് ഡിജി ലോക്കറിന്റെ മുദ്രാവാക്യം.
നിങ്ങളുടെ ആധാർ കാർഡ് പാൻകാർഡ്, മുതലായ ഏത് രേഖകളും, ഭൂമിയുടെ പ്രമാണം മാർക്ക് ലിസ്റ്റുകൾ സർട്ടിഫിക്കറ്റുകൾ എന്നിവ ഇന്ത്യൻ ഗവൺമെന്റിന്റെ ഡിജിലോക്കർ സംവിധാനത്തിലൂടെ സുരക്ഷിതമാക്കി വെക്കാം. ഗവൺമെന്റിന്റെ പൂർണ്ണ പിന്തുണയോടുകൂടിയാണ്
ഡിജി ലോക്കർ പ്രവർത്തിക്കുന്നത് ഡിജി ലോക്കറിൽ നിന്ന് എടുക്കുന്ന രേഖകൾക്കെല്ലാം ഇന്ത്യയിൽ എവിടെയും അംഗീകാരമുണ്ട്
ഒരു ക്ലൗഡ് ബേസ്ഡ് സ്റ്റോറേജ് സംവിധാനമാണ് ഡിജിലോക്കർ. ഇതിന്റെ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ആധാർ കാർഡുള്ള ആർക്കും തന്നെ ഡിജി ലോക്കർ സംവിധാനം ഉപയോഗിക്കാൻ സാധിക്കും നമ്മുടെ ഏത് രേഖകൾ നഷ്ടപ്പെട്ടാലും അത് ഡിജിലോക്കറിൽ നിന്ന്
പുനസൃഷ്ടിക്കാനാവും എന്നതാണ് ഈ ആപ്പിന്റെ ഗുണം
ഏതു നിമിഷവും ദുരന്തങ്ങൾ പെയ്തിറങ്ങാൻ സാധ്യതയുള്ള ഒരു സ്ഥലമായി കേരളം മാറിയിരിക്കുന്നു.
നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു കൊണ്ട് മാത്രമേ ഈ ദുരന്തങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ.. അതിൽ പ്രധാനപ്പെട്ട ഒന്നാണ്
ഡിജി ലോക്കർ..
ഇതിന്റെ പിൻ മാത്രം നാം ഓർത്തു വെക്കേണ്ടതുണ്ട്..
മറന്നു പോവാത്ത ഒരു 6 അക്ക നമ്പർ പിൻ ആയി കൊടുത്താൽ മതിയാവും..
ഡിജി ലോക്കറിൽ നോമിനി സംവിധാനവും ഉണ്ട്..
ഈ ആപ്പ് ഡൗൺ ലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
https://www.digilocker.gov.in/installapp