നോവാൽ പ്രകൃതി പിടഞ്ഞിടുമ്പോൾ
സാഗരത്തിരകളായലറിയെത്തും.
കുന്നും മലയും പുഴയുമൊരുമയിൽ
സംഹാരതാണ്ഡവമാടിയെത്തും.

ആർത്തിരമ്പികൊണ്ടു കലിതുള്ളിയെത്തിടും
മാരിയിലെല്ലാം തകർന്നിടുന്നു.
നാടും നഗരവുമോർമ്മയായ് മാറുന്നു
ഹൃദയങ്ങൾ പൊട്ടിച്ചിതറിടുന്നു.

അതിരുകളില്ലാതെയൊഴുകുന്നു, ജീവിത-
മതിജീവനത്തിനായ് വെമ്പൽ കൊൾവൂ.
ജാതിമതഭേദങ്ങളില്ലാതെ രക്ഷകർ
-ദൈവദൂതന്മാർ നിരന്നിടുന്നു.

ദുരമൂത്തമർത്ത്യന്റെ കർമ്മഫലങ്ങളീ-
പ്രകൃതിതൻ സങ്കടപ്രളയമെന്നോ!
ഇല്ലെനിയ്ക്കൊന്നിലും പങ്കില്ല -നെഞ്ചത്തു
കൈ വെച്ചു ചൊല്ലുവാനാർക്കു ധൈര്യം?

ഒക്കെയുമോർമ്മയായ് തീർന്നിടാം നാളെയെ-
ന്നാകിലു,മറിയാത്തപോലെയൊന്നും
ഈ തുടർനാടകം നാം കളിയ്ക്കും, മുന്നി-
ലമ്മതൻ നെഞ്ചകം തകരുവോളം!

പ്രളയമായ് ചുഴലിയായുരുൾപൊട്ടലായൊരു
ഭ്രാന്തിയെപ്പോലവളുറഞ്ഞു തുള്ളും.
എല്ലാം തകർത്തവൾ കുതിച്ചുപായും, നാളെ
മർത്ത്യഹൃദയങ്ങൾ തകർത്തെറിയും!

By ivayana