വിജനമായ ഒറ്റയടിപ്പാതയിലൂടെ നടന്നയാൾ ഇന്നും ആ നഷ്ടങ്ങൾ സൂക്ഷിക്കുന്ന കൊട്ടാരത്തിനു മുന്നിലെത്തി…
“നഷ്ടങ്ങളുടെ രാജകുമാരൻ”.
ആ പടിപ്പുര വാതിലിൽ കുറച്ചു സമയം നിന്നു.
പിന്നീട് വിഷാദം കടമെടുത്ത കണ്ണുകളും, പുഞ്ചിരി മറന്ന ചുണ്ടുകളുമായി കുറെ നേരം സൂക്ഷിച്ചിരുന്ന നഷ്ടങ്ങളുടെ, കണക്കെടുപ്പ് നടത്തി, നിർവികാരതയോടെ കൽപ്പടവുകൾക്ക് താഴെ കരയോട് കിന്നാരം പറഞ്ഞൊഴുകുന്ന പുഴയുടെ ഓളപ്പരപ്പിലേക്ക് കാലുകളാഴ്ത്തി, ആ പടവുകളിലൊന്നിലി രുന്നു. ദുഃഖഭാവം ശരീരമാകെ പ്രകടമാവും വിധമുള്ള ഒരാവരണം എപ്പോഴും രാജവസ്ത്രമായി ഉപയോഗിക്കാൻ കുമാരൻ ശ്രദ്ധിച്ചിരുന്നു.
ശിഥിലമായ ചിന്തകളെ കോർത്തിണക്കിക്കൊ ണ്ടിരിക്കുമ്പോൾ, പുഴയോളങ്ങൾ നഗ്നപാദ ങ്ങളിൽ സാന്ത്വനത്തിന്റെ കുളിരല തീർക്കുന്നുണ്ടായിരുന്നു. കുമാരനും അത് ആഗ്രഹിച്ചിരുന്നു എന്നത് പറയാത്ത യാഥാർത്ഥ്യം.
പെട്ടെന്നാണ് ഒരു ആരവം കുമാരന്റെ ചെവിയിൽ പതിച്ചത്. അത്ഭുതത്തോടെ തിരിഞ്ഞു നോക്കിയ അദ്ദേഹം ഞെട്ടിത്തരിച്ചു പോയി..
“എന്തായീ കാഴ്ച?? ഞാൻ പൂട്ടിയിട്ടിരുന്ന നഷ്ടങ്ങളെല്ലാം ചുറ്റിലും നിന്ന് പുഞ്ചിരിക്കുന്നല്ലോ? ചിലതിന്റെ ചുണ്ടിൽ പൊഴിയാനായി വാക്കുകൾ കൊതിച്ചു നിൽക്കുന്നത് പോലെ. ആരാ കൊട്ടാരത്തിന്റെ വാതിൽ തുറന്നത്” ??
അല്പം ഉച്ചത്തിലാണ് കുമാരനത് ചോദിച്ചത്?
അപ്പോഴേക്കും നഷ്ടങ്ങളെയെല്ലാം തള്ളി മാറ്റി, ഹൃദ്യമായി പുഞ്ചിരിച്ചുകൊണ്ട് അഴകിന്റെ ദേവത പോലൊരു സുന്ദരി മുന്നോട്ടുവന്നു പറഞ്ഞു.
“കുമാരാ,ഞാനാണ് ഇവരെയെല്ലാം തുറന്നുവിട്ടത്… ഞാൻ
‘ നേട്ടങ്ങളുടെ രാജകുമാരി’..
കുമാരനറിയാതെ താഴ് തുറക്കാനുള്ള താക്കോൽക്കൂട്ടം ഞാൻ കൈവശപ്പെടുത്തിയിരുന്നു. താങ്കളത് അറിഞ്ഞില്ല എന്ന് നടിച്ചിരുന്നുവെങ്കിലും”.
താൻ ഒഴിഞ്ഞുമാറി നടന്നിരുന്ന ഒരു മുഖത്തിന്റെ സാമീപ്യത്തിന്റെ പ്രഭ കുമാരന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
വീണ്ടും ആ പെൺരൂപം പറഞ്ഞു തുടങ്ങി..
” എന്തിനാണ് കുമാരാ ഇവരെയെല്ലാം ഇങ്ങിനെ അടച്ചുപൂട്ടി സൂക്ഷിച്ചിരിക്കുന്നത്?
കാറ്റും വെളിച്ചവും കൊണ്ടിട്ട് അവർ ഇപ്പോൾ എത്ര സന്തോഷത്തോടെയാണെന്ന് നോക്കൂ.. “
പെട്ടെന്ന് ആദ്യമായി അയാൾക്ക് നഷ്ടമായ രാധ എന്ന കാമുകിയെന്ന നഷ്ടം മുന്നോട്ടുവന്നു പറഞ്ഞു.
” എന്നെ നഷ്ടപ്പെടുത്തിയതല്ലേ?? കുമാരന്റെ ധൈര്യമില്ലായ്മ കൊണ്ടല്ലേ ഞാൻ നഷ്ടമായത്?എന്നിട്ടും എന്തിനെന്നെ പൂട്ടിയിട്ടു?? നഷ്ടങ്ങളുടെ കൂടെ വസിച്ചു ഞാൻ ശ്വാസം മുട്ടുകയായിരുന്നു. ഇന്ന് ഞാൻ സ്വതന്ത്രയായി.”
അപ്പോഴേക്കും അച്ഛനും അമ്മയും ഒരുമിച്ചു മുന്നോട്ട് വന്നു പറഞ്ഞു.
” മോനെ ഞങ്ങൾ നിനക്ക് നഷ്ടമായത് കാലഹരണപ്പെടാത്ത മരണം എന്ന സത്യത്തിലൂടെ അല്ലേ? നീ പൂട്ടി വെച്ചതിനാൽ നിന്നെ ഒന്ന് ആശ്വസിപ്പിക്കാൻ കൊതിച്ചിട്ട് അതിന് പോലും കഴിയുന്നില്ലായിരുന്നു. ഇപ്പോൾ ഞങ്ങൾ സന്തോഷത്തിലാണ്.. “
ഇതൊക്കെ കേട്ട് വെളിപാട് വന്ന പോലെ, കുമാരന്റെ മുഖത്തും ഒരു പുഞ്ചിരി പടർന്നു. അത് കണ്ട ഉത്സാഹത്തിൽ നേട്ടങ്ങളുടെ രാജകുമാരി പറഞ്ഞു..
” നോക്കൂ കുമാരാ .. നഷ്ടങ്ങളെ മറവിയുടെ കാണാക്കയങ്ങളിലേക്ക് വലിച്ചെറിയൂ.. എന്നിട്ട് എന്നോടൊപ്പം ചേരൂ.. വരുംകാല നേട്ടങ്ങൾക്കായി നമുക്ക് ഒരുമിച്ച് കൈകോർക്കാം. നേട്ടങ്ങൾ സൂക്ഷിക്കാനുള്ളതാവട്ടെ ഇനി നിന്റെ കൊട്ടാരം.. നിന്റെ മനസ്സെന്ന കൊട്ടാരം.
നേട്ടവും നഷ്ടവും ജീവിതക്കളരിയിൽ പരിശീലനത്തിനായി ഒരുമിച്ചു നടന്നു നീങ്ങി…ആഹ്ലാദത്തോടെ…

By ivayana