രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍
സ്നേഹതാംബൂലം നീട്ടിനിൽക്കുന്ന
വർണ്ണപ്രപഞ്ചമേ കൂപ്പുകൈ
മോഹമന്ദാരം വാടിക്കരിയാതെ
നോക്കിനിൽക്കുന്നു നിന്നെഞാൻ
കർമ്മമണ്ഡല വീഥികൾ താണ്ടി
കാലിടറി ഞാൻ വീഴവേ
കൈകൾനീട്ടി കൈത്താങ്ങുമായ് വന്ന
കരുണാസാഗരമാണു നീ
കഷ്ടകാലത്തൊരിഷ്ടമായ് വന്ന
കൺതടത്തിലെ വെട്ടമേ
കണ്ണടച്ചാലുമെന്റെയുള്ളിൽ നീ
മിന്നുന്നു സ്നേഹ പ്രകാശമായ്
ഇത്രമേലൊരു ജീവിതത്തിൽ നീ
ഇഷ്ടമോടെ പറക്കുമോ
ഇഷ്ടമല്ലിതു ജീവിതത്തിൽ നിൻ
നിഷ്കളങ്കമാം സാന്ത്വനം
എതുകോണിലോ, ഏതുരൂപമോ,
ഏതുവേഷമോ നിൻമുഖം
ഏതു ഭാഷയോ, ഏതുശക്തിയോ,
ഏതു ദൈവമേ നീ സ്നേഹമേ…
സ്നേഹതാംബൂലമേറ്റു വാങ്ങുന്നു
ഞാനുമിന്നുമെൻ സ്നേഹമേ
സ്നേഹമാകണം,, സ്നേഹമാകട്ടെ
ജീവിതമെന്നും പാരിതിൽ
സ്നേഹതാംബുലം നീട്ടി നിൽക്കുന്ന
വർണ്ണപ്രപഞ്ചമേ കൂപ്പുകൈ
മോഹമന്ദാരം വാടിക്കരിയാതെ
നോക്കിനിൽക്കുന്നു നിന്നെഞാൻ….