വയനാടൻ മലമടക്കുകളിൽ നിന്ന്
അത്ര എളുപ്പമൊന്നും ഈ കണ്ണുനീർ
തോരുമെന്ന് കരുതുന്നില്ല. പ്രകൃതിയൊന്ന് മൂരി വലിഞ്ഞതിൻ്റെ പ്രത്യാഘാതം എത്രമാത്രംഭീബൽസമാണ് എന്ന് നമ്മെയീ ദുരന്തം ഓർമ്മിപ്പിക്കുന്നു. മറവിയെന്ന അനുഗ്രഹം ഒന്ന് കൊണ്ടു മാത്രമേ നമുക്കിതിനെ മറികടക്കാൻകഴിയൂ.
മൂന്നോളം ഗ്രാമങ്ങളിലെ അറുനൂറ്റി അൻപതിലധികം വീടുകൾ…അവിടെ അന്തിയുറങ്ങിയ അയ്യായിരത്തോളം ഹതഭാഗ്യരെയാണ് പ്രകൃതി അതിൻ്റെ
രൗദ്രതാണ്ഡവത്തിൽ ചുഴറ്റിയെറിഞ്ഞത്. നാനൂറ്റി അൻപതിലധികം മൃതശരീരങ്ങൾ ഇവിടെ സംസ്കരിക്കപ്പെട്ടതായാണ് കണക്കുകൾ. ഇനിയെത്ര ആളുകളാണ് കുഴഞ്ഞു മറിഞ്ഞ ഈ മൺകൂനകൾക്കടിയിൽ ഭൂമി ആഹരിച്ചു പോയിട്ടുണ്ടാവുക എന്ന് ദൈവത്തിന് മാത്രമേ അറിയൂ. ഭൂമിയിൽ ജനിച്ചു ജീവിച്ചു എന്നതിന് ഒരു തെളിവും ബാക്കി വെക്കാതെ വിസ്മൃതിയുടെ ആഴങ്ങളിലേക്ക് ആണ്ടിറങ്ങിപ്പോയ ജന്മങ്ങൾ….
സംഭവം നടന്നിട്ട് പതിനാല് ദിവസം പിന്നിട്ടിരിക്കുന്നു.മൃത്യു കെടുനടനമാടിയ ഈ താഴ് വാരം സന്ദർശിച്ച് നിജസ്ഥിതി അറിയാനുള്ള ആവേശം തിരിച്ചു പോരുമ്പോൾ ഇല്ലായിരുന്നു. മരണം മലയിറങ്ങി വന്ന പുഞ്ചിരിമറ്റവും മുണ്ടക്കൈയും ചൂരൽമലയും വിറങ്ങലിച്ച് നിൽക്കുകയാണ്. അവിടം നേർക്കുനേർ നോക്കി നിൽക്കുമ്പോൾ ആകെയൊരു മരവിപ്പായിരുന്നു.
ശാപം പുരണ്ട ഈ മണ്ണിലൂടെ ഓരോ കാൽപാദങ്ങളുംഎടുത്തു വെക്കുമ്പോൾ
ആരുടെയൊക്കെ നെഞ്ചിലാണ് നമ്മുടെ ചവിട്ടടികൾ പതിയുന്നത് എന്ന സംശയം ഉള്ളിൽ കനലു കോരിയിടുകയാണ്.
അവരുടെ നിലവിളികൾ ആ ശൂന്യ സ്ഥലികളിൽ മാറ്റൊലി കൊള്ളുന്നതായി
അനുഭവപ്പെടുകയാണ്. പൊട്ടിപ്പിളർന്ന് കേവലം കൽകൂമ്പാരമായ വീടുകൾക്ക് മേൽ കുമിഞ്ഞുകൂടിയ മൺകൂനകൾക്കിടയിൽ അനാഥമായി കിടക്കുന്ന കളിപ്പാട്ടങ്ങളും വീട്ടുപകരണങ്ങളും. ഇന്നലെ വരെ ജീവിതായോധനങ്ങളിൽ തുടിച്ചു നിന്ന അവരുടെ ജീവിതത്തിലേക്ക് പിൻവിളി വിളിക്കുന്ന ദൃശ്യങ്ങൾ. കുശുമ്പും കുന്നായ്മയും നിറഞ്ഞു നിന്ന ഗ്രാമങ്ങളിലെ അയൽപക്ക ബന്ധങ്ങളുടെ ഊഷ്മളമായ ഗതിവേഗങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാൽ മനസ് മരവിച്ച അവസ്ഥയാവും. ജീവിതം ആഘോഷമാക്കിയ കുഞ്ഞു ബാല്യങ്ങൾ ഓർമ്മയിൽ പുനർജനിക്കും.
ഉറ്റവരുടെയും ഉടയവരുടേയും തിരേധാനങ്ങൾ ഉള്ളിലുയർത്തിയ നിർവികാരതയും നിരാലംബതയും നിസ്സഹാതയും, അവശേഷിച്ച പഥിത
ജീവിതങ്ങളുടെ മുഖങ്ങളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാം.എന്നാൽ ഈ ദുഃഖത്തിനും ഉള്ളുലക്കുന്ന ഈ വേദനകൾക്കുമപ്പുറം ദുരന്തമെടുത്തു പോയ ആത്മാക്കളുടെ നിസ്സഹായമായ നിലവിളികൾ കാതോർത്ത് അവർ
അവരുടെ രക്തബന്ധങ്ങളെ തിരഞ്ഞ് കണ്ണുനീർ വാർക്കുന്നത് ഞങ്ങൾ കണ്ടു.
സഹസ്രാബ്ധങ്ങളിലൂടെ പ്രകൃതിയോട് പടപൊരുതിയാണ് മനുഷ്യൻ ഭൂമിയിൽ നിലനിന്നത്. അഗ്നിപർവ്വതവും ഉരുൾ പൊട്ടലും കൊടുങ്കാറ്റും അതിജീവിച്ചു തന്നേയാണ് മനുഷ്യൻ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത്. ശാസ്ത്ര സാങ്കേതിക വിദ്യകൾ എന്തിനും പരിഹാരമാണ് എന്ന നമ്മുടെ അഹന്തക്ക് നേരെ
പ്രകൃതിയുടെ കോപം ഉരുൾപൊട്ടലായുംഭൂകമ്പമായും ഇന്നും പരിഹസിച്ച് ചിരി ക്കുകയാണ്. ആ ചിരി ഇവിടെ ഈ തകർന്നടിഞ്ഞ മൺകൂനകൾക്കപ്പുറം
ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായആനക്കട്ടിക്ക് മുന്നിൽ നിൽക്കുമ്പോൾ
കൂടുതൽ നമ്മെ ഈറനണിയിക്കും.
എങ്കിലും വയനാടിൻ്റെ ഈ കണ്ണീർമലക ളുടെ താഴ് വാരങ്ങൾ സ്വഭാവികതയിലേ ക്ക് മെല്ലെ മെല്ലെ നീങ്ങുകയാണ്.മറവി എന്ന വരദാനമില്ലെങ്കിൽ നമ്മുടെ കണ്ണുകൾക്ക് വിശ്രമമുണ്ടാവില്ലല്ലോ.ആ മറവിയാണ് നമ്മെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അതിനാൽ ജൂലായ്മുപ്പതിൻ്റെ ആ കാളരാത്രിയും നാം മറക്കും. ആ മറവിയിലും നാം മറക്കാൻ പാടില്ലാത്ത ചില സത്യങ്ങളുണ്ട്.ഒരു പരിതിക്കപ്പുറം പ്രകൃതി യോട്മത്സരിച്ച് നമുക്ക് നീങ്ങാനാവില്ല എന്ന സത്യം. കാരണം പരശതം സഹ സ്രാബ്ധങ്ങൾക്ക് മുമ്പ് അഗ്നിപർവ്വതങ്ങളായും അതിൻ്റെ ലാവാ പ്രവാഹങ്ങളായും തിളച്ചു മറിഞ്ഞ് പലവിധത്തിൽ ഭൗമ തലത്തിൽ ഉറച്ചു രൂപംകൊണ്ട മലകൾക്കും മൺ കൂനകൾക്കും ഇടയിൽ ഏത് മേഖലയാണ് ജലസമ്മർദ്ധത്തിൽ പൊട്ടിപ്പിളരുക എന്ന് ആർക്ക് പറയാനാകും?. മലകളെ ആണിയാക്കി ഭൂമിയുടെ സമതുലനത്തിനായി നാം പ്രതിഷ്ഠിച്ചിരിക്കുന്നു എന്നാണ് വേദഗ്രന്ഥം പറയുന്നത്.എന്നാൽ പലപ്പോഴും നമ്മൾ മതത്തിൻ്റേയും ശാസത്രത്തിൻ്റേയും മുന്നറിയിപ്പുകൾ അഗണ്യ കോടിയിൽ തള്ളി മലകളും കുന്നുകളും വെട്ടിപ്പിളർത്തുന്നു. അല്ലെങ്കിൽ പരിസ്ഥിതി ലോല
പ്രദേശങ്ങളിൽ നിർമ്മിതികൾ കെട്ടി പൊക്കി പ്രകൃതിയെ പരിഹസിക്കുന്നു.
ഈ പരിഹാസത്തിന് പ്രകൃതി നമുക്ക് നൽകുന്ന മുന്നറിയിപ്പായി വേണം
ഇത്രം ദുരന്തങ്ങളെ നമുക്ക് കാണാൻ.

By ivayana