ഞാൻ ഇന്നലെ രണ്ടു
സുഹൃത്തുക്കളെ കണ്ടു.
രണ്ടാളേയും കുറച്ചു കാലങ്ങൾക്കു ശേഷമാണു കാണുന്നത്.
കുശല ഭാഷണങ്ങളിൽ
ഒരാളുടെ പ്രശ്നം –
ഭാര്യയുടെ പ്രേരണയാൽ
വീട്ടിലെ അടുക്കള നവീകരണത്തിന്
30 ലക്ഷത്തോളം രൂപ ചിലവായി.
അതു കൊണ്ട് നിർധനനായ
സ്വന്തം സഹോദരന്റെ
അടിയന്തിര ശസ്ത്രക്രിയയ്ക്ക് സഹായിക്കാനായില്ല.
ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന
ഈ സഹോദരൻ എന്റെ അടുത്ത
സുഹൃത്തായതു കൊണ്ടാണ്
ഈ വിശദീകരണം എന്നു തിരിച്ചറിയാൻ
എന്റെ ഈ ബുദ്ധി മതി.
രണ്ടാമത്തെ സുഹൃത്തിന്റെ വിശേഷം .
ആ സുഹൃത്തിന്റെ ഗൃഹനിർമ്മാണം
മുടങ്ങിയത് എന്തു കൊണ്ട് എന്ന
എന്റെ അന്വേഷണത്തിനുള്ള മറുപടി.
“ഗൃഹനിർമ്മാണത്തിനായി
സഹകരണ ബാങ്കിൽ നിന്നും
വായ്പ കിട്ടിയ സമയത്തു
സഹോദരന്റെ മകളുടെ വിവാഹം ഉറച്ചു .
പണം വിവാഹത്തിനായി ചിലവാക്കി.
ഇനി അവന്റെ സ്ഥലം വിറ്റാൽ പണം കിട്ടും.
അപ്പോൾ ഗൃഹനിർമ്മാണം
വീണ്ടും തുടങ്ങാം.
വീടു പണി കുറച്ചു വൈകിയാലും സാരമില്ല.
പെൺകുട്ടിയുടെ കല്യാണം അങ്ങനെയല്ലല്ലോ…”
അവൻ കൂട്ടിച്ചേർത്തു.
ഞാനാലോചിച്ചു…
ഈ സുഹൃത്തുക്കളിൽ
ആദ്യത്തെ ആൾ പള്ളിയിൽ
സ്ഥിരമായി പോകുന്നവനും
പള്ളിക്കാര്യത്തിനായി ധാരാളം പണം
കൊടുക്കുന്നവനുമാണ്.
രണ്ടാമത്തെ സുഹൃത്ത്
എപ്പോഴെങ്കിലും പള്ളിയിൽ
പോകുന്നവനാണ് . ഞാൻ ഈ കുറിപ്പ്
എഴുതാനുള്ള കാരണം.
കഴിഞ്ഞ രാത്രിയിലെ എന്റെ സ്വപ്നമാണ്.
ഒരു കയ്യിൽ വാളും മറുകയ്യിൽ കുരിശും പിടിച്ച –
പാറി പറന്ന മുടിയിഴകളും
സംഹാര ഭാവവുമുള്ള –
യേശു എന്റെ മുന്നിലൂടെ
നടന്നു പോകുന്നു.
പിന്നെ ഞാൻ ഉറങ്ങിയില്ല.

തൊടുവർ

By ivayana