അഴൽപൂണ്ടെൻ ഹൃദയത്തിലഗ്നിയാളീടുമ്പോ-
ളഴകെഴുമോമൽ കാവ്യാംഗനേ നീ
അരികിൽ വന്നൊരുനുള്ളു സ്നേഹം പകർന്നെന്നെ-
യരികത്തു ചേർത്തണച്ചൊന്നു നിർത്തൂ
ഒരുവരുമില്ലെനിക്കൊരുതുണയേകിടാൻ
കരളിലാനന്ദക്കുളിരുതിരാൻ
അരിയൊരാ കനവുകൾ കണ്ടുക,ണ്ടെപ്പൊഴും
നിരുപമേ നീമാത്രമായ് മനസ്സിൽ!
അരിമുല്ലവല്ലികൾ പൂവിട്ടുപുലരിയിൽ,
പരിമൃദുഗന്ധംപൊഴിക്കെ മോദാൽ,
ഒരുനൂറു ശലഭങ്ങളെത്തുന്നു ചുറ്റിനും,
വിരവോടതിൻനറു തേൻനുകരാൻ!
നിറതിങ്കൾ വാനിലങ്ങുദയംപൂണ്ടീടുമ്പോ-
ളറിയാതെ നിന്നെഞാനോർത്തുപോയി
അകലെ മറഞ്ഞേവംനിൽക്കാതൊന്നമലേ,
തകൃതിയിലെൻ മുന്നിലെത്തുകാർദ്രം
അനുരാഗലോലനായവനിയിൽ നിർനിദ്ര-
മനവദ്യ ഭാവശതങ്ങൾ തൂകി,
ഒരു നൽപ്രഭാതത്തിൻ വരവുംപ്രതീക്ഷിച്ചു
പരിമള ഗാത്രീഞാനന്നിരിക്കേ,
കരതാരിൽ മുത്തിനീ പരിരംഭണങ്ങളാൽ,
സുരുചിര കാവ്യങ്ങളെത്രയോതി!
തരളിത ഹൃദയത്തിൻ തംബുരുമീട്ടിഞാ-
നരുമസഖീ,നിന്നെക്കാത്തുകാത്തു,
പകലെന്നോ,യിരവെന്നോ,യേതേതുമില്ലാതെ –
യകതാരിലോമൽ സ്മൃതികളുമായ്
പ്രണയത്തിന്നതിലോല മുദ്രയും കാട്ടിനീ-
യണയുന്ന കാണുവാനായുദാരം
വിരഹകലുഷിതമായൊരെൻ മനതാരിൻ
ചിരപരിതാപം മറന്നുനിൽപ്പേൻ
കരിമിഴിയാളേനീ കളകളംപാടിയെ-
ന്നരികേ വന്നെത്തീടുകാത്തമോദം.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana