പ്രാർത്ഥനയോടെ സ്വാതന്ത്ര്യദിനാശംസകൾ ! വന്ദേ മാതരം!
ഭാരതമാതാ കീ ജയ് !
ഭാരതത്തിൻ മക്കൾ നമ്മൾ
ഭാരതത്തെയറിയണം
ഭാരതത്തിൻ കാതലായ
നന്മ നാമുണർത്തണം!
നല്ല നേരിൻ മാർഗ്ഗമോതി
മക്കളെ വളർത്തി നാം
പൂർവ്വികർ തൻ സ്വാഭിമാനം
കൈവിടാതെ കാക്കണം.
പണ്ടുകാലമേറെ കഷ്ട –
നഷ്ട ദു:ഖം പേറിയോർ
ഏറെ ത്യാഗം ചെയ്തു നേടി
ത്തന്ന സ്വാതന്ത്ര്യത്തെ നാം
വാഴ്ത്തിയെന്നും പൂർവ്വികരെ
ഹൃത്തിൽ പൂജ ചെയ്യണം
നാടിനു നാം നന്മയേകാൻ
സദ്പ്രവർത്തി ചെയ്യണം.
സജ്ജനങ്ങളൊത്തു നമ്മൾ
സന്മനസ്സായ് വാഴണം
നമ്മളൊറ്റ ജാതിയെന്ന
ചിന്തയോടെ വാഴണം.
അമ്മയായ ഭൂമിമാതാ
ഭാരതാംബയല്ലയോ – !
അമ്മയെ നാം കൈവണങ്ങി
ഐക്യമോടെ വാഴണം!
ഭാരതത്തിന്നന്ത:സത്ത
നമ്മളായുയർത്തണം
മാതൃരാജ്യസ്നേഹമോടെ
സോദരരായ് വാഴണം.
ഒരു മനസ്സായ്, ഒരു വചസ്സായ്
ഒരുമയുള്ള മക്കളായ്!
ഭാരതീയരെന്ന പേരിൽ
ശിരസ്സുയർത്തി നിൽക്കണം.!
…………………….
വന്ദേ മാതരം..!
രചന: മാധവി ടീച്ചർ, ചാത്തനാത്ത്’.