” ഡീ.. നീയെന്താ ഒന്നും മിണ്ടാതെ എന്തെങ്കിലുമൊക്കെ പറയ് പെണ്ണെ”
” ആ കിളിനാദം ഒന്നു കേൾക്കാനും വേണ്ടിയല്ലേ ഞാൻ വിളിക്കുന്നെ.. “
മറുവശത്തു സരികയുടെ ചിരി കേട്ടു അവന്റെ മനസ്സ് തരളിതമായി.
“ഹാവൂ ആശ്വാസമായി…”
” എന്തെ…ഇന്ന് പൊണ്ടാട്ടി വിളിച്ചില്ലേ “
” അയ്യോ വിളിക്കണ്ട… ആ ശബ്ദം കേട്ടാൽ അന്നത്തെ ദിവസം പോയി. നിന്റെ ശബ്ദം കേൾക്കുമ്പോ ഉള്ളിൽ ഏതോ മഞ്ഞു വീണ ഫീലിംഗ്സ് ആണെനിക്ക്.
അവളെ വിളിച്ചാൽ പിന്നെ കാക്കകൂട്ടിൽ കല്ലെറിയുമ്പോലെയാ… പോരാത്തതിന് ആ പാറക്കല്ലിൽ ചെരട്ടയുരയ്ക്കുമ്പോലെയുള്ള സൗണ്ടും “
.
അയാളുടെ വാക്കുകളിൽ ഭാര്യയോടുള്ള വെറുപ്പ് നിറഞ്ഞിരുന്നു
” അച്ചോടാ.. അവള് കേൾക്കണ്ട”
സരിക പൊട്ടിച്ചിരിച്ചു…
” ശരി ഞാൻ വയ്ക്കുവാ… സതീശേട്ടന് ഡ്യൂട്ടിക്കു പോകണ്ടേ . ഞാൻ ശല്യപ്പെടുത്തുന്നില്ല “
” അതൊന്നും സാരമില്ല. നീയെപ്പോ വേണമെങ്കിലും വിളിച്ചോ… ഞാൻ ഫോൺ എടുക്കും. ഇന്ന് അല്ലെങ്കിലും ഞാൻ ഫ്രീയാണ്. ഇന്നലെ പറയാൻ വിട്ടുപോയി. ഇന്ന് ഇവിടെ അവധിയാ. എം. ഡി. യുടെ അനിയന്റെ എൻഗേജ്മെന്റ് ആണ്. “
” അപ്പൊ പിന്നെ സംസാരിക്കാം. ഇവിടെ ആരുമില്ല. പിള്ളേരൊക്കെ പോയി. അങ്ങേര് അതിരാവിലെ പോയി. ഓഫീസിൽ ഇന്ന് ഇൻസ്‌പെക്ഷൻ ഉണ്ട്. “
” സതീശേട്ടൻ എന്നാ വീട്ടിൽ വരുന്നേ. “
” എനിക്കും അതെ. പക്ഷെ… ഉടനെയൊന്നും വരവ് നടക്കില്ല. മിക്കവാറും രണ്ടു മൂന്നു മാസം കഴിയും “
” എന്നാൽ ഞാൻ അങ്ങോട്ട് വരാം. “
അവൾ തമാശ പറഞ്ഞു
സരികയുടെ മറുപടി കേട്ട് അയാൾക്ക് വല്ലാത്ത ആനന്ദം തോന്നി..
അയാൾ
സതീശൻ
കോഴിക്കോട് ജോലി ചെയ്യുന്നു.
ഭാര്യ വരദയും രണ്ടു മക്കളും കോട്ടയത്താണ്
ഇവിടെ വന്നിട്ട് അഞ്ചുവർഷത്തോളമായി.
. നല്ലൊരു സുഹൃത്ത് ആണ് സരിക. അവൾക്ക് തങ്ങളുടെ കുടുംബവുമായി അകന്ന ഒരു ബന്ധവുമുണ്ട്. ബന്ധുവാണെങ്കിലും സോഷ്യൽ മീഡിയ വഴിയാണ് സരികയുമായി കൂടുതൽ പരിചയത്തിലായത്
അവളും വിവാഹിതയാണ് ഭർത്താവ് രവിയും രണ്ടു മക്കളും ഉണ്ട്..
” എന്തായാലും വളരെ പെട്ടെന്ന് തന്നെ ഞാൻ വരും. എനിക്കെന്റെ പെണ്ണിനെ കാണാൻ തിടുക്കമായി “
” അപ്പൊ വരദയെ കാണണ്ടേ “
അവൾ അമർത്തിയ ചിരിയോടെ ചോദിച്ചു. “
“ദേ നീ രാവിലെ എന്റെ വായിലിരിക്കുന്നതൊന്നും കേൾക്കരുത് “
പെട്ടെന്ന് ഫോണിൽ വരദയുടെ നമ്പർ തെളിഞ്ഞു
” ദേ പറഞ്ഞതെയുള്ളൂ.. വിളിക്കുന്നുണ്ട്. നാശം “
അയാൾ ദേഷ്യത്തോടെ പറഞ്ഞു.
” പ്രേമിക്കുന്ന സമയത്ത് ഇതൊന്നും തോന്നിയില്ലേ. അല്ലെങ്കിലും അതങ്ങനെയാണല്ലോ അല്ലെ “
സരിക എന്തോ അർത്ഥം വച്ചു പറഞ്ഞു.
“ഞാൻ വിളിക്കാം”
അയാൾ ഫോൺ കട്ട് ചെയ്തു.വരദയെ വിളിച്ചു
” ഹലോ “
” ആഹ്… പറയ് “
” എവിടെയാ ഏട്ടാ “
” ഞാൻ ഡ്യൂട്ടിയിൽ. എന്തെ “
” ഒന്നുല ഒന്നു വിളിക്കണമെന്ന് തോന്നി “
” അതെന്താ പതിവില്ലാതെ “
” അതെന്താ അങ്ങനെ ചോദിച്ചേ. ഞാൻ അങ്ങോട്ട് വിളിക്കാറില്ലേ… “
” ഡ്യൂട്ടിക്കിടയിൽ ശല്യമാവാതെ നീയൊന്നു വച്ചിട്ട് പോയെ. മനുഷ്യനെ വെറുതെ മെനക്കെടുത്താതെ “
” ഉം. ശരി.. കഴിയുമ്പോ വിളിക്കണേ മറക്കാതെ “
ഓക്കേ പോലും പറയാതെ മറുഭാഗത്തു ഫോൺ കട്ടായി.
മൂന്നുവർഷം സ്നേഹിച്ചു വിവാഹം കഴിച്ചതാണ് രണ്ടുപേരും.
എല്ലാവരെയും ഉപേക്ഷിച്ചു സതീഷിന്റെ കൂടെ ഇറങ്ങിതിരിച്ചപ്പോൾ അവൾക്ക് യാതൊരു സങ്കടവും തോന്നിയില്ല.
സ്വർഗ്ഗമായിരുന്ന ജീവിതം എപ്പോഴാണ് നരകമായത്.. ജീവിതത്തിന്റെ പരുക്കൻ യഥാർഥ്യങ്ങൾ നേരിടാൻ കഴിയാതെ വന്നപ്പോൾ തുടങ്ങി പരാജയങ്ങൾ. പിന്നെ വീട്ടുകാർ അംഗീകരിച്ചപ്പോൾ അവരുടെ അനാവശ്യമായ ഇടപെടലുകൾ എല്ലാം നെഗറ്റീവ് ആയി…
പക്ഷെ അവളുടെ ഉള്ളിലുള്ള സ്നേഹത്തെ മനസ്സിലാക്കാതെ അയാൾ
മറ്റു പ്രണയങ്ങളെ തേടിപ്പോയപ്പോൾ അവിടെ നഷ്ടമായത് ഒരു കുടുംബത്തിന്റെ സമാധാനമാണ്,.. അത് തിരുത്താൻ അവളും ശ്രമിച്ചില്ല.
” വരദ എന്ത് പറഞ്ഞു “
“ഓഹ് എന്ത് പറയാൻ.. ഞാൻ പെട്ടെന്ന് വച്ചു. അവൾക്കു ഒന്നും പറയാനില്ല. വെറുതെ വിളിക്കണം എന്ന് തോന്നിയതാണെന്ന് “
” അവൾക്ക് നിങ്ങളോട് ഒത്തിരി ഇഷ്ടമുണ്ട് മനുഷ്യാ “
” ഉം. പിന്നെ.. ഇഷ്ടം ..”
” അത് നിങ്ങൾ തിരിച്ചറിയാത്തതാ പ്രശ്നം. നിങ്ങൾ നിങ്ങളുടെ ഭാഗം മാത്രേ ചിന്തിക്കുന്നുള്ളു.
” നീയെന്താ അവളുടെ വക്കാലത്തുമായി ഇറങ്ങിയിരിക്കുവാണോ? “
അയാൾ നീരസത്തോടെ ചോദിച്ചു.
” അയ്യോ ഞാൻ ഒന്നും പറയുന്നില്ല. എനിക്ക് നിങ്ങളോട് സ്നേഹം ഉണ്ട്. പക്ഷെ ഞാനും ഒരു പെണ്ണാണ്. ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും.ശരിക്കും അവൾ നിങ്ങളുടെ ഭാഗ്യമാണ്. ചിന്തിച്ചു നോക്ക്.
വീട്ടിലെ എന്തെങ്കിലും ഒരു കാര്യം അവൾ നിങ്ങളെ അറിയിക്കുന്നുണ്ടോ. പിള്ളേരുടെ കാര്യം. നിങ്ങളുടെ അച്ഛനമ്മമാരുടെ കാര്യം..
എന്തെങ്കിലും വാങ്ങിത്തരുന്നില്ലായെന്ന് പരാതി പറഞ്ഞു നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ. നല്ല വിദ്യാഭ്യാസമുണ്ടായിട്ടും ജോലിക്ക് പോലും ശ്രമിക്കാതെ അവൾ നിങ്ങളുടെ കുടുംബത്തോടൊപ്പം ജീവിച്ചു തീർക്കുകയാണ്. കഴിവുകളേറെ ഉണ്ടായിട്ടും അവയെല്ലാം ഉള്ളിലടക്കി വച്ചു അവൾ ജീവിതം കഴിച്ചു കൂട്ടുന്നു.
അവൾ ഫോൺ വച്ചു..
സതീഷിന്റെ മനസ്സിൽ അസ്വസ്ഥതയുടെ കുമിളകൾ പെരുകി.
വരദ….
ഒരു കാലത്ത് തന്റെ എല്ലാമായിരുന്നവൾ..
തന്റെ സ്വപ്നവും ജീവിതവും എല്ലാം.
പിന്നീട് പ്രാരാബ്ധങ്ങൾ ജീവിതത്തെ വരിഞ്ഞു മുറുക്കിയപ്പോൾ എപ്പോഴോ മനസ്സിലെ പ്രണയം നഷ്ടമായി
എപ്പോഴും അവൾ തിരക്കിലായിരിക്കും.
ഒന്നുകിൽ അടുക്കളയിൽ… അല്ലെങ്കിൽ പിള്ളേരുടെ പിന്നാലെ.. തന്റെ കാര്യം ശ്രദ്ധിക്കാൻ തീരെ സമയമുണ്ടാകാറില്ല.. അവൾ പണിയൊക്കെ തീർത്തു വരുമ്പോഴേക്കും താൻ ഉറക്കത്തിലാവും.
ആദ്യമൊക്കെ അവൾക്കു പരാതി യായിരുന്നു സ്നേഹമില്ല എന്ന്. അത് കേട്ട് കേട്ട് മടുത്തുപോയി…അത് പിന്നെ ചെറിയ ചെറിയ വഴക്കുകളിലെത്തി. പിന്നെ അത് മാനസികമായ അകൽച്ചയുടെ തുടക്കത്തിലെത്തിച്ചു… ഇപ്പൊ ഏറെക്കുറെ അങ്ങനെ തന്നെയാണ്.
ആ നാട്ടിൽ നിന്നും വേറെ എവിടെയെങ്കിലും പോയി ജോലി ചെയ്യാമെന്ന് കരുതിയതതുകൊണ്ടാണ്.
ഈ നഗരത്തിൽ ജോലിക്കായി എത്തിയതിനു ശേഷം താൻ ലൈഫ് ഒത്തിരി എൻജോയ് ചെയ്യുന്നുണ്ട്.
മക്കളെ കുറിച്ചോർത്തപ്പോൾ അയാൾക്ക് വിഷമം തോന്നി.. പെട്ടെന്ന് കാണാൻ തോന്നി…
വീട്ടിലെ ഒരു കാര്യങ്ങളും അറിയുവാൻ താൻ ശ്രമിച്ചിരുന്നില്ലെന്ന് അന്നാദ്യമായ് അയാൾ ചിന്തിച്ചു.
സരികയുടെ വാക്കുകൾ ഉള്ളിൽ എന്തോ ഒരു ചലനം ഉണ്ടാക്കിയത് പോലെ അയാൾക്ക് തോന്നി.
കടന്നുപോയ നാൾ വഴികൾ അയാളുടെ മനസ്സിലേക്ക് ഓടിയെത്തി.. അപ്പൊ വരദയുടെ ഒരു നെഗറ്റീവ് പോലും കണ്ടെത്താൻ അയാൾക്ക് കഴിഞ്ഞില്ല. താൻ അവളെ കാര്യമായി പരിഗണിച്ചില്ല എന്നതാണ് സത്യം.
അയാളുടെ ഉള്ളിൽ കുറ്റബോധം നിറഞ്ഞു.. ഫോണിൽ വരദയുടെ നമ്പറിലേക്ക് കാൾ ചെയ്തു..
ഏറെ നേരം ബെല്ലടിച്ചു. അവൾ ഫോൺ എടുത്തില്ല…
കുറെ സമയം കഴിഞ്ഞു വിളിക്കാമെന്ന് കരുതി അയാൾ പുറത്തേക്കിറങ്ങി…
ലഞ്ചിനുള്ള ഫുഡ്‌ ഓർഡർ ചെയ്തിട്ട് നിൽക്കുമ്പോഴാണ് വിനോദിന്റെ കോൾ വന്നത് . തന്റെ അളിയൻ വരദയുടെ സഹോദരൻ.
” അളിയാ “
വിനോദിന്റെ ശബ്ദത്തിൽ പരിഭ്രമം കലർന്നിരുന്നു.
” അളിയാ നീ പെട്ടെന്ന് വാ. വരദ ഹോസ്‌പിറ്റലിൽ ആണ്. ഇന്ന് അവൾ തല ചുറ്റി വീണു.ഇപ്പോ കൊണ്ടുവന്നേയുള്ളു..”
” ങ്ങെ.. എന്തുപറ്റി. ഡോക്ടർ എന്തുപറഞ്ഞു? “
” ടെസ്റ്റുകളൊക്കെ നടക്കുന്നതേയുള്ളു. നീ എന്തായാലും പെട്ടെന്ന് തിരിക്കാൻ നോക്ക്. പിള്ളേർ ഭയങ്കര സങ്കടത്തിലാണ്. ഇന്ന് അവളുടെ പിറന്നാൾ ആയിരുന്നില്ലേ. വൈകുന്നേരം അടിച്ചു പൊളിക്കാമെന്നൊക്കെ പിള്ളേർ സന്തോഷിച്ചിരുന്നതാ “
” ഉം. ശരി.. ഞാനുടൻ ഇറങ്ങാം.. “
അപ്പോൾ പിറന്നാൾ വിഷ് ചെയ്യുമെന്ന് കരുതിയായിരിക്കും അവൾ രാവിലെ വിളിച്ചത്. താൻ ഓർത്തത് കൂടിയില്ല.. “
അയാളുടെ ഉള്ളിൽ ഒരു നേർത്ത വിങ്ങലുണ്ടായി.. തന്റെ എല്ലാ പിറന്നാളും അവൾ ഓർത്തിരുന്നു ആഘോഷിക്കാറുണ്ടായിരുന്നു…
എന്തെങ്കിലും ഒരു ഗിഫ്റ്റ് വാങ്ങി കൊണ്ടുപോകണം.. ഒരു സാരി വാങ്ങാം അവളുടെ ഇഷ്ടനിറം വയലറ്റ് ആണ്..
ആ നിറത്തിലുള്ള ഒരു സാരിയും വാങ്ങി അയാൾ പുറപ്പെട്ടു…
ഏകദേശം നാലരമണിക്കൂറോളം എടുത്തു ഹോസ്പിറ്റലിൽ എത്താൻ..
ഹോസ്പിറ്റലിന്റെ വാതിൽക്കൽ വിനോദ് നിൽപ്പുണ്ടായിരുന്നു.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായികൂടെ അയല്പക്കത്തെ മധുച്ചേട്ടനുമുണ്ട്
” അളിയൻ എത്തിയോ… ഇതെന്താ അവർക്കുള്ള പിറന്നാൾ സമ്മാനം ആയിരിക്കുമല്ലേ.. ഇനിയിപ്പോ ഇത് അവൾക്ക് പുതപ്പിച്ചു കൊടുത്താൽ മതി.. അവൾ പോയി അളിയാ “
വിനോദ് പരിസരം മറന്നു പൊട്ടിക്കരഞ്ഞു..
സതീഷിന്റെ മനസ്സിലൂടെ വെള്ളിടി പാഞ്ഞു.
” നീയെന്താ ഈ പറയുന്നേ. “
മധുച്ചേട്ടൻ സതീഷിന്റെ തോളിൽ കയ്യ് വച്ചു
“സതീഷേ… അവൾക്ക് ലുക്കീമിയ ആയിരുന്നു… ആരുമറിഞ്ഞില്ല ഒന്നും. അവൾ അറിഞ്ഞത് ഈയിടെയാണ് അങ്ങനെ അവൾ ഡോക്ടറെ കാണാൻ ഒറ്റയ്ക്ക് വന്നു…ലാസ്റ്റ് സ്റ്റേജ് ആയിരുന്നുവത്രെ.
ആറു മാസത്തിനപ്പുറം പോവില്ലെന്ന് ഡോക്ടർ പറഞ്ഞുവത്രെ.. ഇതൊക്കെ ഇപ്പൊ ഡോക്ടർ പറഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്. ആരോടും പറയരുതെന്ന് അവൾ ഡോക്ടറുടെ കാല് പിടിച്ചുവെന്ന് “
” എന്റെ ദൈവമേ… ഞാൻ…. “
സതീഷിന്റെ നെഞ്ചകം കലങ്ങി…
വാ… രണ്ടാളെയും കൂട്ടി മധു അകത്തേക്ക് പോയി.
അവർ കണ്ടു. വെള്ളത്തുണിയിൽ പൊതിഞ്ഞു ഒരു മാലാഖയെപ്പോലെ അവൾ…
പരിഭവങ്ങളും പരാതികളും ഒന്നുമില്ലാത്ത ലോകത്തേക്ക്.. ഭൂമിയിലേക്ക് വന്ന അതെ ദിവസം തന്നെയുള്ള മടങ്ങിപ്പോക്ക്.
സതീഷിന്റെ കയ്യിൽ നിന്നും അവൾക്കുള്ള സമ്മാനം നിലത്തേക്ക് വീണു…. വയലറ്റ് പൂക്കൾ അവളോടൊപ്പം കൊഴിഞ്ഞു വീഴും പോലെ….
കൂടെയുള്ളപ്പോൾ സ്നേഹത്തിന്റെ വില ആർക്കും മനസ്സിലാവില്ല.. നഷ്ടപ്പെടുമ്പോഴാണ് ആ സ്നേഹം നമ്മെ എത്ര ആഴത്തിൽ പൊതിഞ്ഞു പിടിച്ചിരുന്നുവെന്നറിയാൻ കഴിയുന്നത്. അനന്തതയിലേക്ക് മടങ്ങുന്ന പ്രിയപ്പെട്ടവർ ഒരിക്കലും അതെ രൂപത്തിൽ നമുക്ക് തിരികെ കിട്ടില്ല… നഷ്ടപെടലുകൾ കൊണ്ടുപോകുന്നത് നമ്മുടെ ആത്മാവിനെയാണ്… ഇവിടെയുള്ളത് വെറും ശരീരം മാത്രം 🙏🙏

By ivayana