സ്വാതന്ത്ര്യംകിട്ടിയ നാൾമുതലീനമു-
ക്കാതങ്കമല്ലാതെന്തുണ്ടു വേറെ?
ജാതിമതങ്ങളെയൂട്ടിവളർത്തുന്ന
ഘാതക വൃന്ദങ്ങളായിമാറി,
രാഷ്ട്രീയ മേലാളൻമാരവരൊക്കെയും
രാഷ്ട്ത്തെയൊന്നായ് ഹനിക്കയല്ലീ!
ഭാരതമെന്നപേർ കേട്ടാലപമാന-
ഭാരംകൊണ്ടുള്ളം പിടഞ്ഞിടുന്നു!
ഗാന്ധിയെനമ്മൾ മറന്നു പൊടുന്നനെ
യാന്ത്രികമാക്കിയീ ജീവിതത്തെ,
എന്തെന്തഹങ്കാര വിധ്വംസനങ്ങളാൽ
സന്തതം ഭ്രാന്തമായ് മാറ്റിടുന്നു!
നാടിൻ്റെ പൈതൃകമൊന്നുമേ കാണാതെ,
നേടുവാനുള്ളൊരാ വ്യഗ്രതയിൽ
പാടേമനുഷ്യർ മൃഗങ്ങളായ് മാറുന്നു,
കാടത്തമാർന്ന മനസ്സുമായി
എന്തെല്ലാമെന്തെല്ലാം സ്വപ്നങ്ങൾ കണ്ടുക-
ട്ടന്തിയുറങ്ങിയീ,മന്നിൽ നമ്മൾ
ഒക്കെയും തച്ചുതകർത്തെറിഞ്ഞയ്യയ്യോ,
മർക്കടമുഷ്ടിയുമായ് നിഷാദർ!
സ്വാതന്ത്ര്യംവേണം മനുഷ്യനതുപക്ഷേ,
പാതകമാക്കിനാം മാറ്റിടാമോ?
നാഥനില്ലാത്ത കളരിയായീനാട-
നാഥമായ് മാറുകയാണുനീളെ
നീതിപീഠങ്ങൾക്കുമുന്നിലായ് ചെന്നാലും
നീതിലഭിക്കില്ലെന്നായി കഷ്ടം!
സ്വാച്ഛാധിപത്യത്തിൻ വാൾമുനനീളുമ്പോൾ,
സ്വച്ഛന്തമെങ്ങനെ നമ്മൾവാഴും?
ഭാവിതൻഭാരതം കെട്ടിപ്പടുക്കുവാ-
നാവോ,യിങ്ങെത്രപേർ മൃത്യുപൂകി!
ധർമ്മപതാകകളല്ലയിന്നാട്ടില-
ധർമ്മപതാകകളല്ലോ കാൺമൂ!
ഗാന്ധിജിയെക്കൊന്നെറിഞ്ഞവരെങ്ങെങ്ങും
ശാന്തിമന്ത്രങ്ങൾ ജപിപ്പു നിത്യം!
വേദംപിറന്നൊരീ നാടിനെയല്ലെയോ
വേദനകൊണ്ടു മൂടുന്നുമൂഢർ!
സ്വാതന്ത്ര്യം കിട്ടിയോരാദിനം പിന്നെയു-
മാഗതമായി നമുക്കുമുന്നിൽ!
ഏതഴലു,മുള്ളിലായൊതുക്കിത്തുലോം
ഖ്യാതിയോടായതാഘോഷിപ്പു നാം.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana