ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ആഗസ്റ്റ് 15 , സ്വാതന്ത്ര്യദിനം ആയി ഇൻഡ്യൻ ജനത ആഘോഷിക്കുന്നു/ആഘോഷിക്കണം എന്ന് പറയുന്നു.
ഇന്ത്യൻ ചരിത്രത്തിൽ എവിടെ എങ്കിലും ഇത്തരം ഒരു ആഘോഷത്തിന്റെ സാമൂഹിക അന്തരീക്ഷം ഉണ്ടായിട്ട് ഉണ്ടൊ?
മനുഷ്യ ചരിത്രം തന്നെ അധിനിവേശം ആണ്. അത് ആ വംശത്തിന്റെ പരിണാമ ചരിത്രം കൂടിയാണ്.
ഇത്തരം അധിനിവേശത്തിന്റെ ഭാഗം ആണ്, ഇന്ത്യയിലേക്ക്/ഭാരതത്തിലേക്ക് ആൾക്കാർ കടന്ന് വന്നിട്ടുള്ളത്.
ബ്രീട്ടീഷ് കച്ചവടക്കാരും അങ്ങനെതന്നെ ആണ് ഇവിടേക്ക് വന്നതും അവരുടെ കോളനി സ്ഥാപിക്കുന്നതും.അതുപോലെ ലോകം എമ്പാടും.ഇതെല്ലാം മനുഷ്യൻെറ ഭൗതിക വികാസം കൂടി ആണ് സൂചിപ്പിക്കുന്നത്.
എന്നാൽ,ആ കാലഘട്ടത്തിലെ അവിടവിടങ്ങളിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ അവസ്ഥ എന്തായിരുന്നു? ലോകം എമ്പാടും രാജഭരണം ആയിരുന്നു.അടിമ ഉടമ കാലവും. ഭൂമിക്ക് മേൽ അവകാശവും അധികാരവും ഉള്ളവർ ഉടമകൾ,ഇവർ തുലോം തുച്ഛവും.എന്നാൽ അടിമകൾ ആയിരുന്നു മഹാഭൂരിപക്ഷവും.
ഭാരതത്തിന്റെ/ആ കാലഘട്ടത്തിൽ ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ അവസ്ഥ എത്രയോ മോശപ്പെട്ടത് ആയിരുന്നു!?
ആര്യർ, ദ്രാവിഡിയർ എന്ന് തരം തിരിക്കുന്ന മനുഷ്യ വംശത്തിന്റെ അവസ്ഥ ഇന്ത്യയിൽ എങ്ങനെ ആണ് ഉണ്ടായത്? ആര്യർ എന്ന് വിളിക്കുന്നവർ അധിനിവേശ ജനതയും, ദ്രാവിഡിയർ എന്ന് വിളിക്കുന്നവർ ദേശ്യരും ആകുമ്പോൾ, ഈ ആര്യർ എന്ന് വിളിക്കുന്ന വംശം ഇന്ത്യൻ വംശജർ അല്ലല്ലോ?
ഈ ആര്യർ, ദ്രാവിഡിയ വംശത്തിന് മേൽ ആധിപത്യം സ്ഥാപിച്ച്, ബഹുഭൂരിപക്ഷം വരുന്ന ദ്രാവിഡിയ ജനതയെ അടിമകൾ ആക്കി ഭൂമിയുടെ അവകാശവും അധികാരവും കൈക്കലാക്കിയത് അല്ലെ?
അതിനായി, അവർ സൃഷ്ടിച്ച കാല്പനിക കഥകളും നിയമങ്ങളും വിശ്വാസ പ്രമാണങ്ങൾ ആയി ഇവിടുത്തെ ജനതയുടെ മേൽ അടിച്ച് ഏൽപ്പിക്കുകയല്ലെ ഉണ്ടായത്?
ഒരു ദേശത്ത് നിലനിന്നിരുന്ന ആചാര അനുഷ്ഠാനങ്ങളും സംസ്ക്കാരവും അധിനിവേശ വംശത്തിന് അനുകൂലം ആക്കി അവരുടെ മേൽക്കോയ്മ നിലനിർത്താൻ അവരുടെ നിയമങ്ങളും ഫാസിസത്തിലൂടെ തദ്ദേശീയ ജനതയുടെ മേൽ അടിച്ച് ഏൽപ്പിക്കുകയല്ലെ ഉണ്ടായത്? ചാതുർവർണ്യ ഫാസിസ്റ്റ് നിയമം അല്ലെ അതിനായി ഉപയോഗിച്ചത്?
അങ്ങനെ തങ്ങളുടെ കോളനി ഭരണം (ആര്യ വംശം കോളനി ഭരണം)നടത്തിവന്നിരുന്ന ഇടത്തേക്ക്, തങ്ങളുടെ പിൻമുറക്കാർ ആധുനിക സാങ്കേതികവിദ്യയും, ഉത്പന്നങ്ങളും ആയി കടന്ന് വരുകയും,അവർ ഇവിടെ കോളനി സ്ഥാപിച്ച് അധികാരം കൈയടക്കുകയും ആയിരുന്നില്ല?
ആധുനിക അധിനിവേശക്കാർ തദ്ദേശിയ അടിമ സമൂഹത്തിന്, ആര്യ അധിനിവേശക്കാർ നിഷേധിച്ചിരുന്ന അറിവ് നേടാനുള്ള വിദ്യാഭ്യാസം നൽകുകവഴി ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന ജനസമൂഹത്തിന് സ്വാതന്ത്ര്യ ബോധം ഉദിക്കുകയും,അവിടവിടങ്ങളിൽ അതിനായി പലരീതിയിൽ പലപല ആവശ്യങ്ങൾക്ക് ആയി സാമൂഹിക സാംസ്കാരിക പ്രക്ഷോഭങ്ങൾ നടക്കുകയും. ഇതേ കാലഘട്ടത്തിൽ ആര്യ അധിനിവേശ അധികാരികളുടെ അധികാരം നഷ്ടപ്പെട്ട് വരുകയും (ബ്രിട്ടീഷ് കോളനി വാഴ്ചയിൽകൂടി) അതിനെതിരെ പോരാടാൻ, ദ്രാവിഡിയ അടിമ സമൂഹത്തിൻെറ സ്വാതന്ത്ര്യ ബോധത്തെ ബ്രിട്ടീഷുകാർക്ക് എതിരെ തിരിക്കുക ആയിരുന്നില്ല?
മോഹൻദാസ് കരംചന്ദ് ഗാന്ധിയെ, വെള്ളക്കാർ ട്രെയിനിൽ നിന്നും ഇറക്കി വിട്ടതിലൂടെ അല്ലെ അദ്ദേഹത്തിന് സ്വാതന്ത്ര്യം എന്നതാണ് എന്നും അടിമത്തം എന്താണ് എന്നും ബോധം ഉദിച്ചതും , വർണ്ണവെറിക്ക് എതിരെ പ്രവർത്തിച്ചതും?. ആധുനിക അധിനിവേശക്കാർ പുരാതന അധിനിവേശക്കാരെ അടിമകൾ ആയി കാണുവാൻ തുടങ്ങിയപ്പോൾ അവരിലും സ്വാതന്ത്ര്യ ബോധം ഉദിക്കുകയും ഉണ്ടായി?
ഇത് അല്ലെ, ഇന്ത്യൻ സ്വാതന്ത്ര്യസമര കാലത്തെ യഥാർഥ ചരിത്രം?
ബ്രിട്ടീഷ് കോളനി വാഴ്ചയെ പൊതു ശത്രുവായി കാണാനും അവർക്ക് എതിരെ പോരാടാനും അല്ലെ, ഗാന്ധി ഗുരുവിനോട് ആവശ്യപ്പെടുവാൻ കേരളത്തിൽ എത്തിയത്? ഗുരുവിന്റെ വിശ്വ മാനവികത ബോധ തത്വത്തിൽ ആകൃഷ്ടനായി അല്ലെ മഹാനായ ടാഗോർ ഗുരുവിനെ കാണാൻ എത്തിയത്.ഈ രണ്ട് സന്ദർശനവും രണ്ട് ലക്ഷ്യത്തിന് വേണ്ടി ആയിരുന്നു.
“ഒന്ന് തന്നെ അടിമയായി കണ്ട ബ്രിട്ടീഷുകാർക്ക് എതിരെ സ്വാതന്ത്ര്യത്തിന് എതിരേയും .മറ്റൊന്ന്,ഭൂമണ്ഡലത്തിൽ ഇനിയും അടിമത്തം ഉണ്ടാകാതിരിക്കാൻ ഉള്ള സാമൂഹിക സാംസ്കാരിക ബോധം വളർത്തുന്നതിന് വേണ്ടിയും ആയിരുന്നു”.
മഹാഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനതയുടെ അടിമത്വത്തിൽ നിന്നും ഉള്ള സ്വാതന്ത്ര്യ ബോധ സമരങ്ങളെ ബ്രിട്ടീഷുകാർക്ക് എതിരെ ഉള്ള സമരം ആക്കി മാറ്റിയതാണ്, ഗാന്ധിജിയുടെ ഏറ്റവും വലിയ സമരം തന്ത്രം. അതിനായി കാലാകാലങ്ങളിൽ സന്ദർഭം അനുസരിച്ച് മതങ്ങളെയും ആചാരങ്ങളേയും ഉപയോഗിച്ചുവന്നു.
ഇവിടെ എന്താണ് നാം മനസ്സിലാക്കേണ്ടത്?
ഒരു വ്യക്തി ആർക്കും അടിമയായി ഇരിക്കുവാൻ ആഗ്രഹിക്കുന്നില്ല എന്നതാണ്. അടിമത്തം ആണ് ഏറ്റവും വലിയ ശത്രു. അതിനെതിരെ പോരാടാൻ അറിവും വിവേകവും വേണം.അത് ഗാന്ധിയുടെ പക്കൽ ധാരാളം ഉണ്ടായിരുന്നു. അത് വെച്ച്, തന്നെ അടിമയായി കണ്ട ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും ഓടിച്ചു എന്ന് അല്ലാതെ, ആര്യ അധിനിവേശ ചാതുർവർണ്യ ഫാസിസ്റ്റ് സിദ്ധാന്ത ശക്തികളിൽ നിന്നും,ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന തദ്ദേശിയ ജനവിഭാഗങ്ങൾക്ക് മോചനമൊ, സ്വാതന്ത്ര്യമൊ വാങ്ങി കൊടുത്തിട്ടില്ല എന്നത് യാഥാർത്ഥ്യമല്ലെ? അവർക്ക് സ്വാതന്ത്ര്യം എന്നത് എന്നത് വേലികെട്ടി ന് പുറത്ത് ആണ്.
ഗാന്ധിജി അവർക്ക് വാങ്ങികൊടുത്തത് ആധുനിക അധിനിവേശക്കാരിൽ നിന്നും ഉള്ള ഭരണ മോക്കോയ്മ മാത്രം ആണ്.
അപ്പോഴും, അവരുടെ മേൽ അടിച്ച് ഏൽപ്പിച്ച ഫാസിസ്റ്റ് പൊതുബോധം ആയ ചാതുർവർണ്യ സിദ്ധാന്തത്തിൽ നിന്നും ഉള്ള സ്വാതന്ത്ര്യം അവർക്ക് കിട്ടിയിട്ടില്ല.
ഗുരുവിന്റെ മാനവികത പൊതു ബോധം എപ്പോൾ അവരിലേക്ക് സന്നിവേശിക്കുന്നുവൊ അപ്പോൾ മാത്രമെ അവർക്ക് യഥാർഥ സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയു.
“ഞാൻ എന്നോട് തന്നെ നടത്തേണ്ടത് ആണ് യഥാർഥ സ്വാതന്ത്ര്യ സമരം.”
“എപ്പോൾ ആണൊ ഞാൻ സ്വയം ചിന്തിച്ച് സ്വതന്ത്രനാകുന്നത് , അപ്പോൾ മാത്രമെ എനിക്ക് സ്വാതന്ത്ര്യം ആഘോഷിക്കാൻ കഴിയു”

വിജയൻ കെ എസ്

By ivayana