എന്തേ സ്വാതന്ത്ര്യമേ
ചിന്തയിൽ മോഹിക്കും
ചന്തമിയലും നിന്ന-
ന്ത്യമായോ?
കണ്ണുകൾകാതുക-
ളിന്ദ്രീയമൊക്കെയും
കണ്ടറിഞ്ഞീടൂ നിൻ
ഹത്യയെന്നും.
മോഹപ്പൂകൊണ്ടു നീ
മോഹിനിയെന്നപോൽ
ദാഹം ശമിപ്പിപ്പൂ
ദീനതയിൽ.
ആലംബഹീനരായ്
ആർത്തലച്ചീടുവോർ
അന്ത്യം കണ്ടീടു-
ന്നനാഥരായി.
ഉണ്ണാനുടുക്കുവാൻ
കൂരയൊരുക്കുവാൻ
ഇന്നും നീയിവരി-
ലാശയാകെ
മണ്ണിൽ പൊരുതുവോൻ
പൊന്നതാക്കീടുന്നു
മണ്ണോടുമണ്ണായി
തീരും വരെ.
ജാതി മതങ്ങളും
വർണ്ണവെറികളും
ഹത്യഹുതികളില-
തിമോഹർ
നിത്യസത്യങ്ങളെ
നീറ്റിലൊഴുക്കുമ്പോൾ
നിൻനെഞ്ചു നീറുന്ന-
താരു കാണാൻ?
കാവലായ് നിന്നവർ
കാതലായ് ചൊല്ലിയ
കാര്യങ്ങളൊക്കെയും
കാതിലുണ്ടോ?
ഇന്നവർ ഭൂമിയിലി-
ല്ലാതിരിക്കിലും
അന്നവർ ചെയ്തതു
നീ മറന്നോ?
നെഹ്റു നേതാജിയും
ഗാന്ധിയപ്പൂനും
നിന്നിലെ നിൻവില
കണ്ടറിഞ്ഞോർ
നേരറിഞ്ഞന്നവർ
നേടിയ നിൻ മനം
നാളിന്നു മറക്കും
നരാധമർ.
മന്നിലെ സ്വപ്നങ്ങൾ
വിണ്ണുകണ്ടീടുമോ
മന്നവർ ഭൂലോക-
രന്ധരാകെ?
മന്നിലടിമകൾ
മണ്ണിന്നടിമകൾ
വിണ്ണിലുമങ്ങനെ-
യായീടുമോ?

തോമസ് കാവാലം.

By ivayana