ഇന്നത്തെ ഇന്ത്യയുടെ ദിനരാത്രങ്ങളിൽ
ജീവിക്കുമ്പോൾ അനുവദിച്ചുകിട്ടിയ
അർദ്ധരാത്രിയിലെ സ്വാതന്ത്ര്യമെനിക്കു
കൈവെള്ളയിൽ നിറച്ചുതന്നതു
അസമത്വങ്ങളുടെ നിധി.
അർദ്ധഫക്കീറിന്റെ സ്വപ്‌നങ്ങൾ
വലിച്ചുകീറി, നിറയെ പഴുതുകളുള്ള
തണുപ്പരിച്ചിറങ്ങുന്ന കമ്പളം .
പട്ടിണിയുടെ സംഗീതമുയരുന്ന
തെരുവോര മിഴികളിൽ ദൈന്യതയുടെ
വിലാപവും മനഃസാക്ഷിയുടെ
നിലവിളിയും.
സഹജീവിയുടെ രോദനത്തിൽ
ആനന്ദമാടിയ ഹിരണ്യമനസ്സുകൾ
നിറഞ്ഞ ചിത്രങ്ങൾ, മനസ്സുകൾ .
ഹരിതഗണിതങ്ങളിൽ കൂട്ടിക്കുറച്ചതും
മറ്റൊന്നായിരുന്നില്ല
ജീവനൊരാക്രോശത്തിന്റെ വില
മാത്രമെന്നെഴുതിയ വിലവിവരപട്ടികകൾ.
അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം
എനിക്കുതന്നതു സഞ്ചിരിക്കാനുള്ള
വിലക്കുകൾ,എഴുതാനുമറിയാനുമുള്ള
അവകാശനിഷേധങ്ങൾ.
നാവിനു ചങ്ങലകൾ തീർക്കുകയും
രുചിഭേദങ്ങളുടെ രസകുമിളകൾ
പൊട്ടിച്ചുമുള്ള ആഘോഷങ്ങൾ.
അർദ്ധരാത്രിയിലെ സ്വാതന്ത്ര്യമെനിക്കു
സ്വപ്നം കാണാനുള്ള,
ചിന്തകൾ തിരിച്ചറിയാനുള്ള
അവകാശ ധ്വംസനമായിരുന്നൂ…
ഒരർത്ഥത്തിൽ ഇന്നെനിക്കു
അർദ്ധരാത്രിയിലെ സ്വാതന്ത്ര്യമെന്നതു
എന്റെതന്നെ മരണമാണ്
മനുഷ്വത്വത്തിന്റെ മരണം.
എന്റെ ജീവ സ്വാതന്ത്ര്യത്തിന്റെ മരണം.

മാധവ് കെ വാസുദേവ്

By ivayana