രചന : ബിനു. ആർ✍
അരവിന്ദാക്ഷൻ വേദനയിൽ പുളഞ്ഞ് ആണ് ആ ആശുപത്രിയിൽ എത്തിയത്. നഴ്സുമാർ പലരും ഒന്നു ശ്രദ്ധിക്കുന്നതുപോലുമില്ലായിരുന്നു. കാഷ്വ
ലിറ്റിയിൽ ചെന്നുകയറുന്നതിനുമുമ്പേ, ഒരു മുതിർന്ന മാലാഖ അയാളോട് മുരണ്ടു.
“ചീട്ടെടുത്തോ?”
അയാൾ വേദനയിൽ സൗമ്യത നിറച്ചു പറഞ്ഞു.
“ഇല്ല.”
“എന്നാൽ ഇവിടെ നിന്നിട്ട് കാര്യമില്ല.ചീട്ടെടുത്തിട്ട് വാ “.
സർക്കാർ ആശുപത്രിയുടെ പരിപാവനതകൾ തകർക്കുന്ന മുഷിഞ്ഞ മാലാഖമാരുടെ ഈ വരണ്ടകാലത്തിലും മാറാത്ത മുരൾച്ചകളിൽ മനം നൊന്ത് അരവിന്ദാക്ഷൻ രെജിസ്ട്രേഷൻ ഓഫിസിലേയ്ക്ക് ഞൊണ്ടി ഞൊണ്ടി നടന്നു.
മൂന്ന് ദിവസം മുമ്പാണ് അയാളുടെ കാലിൽ ഒരു ആണി കൊണ്ടത്.
അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചെന്ന് ടി ടി എടുത്തിരുന്നു. അന്ന് അവർ മുറിവ് തുരന്ന് എന്തോ ഒക്കെ ചെയ്ത് വരിഞ്ഞുകെട്ടി വിട്ടു.
ഒരിക്കലും ഇതുവരേയ്ക്കും പഴുക്കാത്ത തന്റെ ശരീരം ഇനിയെങ്കിലും പഴുക്കാതെ ഇരിക്കട്ടെ എന്ന് ഉറച്ചതോടെയാണ് ജീവിതത്തിന്റെ ഈ മദ്ധ്യാഹ്നത്തിൽ, ഇതുവരേയ്ക്കും ഒരിക്കലും എടുത്തിട്ടില്ലാത്ത, ടി ടി എടുത്തേക്കാമെന്ന് വയ്ച്ചത്.
പക്ഷേ എവിടെയോ കുഴപ്പംപിടിച്ചു. മൂന്നാം ദിവസം അത് അടച്ചു വീർത്തു. പഴുപ്പ് കാലുനിറഞ്ഞു. കണ്ടവർ പറഞ്ഞു ഉടനെ ഡോക്ടർനെ കാണണം അങ്ങനെയാണ് മികച്ച വൈദ്യശാഖതേടി പലതവണ സംസ്ഥാന സർക്കാരിന്റെ ശുശ്രുഷരംഗത്തിന്റെ മികച്ച സംഭവനയ്ക്ക് പുരസ്‌കാരംനേടിയ ഈ ആശുപത്രിയിൽ സഹായം തേടിയത്.
ക്യു വിൽ നിൽക്കുമ്പോൾ തന്റെ പരിതാവസ്ഥ കണ്ട് ഒരാൾ പറഞ്ഞു.
“ഡോക്ടർ നെ കാണണമെങ്കിൽ വീട്ടിൽ ചെല്ലണം. പലരും അവരവരുടെ വീടുകളിൽ മത്സരിച്ചു രോഗികളെ ചികിൽസിക്കുകയാണ്. “
കാരണം തിരക്കിയപ്പോൾ അന്തിച്ചുപോയി. അവിടെയാണ് ചികിത്സകന്റെ പോക്കെറ്റിൽ കൈയിട്ടുവാരാൻ അവർക്ക് ആവുകയുള്ളു.
രെജിസ്ട്രേഷൻ എടുത്താലും ഡോക്ടർനെ അവിടെപ്പോയി തന്നെ ആദ്യം കാണണം. അല്ലെങ്കിൽ ചികിത്സകൾ ആവഴി ഈവഴി.
അങ്ങനെയെങ്കിൽ മാത്രം ഇവിടുത്തെ മാലാഖമാർക്ക് മുഖം തെളിയുകയുള്ളു. അവർക്കും കിട്ടും ഒരു ചെറിയ പങ്ക്. നമ്മുടെ കീശയിലും അവർ കൈയിടും. കിട്ടിയത് ചെറുതെങ്കിലും അവർക്ക് വേണം.. എല്ലാ രംഗത്തും പലപ്പോഴും പോക്കറ്റിൽ കൈ ഇടേണ്ടി വരും… എങ്കിൽ മാത്രമേ എല്ലാ കാര്യത്തിലും ഒരു പരിഗണനയെങ്കിലും കിട്ടുകയുള്ളു.
ഈ കാലും കൊണ്ട് ഡോക്ടർടെ വീട് തേടി പോകുന്നതിലുള്ള വിഷമം ചേർത്തു വായിച്ചുകൊണ്ടിരിക്കെ,അടുത്ത് കൂടി പോയ മുതിർന്ന മാലാഖയോട് ഒരു കുശലന്വേഷണം പോലെ തിരക്കി.
“കാഷ്വലിറ്റി യിൽ വന്നാൽ ഡോക്ടർ അവിടെ വന്ന് കാണില്ലേ “?
അവർ മനസ്സിൽ തന്നെ ചീത്തപറയുന്നത് അവരുടെ മുഖം വ്യക്തമാക്കിത്തന്നു. തുള്ളിത്തെറിച്ചെന്നപോലെ അവർ നടന്നുമറഞ്ഞപ്പോൾ അയാളിൽ വേദനയുടെ വിഷമുള്ളുകൾ തറഞ്ഞുകയറുകയായിരുന്നു.
കാഷ്വാലിറ്റിയുടെ മുമ്പിൽ തന്റെ ഊഴവുംകത്തിരിക്കുമ്പോൾ വെറുതെയെന്നവണ്ണം തനിയ്ക്ക് പരിചമുള്ള റോബിൻ എന്ന ഡോക്ടർനെ ഫോൺ ചെയ്തു. അയാൾക്ക് ഗൗരവം മനസ്സിലായതുപോലെ, പത്ത് മിനിട്ടിനകം വന്നെത്തി. തന്റെ കാലിന്റെ പരിതാപകരമായ അവസ്ഥ കണ്ട്, അദ്ദേഹം തന്നെ സർജനെ വിളിച്ചു വരുത്തി.
അവരുടെ രണ്ടുപേരുടെയും ഇടപെടലുകൾ പെട്ടെന്ന് ഉണ്ടായത് കൊണ്ട്, തന്റെ കാലിന്റെ ആണിയുടെ വിഷം പഴുപ്പ് രൂപേണ അവർ പുറത്തെടുത്തു കളഞ്ഞു. അവരുടെ ഇടപെടലിന്റെ കർക്കശ്യം കൊണ്ടാവാം മുതിർന്നമാലാഖമാർ തന്റെ ചുറ്റുംവന്ന് നിന്ന് അവരുടെ ആരോ എന്നപോലെ ശുശ്രുഷ വളരേ ഗംഭീരമാക്കി.
എന്നാൽ വളരേ മുമ്പേ ഇതിലും അതിശയകരമാകുംവണ്ണമുള്ള അവശരായവരെ അവർ തിരിഞ്ഞുപോലും നോക്കുന്നില്ല എന്നത് എന്നിൽ കുറേ വിപ്ലവങ്ങൾ കത്തിജ്വലിച്ചു. ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥർ, ഡോക്റ്റർമാർ എന്നിട്ടും..
ഡോക്ടർ ടെ ഇടപെടൽ മൂലം തനിയ്ക്ക് വളരേ വൃത്തിയുള്ള ഒരു മുറി അനുവദിച്ചു കിട്ടി. രാത്രി നോക്കാൻ വന്ന മാലാഖമാർ മത്സരിച്ചിട്ടെന്നവണം, അവർ ദിവസത്തിൽ രണ്ടും മൂന്നും നേരം വന്നു തന്റെ പ്രെഷർ ഷുഗർ ഊഷ്മാവ് ഒക്കെ ടെസ്റ്റ് ചെയ്ത് തിരിച്ചുപോയി.
പിറ്റേന്ന് വൈകിട്ട് പരിശോധനയ്ക്ക് വന്ന ഡോക്ടർ റോബിൻ പറഞ്ഞു,മുറിവ് അഴിച്ചു മരുന്ന് വച്ചു കെട്ടണം. അതിന് മുമ്പ്,നേഴ്സ് വന്ന്,കെട്ടിയിരിക്കുന്ന തുണി അഴിച്ച് ഒരു മരുന്ന് ലായനിയിൽ അര മണിക്കൂർ കുതിർക്കണം. അപ്പോൾ മുറിവിൽ ബാക്കിയുള്ള പഴുപ്പും മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അതും പുറത്തേയ്ക്ക് അലിഞ്ഞുപൊയ്ക്കോളും.
നിർദേശം കേട്ട് നേഴ്സ് നേയും പ്രതീക്ഷിച്ചു നേരം കളഞ്ഞു. ഒടുവിൽ താടകയെ പോലെ തോന്നുന്ന ഒരു മാലാഖ വന്നു അവർ എന്റെ കാലിന്റെ പെരുവിരലിൽ പിടിച്ച് ഒരു കുപ്പി എങ്ങനെ നമ്മൾ മാറ്റിവയ്ക്കുന്നുവോ അതുപോലെ നിർദാഷിണ്യമെന്നവണം അങ്ങോട്ടുമിങ്ങോട്ടും പിടിച്ച് മാറ്റിവച്ചു.
ഇങ്ങനെ എങ്ങനെ വന്നു,എന്നതിനെ കുറിച്ചുള്ള ചോദ്യം ചെയ്യലിൽ തന്റെ ഉത്തരത്തിന്റെ തൃപ്തിയില്ലായ്മയിൽ അവരുടെ തുറിച്ചനോട്ടം തന്റെ മുഖത്ത് തറഞ്ഞു നിന്നു.
അവർ ഒരു പ്ലാസ്റ്റിക് പാത്രത്തിൽ കുറച്ച് അധികം അതിചൂടുള്ളവെള്ളം കൊണ്ടുവച്ചു. അതിലേക്ക് നിറമില്ലാത്ത എന്തോ ഒരു ദ്രാവകം ഒഴിച്ചു. പിന്നെ അതിനടുത്ത് ഒരു കസേര കൊണ്ടിട്ടു. എന്നിട്ട് തന്നോട് അവിടെ ഇരിക്കാൻ ആജ്ഞാപിച്ചു.
കല്ലെപിളർക്കുന്ന ആ കല്പന കേട്ട്, അപ്പോഴും വേദനയിൽ പുളഞ്ഞുകൊണ്ടിരുന്ന ഞാൻ കട്ടിലിൽ നിന്നും ഊർന്നിറങ്ങി ആ കസേരയിൽ ചെന്നിരുന്നു. അവർ തന്നെ ഒന്നുപിടിക്കുകയോ സഹായിക്കുക പോലും ചെയ്തില്ല!.
ആ കാല് വെള്ളത്തിൽ മുക്കുന്നതിനുമുമ്പേ അവർ കാലിലെ കെട്ടഴിക്കാൻ തുടങ്ങി. കാലിലെ വേദന വളരുന്നതും അത് അസ്സഹനീയമാവുന്നതും അവരോട് പറഞ്ഞു കൊണ്ടേയിരുന്നു.
എന്നിട്ടും അവർ ഒരു ദാക്ഷിണ്യവും ഇല്ലാതെ വെള്ളത്തിൽ കാൽ വയ്ക്കുന്നതിനുമുമ്പേ ഉണങ്ങി കട്ടപിടിച്ചിരിക്കുന്ന തുണി വലിച്ചെടുത്തു…
ആയിരം നക്ഷത്രങ്ങൾ ആ കാലിന്റെ പെരുവിരലിൽ കൂട്ടിമുട്ടി പൊട്ടിച്ചിതറി.എന്റെ ബോധം ഏതോവഴിയിൽക്കൂടി ചാടി പുറത്തേയ്ക്ക് പോയി.പിന്നെ അവിടെ എന്തൊക്കെ നടന്നു എന്ന് ഓർമ വന്നപ്പോൾ തീവ്രപരിചരണവിഭാഗത്തിലെ ഒരു സ്ത്രീ ഡോക്ടർ വിശദീകരിച്ചപ്പോഴാണറിഞ്ഞത്. ആ താടക മാലാഖയെ തത്കാലം ജോലിയിൽ നിന്നും അകറ്റി നിറുത്തിയിട്ടുണ്ടെന്നും ഒരു ക്ഷമാപണത്തോടെ അവർ പറഞ്ഞപ്പോൾ മനസ്സിൽ ഒരു നീറ്റൽ…
ഉടച്ചുവാർക്കേണ്ടത് എവിടെയാണ്…
അടിമുടിയാണ്… അല്ലേ..
-0-