രചന : ശ്രീകുമാർ പെരിങ്ങാല.✍
കൈകളിൽ മൂവർണ്ണധ്വജമുയർത്തി
കുഞ്ഞിളംപൈതലും മുന്നിലെത്തി
ജയ്വിളിച്ചാരവഭക്തിയോടെ
കൊടിയൊന്നുയർത്തി വീശി വാനിൽ.
ഓർക്കണമീദിനമെങ്കിലും നാം
ജീവിതം ഹോമിച്ചു പോയവരെ
തോക്കിനു മുന്നിലും തോറ്റിടാതെ
അമ്മതൻകാവലായ് നിന്നതല്ലേ.
ചെഞ്ചുവപ്പിൻനിണംവീണ ഭൂമി
ആ രണഭൂമിയിലൊത്തുചേർന്ന്
വീറോടെപോരാടി നേടിയല്ലോ
സർവ്വസ്വാതന്ത്ര്യത്തിൻ ജീവവായു.
ഈ ജന്മഭൂമിതന്നമ്മയല്ലോ
ഭാരതമാതാവിൻമക്കളല്ലോ
അമ്മയ്ക്കുരക്ഷ നാം മക്കളല്ലേ
കാത്തിടാമംബയെ പൊന്നുപോലെ.
മതമതിലിന്നു നാം തച്ചുടച്ചാൽ
തകർക്കുവാനാവില്ല,യീമതിലും
നെഞ്ചിലാത്തീപ്പൊരി ചേർത്തുവെച്ച്
കാക്കണമീദേശമൊത്തുചേർന്ന്.
ഒരേയൊരിന്ത്യാ ഒരുപോൽജനത
സൗഹൃദസുന്ദരമാകണമിന്ത്യാ
വേണ്ടനമുക്കീ മതഭ്രാന്തിനിയും
സാഹോദര്യം വാഴണമിവിടം.
സൗഹൃദസുന്ദര ഭൂമിയതല്ലോ
ഭാരതമെന്നൊരു രാഷ്ട്രമതെന്റെ
ഉയരണമിനിയും വാനോളം നിൻ-
കീർത്തിയതെങ്ങും കേൾക്കേണം.