രചന : സഫി അലി താഹ✍
കേൾക്കാനും, പറയാനുമാണോ നമുക്ക് മനുഷ്യരുണ്ടാകേണ്ടത്…..?
നിരാശകളും വിഷമങ്ങളും
സങ്കടങ്ങളും ഒരാൾക്ക് എന്നുമുണ്ടാകില്ല.അതുകൊണ്ട് തന്നെ അവയെ ഉപേക്ഷിക്കാൻ നിങ്ങൾ ഇടമുണ്ടാക്കേണ്ടതില്ല.
അവയുണ്ടാകുന്ന ആ സമയത്തെ അതിജീവിക്കാൻ നിങ്ങൾ പറയുന്നത്
മറ്റൊരാളിലേക്ക് എത്തിക്കില്ല
എന്നുറപ്പുള്ള ഒരു സുഹൃത്ത് മതി.
(സന്തോഷങ്ങളും എന്നും നിലനിൽക്കില്ല. സന്തോഷങ്ങളും നേട്ടങ്ങളും പറയുമ്പോൾ നിങ്ങളോടൊപ്പം ആത്മാർത്ഥമായി സന്തോഷിക്കുന്ന ഒരാളുണ്ടാകണം. പുറമെ സന്തോഷം കാണിച്ച് ഉള്ളിൽ കരയുന്ന, ശപിക്കുന്നവരെയല്ല.)
ഓർക്കേണ്ട ഒരു കാര്യമുണ്ട്,
നമുക്ക് പറയാൻ വിശ്വസിക്കാവുന്ന ഒരാൾ മാത്രമാണ് ആവശ്യമെങ്കിൽ ഇതിനൊക്കെ ഒരു കൗൺസിലർ മതിയാകും, ഫീസ് കൊടുത്ത് നിങ്ങൾക്ക് സമയവും സേവനവും നൽകുന്ന കൗൺസിലർ…..അവരെ വിശ്വസിക്കാം.കുറച്ചുനേരത്തെ അതിജീവിക്കാൻ അതിന്റെ ആവശ്യമില്ല,എന്നാൽ പ്രശ്നം വഷളാണെങ്കിൽ മാനസികമായി നിങ്ങളെ പിന്തുണയ്ക്കുന്ന, അതിനായി പ്രാവീണ്യമുള്ളവരെ സമീപിക്കുക തന്നെ വേണം.
എന്നാൽ മനസ്സ് വെന്ത് പോകുന്ന സമയങ്ങളിൽ അങ്ങനെയൊരാളേയല്ല നമുക്ക് ആവശ്യം. ഹൃദയത്തിൽ തൊട്ട് പരസ്പരം പറയാനും അതേ ആഴത്തിൽ കേൾക്കാനുമാണ് നമുക്ക് ആളുണ്ടാകേണ്ടത്.സുഹൃത്തായോ മറ്റെന്ത് ലേബലോ നിങ്ങൾക്ക് കൊടുക്കാം, പക്ഷേ വിശ്വസിക്കാൻ കഴിയണം.
കേൾക്കുക എന്നത് മാത്രമാണെങ്കിൽ
അത് അവരുടെ സൗജന്യമായി നമുക്ക് നൽകുന്ന സമയമാണ്.അതിന് അത്ര ആഴമോ ആത്മാർഥതയോ കാണില്ല, അവിടെ കരുണയോ മനുഷ്യത്വമോ അലിവോ ഒക്കെയാണ്.സമയം നൽകുന്ന ആ മനുഷ്യർ അത്രയും value ഉള്ളവർ തന്നെയാണ്, പക്ഷേ അതല്ല നമുക്ക് ആവശ്യം.
എന്നാൽ സംസാരിക്കുക എന്നത് ഒരു ബോണ്ട് create ചെയ്തിട്ടുണ്ട് എന്നാണ്. പരസ്പരം എന്തും തുറന്നുപറയുന്ന രണ്ട് മനുഷ്യർ തമ്മിലുള്ള പൊട്ടിപോകാത്ത ഒരു ബോണ്ട്. മറ്റൊരാൾ കേട്ടാൽ നമ്മെ അപമാനിക്കാൻ, കുറ്റപ്പെടുത്താൻ സാധ്യതയുള്ള കാര്യങ്ങൾവരെ പറയാൻ കഴിയുന്ന,മറ്റാരോടും പറയാൻ കഴിയാത്ത …..പരസ്പരം വഴക്ക് കൂടാൻ കഴിയുന്ന, അടിയുണ്ടാക്കി പിണങ്ങി പിന്നെ പെട്ടെന്ന് ഇണങ്ങാൻ കഴിയുന്ന, കണ്ടില്ലെങ്കിൽ തിരക്കുന്ന, ആവശ്യങ്ങൾ പറയാനാകുന്ന,എന്തും പറയാനാകുന്ന,
നമ്മുടെ അപ്പോഴത്തെ അവസ്ഥയെ തൊട്ടറിയുന്ന ഒരാൾ…..
അതേ ഒരാളെ കേൾക്കുന്നതിനേക്കാൾ,
അവരോടു പറയുന്നതിനേക്കാൾ
പരസ്പരം സംസാരിക്കുക എന്നത് മനോഹരമാണ്……
ഓരോ മനുഷ്യനും കേൾക്കാനും പറയാനുമല്ല,
സംസാരിക്കാനാണ് മനുഷ്യരുണ്ടാകേണ്ടത്!!