എഴുത്തുകാരന്‍റെ ജല്പനങ്ങളില്‍
ഒളിച്ചിരുന്ന അടിമത്തത്തിന്
നാണമില്ലെന്നു പറഞ്ഞത്,
പൊടിഞ്ഞ താളിയോലകളിലെഴുതപ്പെട്ട
ദ്രാവിഡ സംസ്കൃതിയുടെ
നിസ്സഹായതയായിരുന്നു.
ചവിട്ടി താഴ്ത്തപ്പെട്ട
നന്മയുടെ വെളിച്ചത്തിനു
വിളറിയ പാളനിറം നല്‍കിയിട്ടും
ഉയിര്‍ത്തു വന്നത്, .
അടിയാന്‍റെ നെഞ്ചിടിപ്പ് നിലയ്ക്കാത്തത്
കൊണ്ടെന്നുരച്ചത്
നിഷ്ക്കാസ്സിതന്‍റെ
നെടുവീര്‍പ്പുകളിലെ
നീരാവി ആയിരുന്നു.
ബലി,
തല വെച്ചതാര്യവംശത്തിന്‍
കാല്‍ കീഴിലാണെന്നറിഞ്ഞ,
വാമനന്‍
അസുരകുലത്തിന്‍
വേദനയ്ക്ക് ഓണമെന്നു പേരിട്ടു
ഒളിച്ചു പോയത് കടലിലെക്കായിരുന്നു.
തീക്കല്ലുരച്ചു തീയു കായുന്ന
ശിലായുഗ നഗ്നതയില്‍
കമന്ണ്ടലു കമഴ്ത്തി,
ശുദ്ധി വരുത്തിയ
ചിന്തകള്‍ക്ക് കുട പിടിച്ച
വെള്ളി വെളിച്ചമാണിതെങ്കിലീ;
ഓണം ആഘോഷിക്കുക,
മനുഷ്യരോ ദേവരോ അതോ
ആസുരഭാവങ്ങളുടെ
ആര്‍ജവം നശിച്ച
തോല്‍ക്കപ്പെട്ടവന്‍റെ
വ്രണിത മാനസ്സമോ?
പക്ഷെ,
അതറിയില്ലെന്നു പറഞ്ഞത്
സുതല വഴിയിലെ ഇരുളായിരുന്നില്ല,
വിന്ധ്യാവലിയുടെ കണ്ണീരായിരുന്നു…!

By ivayana