കുളിമുറിയിൽ
അടുക്കളയിൽ
അഴകെട്ടിയ വരാന്തയിൽ
അലക്കുകല്ലിന്നരികിൽ
വീണുകിടപ്പുണ്ട്
വരി തെറ്റിയ
വാലുമുറിഞ്ഞ
കുറേ സിനിമാപാട്ടുകൾ.
അലക്കിയ വസ്ത്രങ്ങൾ
മടക്കിവെക്കുമ്പോൾ
മൂളുന്ന പാട്ടുകൾ
അതിനിടയിൽ തന്നെ കാണും
അലമാരയിലുണ്ട് വിശേഷപ്പാട്ടുകൾ.
അടിച്ചു വാരുമ്പോൾ കിട്ടാറുണ്ട്
കുറേ പഴയ പാട്ടുകൾ.
ഒരു പാട്ടുമിതുവരെ
പൂർണമായി പാടിയിട്ടില്ല.
ചിലപ്പോൾ
പാടിപ്പാടി
പാട്ടിൻകുന്നുകളുണ്ടാവുന്നു.
കിട്ടിയ പാട്ടുകൾ
കിട്ടിയിടത്ത് തന്നെയിടും.
അതവിടെ കിടന്ന് മുളക്കും
ഈ വീട്ടിലാർക്കുമറിയില്ല
എൻ്റെ പാട്ടിൻപെരുമകൾ.
എൻ്റേത് മാത്രമായ സന്തോഷങ്ങൾ.
സൂക്ഷിച്ചു നോക്കിയാലറിയാം
എല്ലാ വീട്ടിലുമുണ്ടാവുമിങ്ങനെ.
അല്ലാതെങ്ങനെ
പൊടുന്നനെ പാട്ടുകൾ
നാവിൽ കേറിവരുന്നത്.
ഓരോ പാട്ടിനൊപ്പമുണരുന്നു
ഓരോ പുഷ്കല കാലം.
ഒരു പാട്ടല്ല
ഒരു പാടോർമ്മകളാണ്
നമ്മൾ (നമ്മളെ) പാടിയുറക്കുന്നത്.

By ivayana