എന്റെ സുഹൃത്തിനു സംഭവിച്ച അനുഭവമാണ് ഈ കഥയുടെ ഹേതു.
കഥ നടക്കുന്നത് പത്തുമുപ്പതു വർഷങ്ങൾക്കു മുൻപാണ്. എന്റെ സുഹൃത്ത് വൈക്കത്ത് ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് അതിൽ പങ്കെടുക്കുവാൻ പോയി. രാവിലെ സമയം വൈകിതിനാൽ ഏറ്റുമാനൂരിലെ വീട്ടിൽനിന്നും തിരക്കിട്ടാണ് വൈക്കത്ത് പ്രോഗ്രാം നടക്കുന്ന സ്ഥലത്തെത്തിയത്.
അതുകൊണ്ടുതന്നെ പ്രഭാതഭക്ഷണമൊന്നും കഴിച്ചില്ല. പ്രോഗ്രാം സ്ഥലത്തുനിന്നാകട്ടെ ഒരു ഡിസ്പോസിബിൾ ഗ്ലാസ്സിന്റെ മൂന്നിലൊന്നു ഭാഗം ചായയും രണ്ടു ബിസ്കറ്റും കിട്ടി.അതും കഴിച്ച് അവിടെ ഇരുന്നു. ഉച്ചവരെയുള്ള പ്രോഗ്രാം. അതുകൊണ്ട് അവിടെ ഊണൊന്നും കരുതിയിരുന്നില്ല. പ്രസംഗതൊഴിലാളികളുടെ മത്സരം കാരണം സമയം കുറേയങ്ങനെ കടന്നു പോയി. ഡിയാന് വിശപ്പ് സഹിക്കാൻ കഴിയാതെ അവിടെയിരിക്കുകയാണ്. കഷ്ടകാലത്തിനു ഒരു പ്രമുഖൻ അടുത്തിരുന്നു പൊങ്ങച്ച വിശേഷങ്ങളാൽ സാമാന്യം നല്ല കത്തിയും വയ്ക്കുന്നുണ്ട്. സ്റ്റേജിലെ കത്തിയും അരികിലെ കത്തിയും ഉള്ളിലെ വിശപ്പിന്റെ കത്തലുംകൂടി ആയപ്പോൾ ആകെയൊരു പരിവമായി.ഏതാണ്ട് ഒന്നരമണി ആയപ്പോൾ പരിപാടി കഴിഞ്ഞു. പിരിയാൻ തുടങ്ങിയപ്പോൾ കുറേപ്പേർ പരിചയം പുതുക്കാനും വിശേഷം പറയാനും വന്നു. വയറിന്റെയകത്ത് ഗ്യാസ് പൊട്ടി വിഘടിച്ചു പലവട്ടം പെരുമ്പറ മുഴക്കി. അവസാനം അവരോടെല്ലാം സംസാരിച്ച് അവിടെനിന്നും സ്ഥലം കാലിയാക്കി.
ഹോ.. ഇനി സ്വസ്ഥമായി നല്ലൊരു ഹോട്ടലിൽ കയറി ഊണു കഴിക്കണം. വലിയ ഹോട്ടലിൽ കയറിയാൽ ഭക്ഷണം അത്ര സുഖമായിരിക്കില്ല.
വിലയും കൂടുതലായിരിക്കും. അങ്ങനെ ചിന്തിച്ചു റോട്ടിലൂടെ നടക്കുമ്പോൾ അതാ റോഡിന്റെ അരികിൽ തെങ്ങോലകൊണ്ട് മേഞ്ഞ ഒരു നാടൻ ഹോട്ടൽ. ശരിക്കും
ഒരു വീടുതന്നെ. എന്തായാലും ഇവിടെനിന്നാവാം ഊണ്. ഇതുപോലെയുള്ള കടകളിൽനിന്നും
നല്ല ഭക്ഷണം കിട്ടും. പലയിടത്തും പോകുമ്പോഴും അങ്ങനെ കഴിച്ചിട്ടുണ്ട്.
എന്തായാലും ഇവിടെനിന്നുതന്നെ ഇന്നത്തെ ഊണ്.
കടയിൽ കയറി കൈ കഴുകി മേശക്കുമുന്നിൽ വന്നിരുന്നു.
സപ്ലെയർ നല്ലൊരു സൂചനില കൊണ്ടുവന്നു വച്ചു ഒപ്പം ഒരു ഗ്ലാസ്‌ വെള്ളവും.
പിന്നെ പുറകേ ഇലകളിൽ ചെറുകറികൾ നിരന്നു. തോരൻ, തീയൽ, കൂട്ടുകറി,അച്ചാർ, അവിയൽ, എരുശ്ശേരി, ഓലൻ….
പിന്നെ ചോറുമെത്തി കൂടെ സാമ്പാറും.
സുഹൃത്ത് മെല്ലെ ഊണു കഴിക്കാൻ തുടങ്ങി. ഇടയ്ക്കിടെ സപ്ലയറെ ഇടംകണ്ണിട്ട് നോക്കുന്നുമുണ്ടായിരുന്നു. കുറച്ചു ചോറ് കഴിച്ചിട്ട് നമ്മുടെ സുഹൃത്ത് ഒന്നൂടെ സപ്ലയറെ നോക്കി… അപ്പോൾ അരികിൽ എത്തി കക്ഷിയോട് ചോദിച്ചു “ചേട്ടാ… കാളൻ ഒഴിക്കട്ടെ?”
അയാൽ യാന്ത്രികമായി തലകുലുക്കി.
സപ്ലൈർ കാളൻ ചോറിൽ ഒഴിച്ചുകൊടുത്തു. നമ്മുടെ കക്ഷി വീണ്ടും ചോറ് കഴിക്കാൻ തുടങ്ങി.പക്ഷേ ഇത്രയും വിഭവങ്ങൾ ഉണ്ടായിട്ടും നമ്മുടെ കക്ഷിക്ക് അത്ര തൃപ്തിയില്ല. കാളൻ കിട്ടിയിട്ടും അദ്ദേഹം രണ്ടോ മൂന്നോ ഉരുള ചോറ് കഴിച്ചിട്ട് ചുമ്മ ചോറിൽ വിരലുകൾ ഓടിച്ചുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായിട്ട് നമുക്കും അല്പം ദേഷ്യം തോന്നാമല്ലെ..എന്തായാലും സപ്ലയർ ഒന്നൂടെ അദ്ദേഹത്തിന്റെ അടുത്തെത്തി എന്നിട്ട് ചോദിച്ചു “ചേട്ടാ സ്പെഷ്യൽ എന്തെങ്കിലും എടുക്കണോ..?
“എന്താ സ്പെഷ്യൽ ഉള്ളത്?”
“ബീഫ് ഫ്രൈ ഉണ്ട് എടുക്കട്ടെ…?”
ഉടനെ നമ്മുടെ കഥാനായകന്റെ മറുപടിയെത്തി
“അതും കപ്ലങ്ങ ഇട്ടതാണോ…?”
ഇതു കേട്ടതും സപ്ലയർ സ്ഥലം വിട്ടതും ഒപ്പമായിരുന്നു.
ഇപ്പോൾ വായനക്കാർക്കും ഏകദേശം പിടികിട്ടിക്കാണുമല്ലോ അദ്ദേഹം അങ്ങനെ പറഞ്ഞതിന്റെ വസ്തുത. മനസ്സിലാകാത്തവർക്കായ് ഞാൻ തന്നെ പറയാം.
നമ്മുടെ കക്ഷി കൈ കഴുകി ഉണ്ണാനിരുന്നപ്പോൾ ഇട്ടുകൊടുത്ത വാഴയിലയും ചോറും പപ്പടവും ഒഴികെ കൊണ്ടുവന്നു വിളമ്പിയ വിഭവങ്ങൾ എല്ലാം കപ്പളങ്ങാകൊണ്ട് ഉണ്ടാക്കിയ വിഭവങ്ങൾ ആയിരുന്നു.അതാണ്‌ കക്ഷി ചോദിച്ചത് ബീഫും കപ്പളങ്ങ ചേർത്തതാണോയെന്ന്. എന്തായാലും കപ്പളത്തിന്റെ ഇലയിൽ ചോറ് കൊടുക്കാത്തതു ഭാഗ്യം. എന്തായാലും അതിനുശേഷം എത്ര നല്ല ഊണു കിട്ടിയാലും നാട്ടുമ്പുറത്തെ ഊണ് അദ്ദേഹം ഒഴിവാക്കിയെന്നാണ് ഒടുവിൽകിട്ടിയ വാർത്ത..

By ivayana