1897ജനുവരി 23 നു പ്രശസ്ത വക്കീലായിരുന്ന ജാനകിനാഥ് ബോസിന്റേയും പ്രഭാവതി ദേവി യുടെയും മകനായി ഒറീസ്സയിലെ കട്ടക്ക്കിലാണ് സുഭാഷ് ചന്ദ്ര ബോസ് ജനിച്ചത് .പ്രൊട്ടസ്റ്റന്റ് മിഷണറീസ് നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ് അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം .പിന്നീട് ഉന്നതവിദ്യാഭ്യാസം കൽക്കട്ടയിലെ പ്രസിഡൻസി കോളേജിൽ .
കോളേജ് വിദ്യാഭ്യാസകാലത്തു തന്നെ വിപ്ലവപ്രവർത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു.പിന്നീട് കേംബ്രിഡ്‌ജ് സർവ്വകലാശാലയിലെ വിദ്യാഭ്യാസത്തിനു ശേഷം 1920 – ൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസ് പ്രവേശനപ്പരീക്ഷ എഴുതി വിജയിച്ചു .എന്നാൽ സ്വാതന്ത്ര്യ സമരത്തിൽ പ്രവർത്തിക്കാ‍ൻ സിവിൽ സർവീസ് ഉപേക്ഷിച്ചു. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. 1921 ല് ഇന്ത്യയിലെത്തി ഗാന്ധിജിയെ കണ്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ തുടങ്ങി.പക്ഷേ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിൽ തീരെ താല്പര്യമില്ലാത്തതിനാൽ കൽക്കട്ടയിലേക്ക് പോയി, സ്വാതന്ത്ര്യസമര സേനാനിയും സ്വരാജ് പാർട്ടി സ്ഥാപകരിലൊരാളുമായ ചിത്തരഞ്ജൻ ദാസ് നോടൊപ്പം പ്രഭവർത്തിച്ചു .പിന്നീട് കൊൽക്കത്ത കോർപറേഷൻ ചെയർമാൻ, ബംഗാൾ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ, AICC ജനറൽ സെക്രട്ടറി നിരവധി സ്ഥാനങ്ങൾ വഹിച്ചു. വെയിൽസിലെ രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ബഹിഷ്കരിക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തതാണ് ആദ്യത്തെ ഔദ്യോഗിക ബ്രിടീഷ് വിരുദ്ധ നീക്കം. പിന്നീട് 1924 ഒക്‌ടോബറിൽ തീവ്രവാദിയാണെന്ന സംശയത്തിൽ അറസ്റ്റ് ചെയ്തു. അലിപൂർ ജയിലിലായിരുന്നു ആദ്യ ദിവസങ്ങളിലെങ്കിലും പിന്നീട് ബർമ്മയിലേക്ക് നാടുകടത്തി.
സെപ്തംമ്പർ 25ന് ജയിൽ മോചിതനായി, 1938 ലെ ഹരിപുര സമ്മേളനത്തിൽ ആദ്യമായി കോൺഗ്രസ് പ്രസിഡന്റായി .1939 ലെ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഗാന്ധിജിയുടെ സ്ഥാനാർഥി പട്ടാഭി സീതാരാമയ്യയെ തോൽപ്പിച്ചാണ് പ്രസിഡന്റായത്. പിന്നീട് അഭിപ്രായ ഭിന്നതകളെ തുടർന്ന് കോൺഗ്രസുമായി അകന്നു .1939 ൽ “ഫോർവെഡ് ബ്ളോക്” എന്ന പാർട്ടി രൂപവത്കരിച്ചു.
രണ്ടാം ലോകമഹായുദ്ധകാലത്ത് വീട്ടുതടങ്കലിലാക്കാപെട്ട അദ്ദേഹം രക്ഷപെട്ട് സിയാവുദ്ധീൻ മൗലവി എന്ന പേരിൽ പെഷവാറിലെക്ക് പോയി.അവിടുന്നു ജർമനിയിലെത്തി. അവിടെ വെച്ച് എമിലി ഷെങ്കേൽ എന്ന ഓസ്ട്രിയൻ യുവതിയെ വിവാഹം ചെയ്തു.1942 ല്‌ അനിത എന്ന മകൾ ജനിച്ചു. രണ്ടാം ലോകമഹായുദ്ധത്തോടു കൂടി ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം . റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4-നു സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളിൽ വച് “ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗി”ന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി. അടുത്തദിവസം ജൂലൈ 5-നു “ആസാദ് ഹിന്ദ് ഫൌജ് “അഥവാ ഇന്ത്യൻ നാഷനൽ ആർമി(ഐ.എൻ.എ-INA) അദ്ദേഹം രൂപികരിച്ചു ക്യാപ്റ്റൻ ലക്ഷ്മി, എൻ. രാഘവന്‍, എ.സി.എൻ നമ്പ്യാർ, കണ്ണേമ്പിള്ളി കരുണാകരമേനോൻ, വക്കം അബ്ദുൾഖാദർ,.മിസ്സിസ് പി.കെ. പൊതുവാൾ‍, നാരായണി അമ്മാൾ തുടങ്ങി മലയാളികൾ അദ്ദേഹത്തോടൊപ്പം ഐ. എൻ .എ യിലുണ്ടായിരുന്നു. . ഐ.എൻ.എയുടെ വനിതാവിഭാഗമായിരുന്ന ഝാൻസിറാണി റെജിമെന്റിന്റെ നേതൃത്വം വഹിച്ചിരുന്നത് ക്യാപ്റ്റൻ ലക്ഷ്മിയായിരുന്നു. 1943-ൽ നേതാജി രൂപം കൊടുത്ത ആസാദ് ഹിന്ദ് ഗവണ്മെന്റിലെ ഏക വനിതാംഗവും അവരായിരുന്നു.അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും “രാജ്യ സ്നേഹികളിൽ രാജകുമാരൻ” എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സുഭാഷ് ചന്ദ്ര ബോസ് ആണ് ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ് ” എന്ന് വിശേഷിപ്പിച്ചത്.
സ്വാതന്ത്ര്യ സമര സേനാനി ശരത് ചന്ദ്ര ബോസ് സഹോദരനാണ്. “ബോസ് സഹോദരന്മാർ ” എന്നാണ് ഇവരെ അറിയപ്പെട്ടിരുന്നത് .”ജയ്‌ഹിന്ദ്‌” “ദില്ലി ചലോ “തുടങ്ങിയ മുദ്രാ വാക്യങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയാണ് .1945 ഓഗസ്റ്റ് 18-ന് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ അദ്ദേഹം മരിച്ചു എന്നാണ് ഔദ്യോഗിക വിശദീകരണം .എന്നാൽ വിശ്വാസ്യത ഇതിനു തീരെയില്ലെന്നു അക്കാലത്തു ആളുകൾ വിശ്വസിച്ചു .മാത്രമല്ല 1985 വരെ ഉത്തർ‌പ്രദേശിലെ അയോധ്യക്കു സമീപം രാംഭവൻ എന്ന വീട്ടിൽ താമസിച്ചിരുന്ന ഗുംനാമി ബാബ എന്ന സന്ന്യാസി, അദ്ദേഹം ആയിരുന്നു എന്ന് ചിലർ വിശ്വസിച്ചിരുന്നു .“എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്ന് സ്വാതന്ത്ര്യ സമര കാലത്തു അദ്ദേഹം പറഞ്ഞിട്ടുണ്ട് .ഏറെ ദുരൂഹതകൾ നിറഞ്ഞ അദ്ദേഹത്തിന്റെ തിരോധാനം ഇന്നും അജ്ഞാതമാണ് .
“ഇന്ത്യഅസാധാരണമായൊരു രാജ്യമാണ് .അധികാരത്തിലിരിക്കുന്നവരെക്കാൾ അവൾ ബഹുമാനിക്കുന്നത് അധികാരം ത്യജിക്കുന്നവരെയാണ്”എന്ന അദ്ദേഹത്തിന്റെ വാദത്തിനു വർത്തമാന കാലത്തും ഏറെ പ്രസക്തിയുണ്ട് ……..

അഫ്സൽ ബഷീർ

By ivayana