രചന : മംഗളൻ കുണ്ടറ ( മംഗളൻ .S)✍
ക്യാമ്പിലൊരമ്മ കരഞ്ഞു പറയുന്ന
കാര്യങ്ങൾ കേട്ടവർ പൊട്ടിക്കരയുന്നു
കണ്ണിൽനിന്നുത്ഭവിക്കുന്ന നീർ ചാലുകൾ
കവിളുകളിൽ പുഴയായൊഴുകുന്നു..
“കൗമാര പ്രായത്തിലുള്ളൊരാൺകുട്ടി തൻ
കുഞ്ഞനുജൻ്റെ രക്ഷയ്ക്കായ് മരിച്ചതും
സ്ലാബിന്നടിയിൽ പെട്ടനിയൻ്റെ രക്ഷയ്ക്ക്
സ്ലാബിൽ തലകൊടുത്തു നിന്നു ജ്യേഷ്ടൻ
പാലം തകർന്നു വീട്ടുഭിത്തിയിൽ തട്ടി
പാവമാപയ്യനാ നിൽപ്പിൽ മരിച്ചുപോയ്
രക്ഷിക്കണേയെന്നലറി വിളിച്ചു ഞാൻ
രക്ഷിക്കാനായില്ലാ ശ്വാസം നിലച്ചുപോയ്”
അനിയൻ്റെ കൈപിടിച്ചോപ്പോള് കേഴുന്നു..
“അമ്മപോയ്, അപ്പപോയ്, അമ്മൂമ്മയും പോയി
ഒന്നിച്ചുജീവിച്ച വീടില്ല നാടില്ല
ഒത്തുപഠിച്ചോരും സ്കൂളുപോലുമില്ല”
ഉറ്റവരെത്തേടിയെത്തുന്ന മാലോകർ
ഉറ്റവർ ജീവനോടുണ്ടോന്നറിയുവാൻ
മുണ്ടകൈയിൽ പോകാൻ പാലമില്ലാതായി
മുണ്ടക്കൈക്കാരാകെ ഒറ്റപ്പെട്ടുപോയി
മലയിൽക്കുടുങ്ങിക്കിടക്കുന്ന വരെ
മടക്കിയെത്തിക്കുവാൻ മാർഗ്ഗമില്ലാതായ്
ആദ്യമൊരാൾ കണ്ട പെണ്ണിൻ മൃതദേഹം
ആത്മ സുഹൃത്തിൻ്റെ ഭാര്യയെന്നറിഞ്ഞു
ആ മൃതദേഹം പുതച്ചു കിടത്തിയോർ
ആ പുഴയോരം തിരഞ്ഞു വീണ്ടും നീങ്ങി
കണ്ടവർ കണ്ടവർ ഞെട്ടിത്തരിച്ചു പോയ്
കണ്ടാലറിയാത്ത രൂപത്തിൽ ദേഹങ്ങൾ
വമ്പൻ കെട്ടിട ക്കൂനയലവർ കണ്ടു
വളയിട്ട ചേതനയറ്റൊരു പെൺകൈ
സങ്കീർണ്ണമായൊരീ ചിത്രം പകർത്തവേ
സങ്കൽപ്പിക്കാനാമോ കാവ്യഭംഗിയേതും!
കദനത്തിൻ വരികളിതെഴുതിയ നേരം
കളിയാക്കാനെത്തിയ മനോരോഗികൾ!
കഴുകക്കണ്ണാലേ കാണൂ എന്നാകിലും
കദനക്കഥയിതെഴുതാതെ വയ്യാ..🙏