ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന്
അരുളിയ ഗുരുവിന്റെ നാമം….!
പരക്കട്ടെ ഉലകിൽ ഗുരുവിന്റെ മന്ത്രങ്ങൾ
തെളിയട്ടെ നന്മകളാലേ …
മതമേതായാലും മാനവർ നന്നായാൽ
മതിയെന്നു ചൊല്ലിയ ഗുരുദേവൻ…!
ഗുരു ദർശനങ്ങളാൽ നിറയട്ടെ ഹൃദയങ്ങൾ
സത്യ വെളിച്ചത്തിൻ പൊൻപ്രഭയാൽ…
ധർമ്മങ്ങൾ തോൽക്കുമെന്നുള്ളൊരു നാൾ വന്നാൽ
അധർമ്മം ജയിക്കുവാൻ കൂട്ടായി നിൽക്കല്ലേ….
ഗുരുവിനു ജന്മം നൽകിയ മണ്ണിൽ
എനിയ്ക്കായ് പിറവി വിധിച്ചതുമോർത്തു..
ധന്യമായുള്ളൊരെൻ ജീവൻ തുടിപ്പിനാൽ
നമിച്ചിടുന്നീ മണ്ണും ഗുരുവിൻ സ്മരണയാൽ ….
ഞാനെന്ന ഭാവം മരിക്കാതിരുന്നാൽ
പിറക്കില്ല നേരിൻ പൊരുളിന്നറിവും…!
ഇരുളിന്റെ മറനീക്കി ജ്വലിയ്ക്കുന്ന ചൈതന്യം
നിറച്ചിടാം നമ്മൾക്ക് ഹൃദയങ്ങളിൽ.
നാനാ മതസ്ഥർ ഒരുമയാൽ സ്നേഹിച്ചു
ജീവിച്ചു തീർക്കുന്ന കേരളത്തിൽ
വരുമൊരു തലമുറക്കേകിടാൻ തീർക്കുക
ഗുരുവിന്റെ ധർമ്മങ്ങൾ നാടുനീളെ….

ബഷീർ അറക്കൽ

By ivayana