ഏതു കാര്യങ്ങൾക്കും
ഒരു മറുവശംകൂടി ഉണ്ടെന്നുള്ളതു സത്യമല്ലേ….?
അമിതമായ സിനിമ അഭിനയമോഹം എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നവരുടെ ഒരു കുതിച്ചുചാട്ടവും ഇപ്പോൾ വന്നിട്ടുള്ള ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്ന പല ചൂക്ഷണ കാര്യങ്ങൾക്കും വഴിതെളിച്ചിട്ടില്ലേ…?
യുവാക്കൾ സിനിമയിലേക്ക് അഭിനയ മോഹവുമായി എത്തുമ്പോൾ അവരോട് ലക്ഷങ്ങൾ അങ്ങോട്ട്‌ വാങ്ങിക്കൊണ്ട് അഭിനയിപ്പിക്കാമെന്നു പറയുന്നു. അങ്ങനെ വെട്ടിൽ വീഴുന്ന ചെറുപ്പക്കാർക്ക് ഈ സംഘങ്ങൾ ഒരുക്കുന്ന ക്യാമറയുടെ തട്ടിക്കൂട്ട് ഷൂട്ടിങ്ങിൽ എന്തെങ്കിലും കുറച്ചു ഭാഗങ്ങൾ ഷൂട്ട് ചെയ്യുകയും എടുത്തതെല്ലാം ഗംഭീരമായെന്നും
തുടർന്നുള്ള ഭാഗങ്ങൾ സംവിധായകന്റെ തിരക്കുകൾ കാരണം കുറച്ചു നാളുകൾക്കുശേഷം നടക്കുമെന്നും അറിയിച്ച്, പടത്തിന്റെ മുന്നോട്ടുള്ള കാര്യങ്ങൾക്ക് കുറച്ചു പണം മുൻ‌കൂർ കയ്യിൽവേണമെന്നുമൊക്കെ പറഞ്ഞുകൊണ്ട് ലക്ഷങ്ങൾ കൈക്കലാക്കുകയും ചെയ്യും…
പിന്നീട് ആ പടങ്ങൾ ഒന്നും നടന്നുകൊള്ളണമെന്നുമില്ല.
പണം നഷ്ടപ്പെട്ടവൻ അതിനെക്കുറിച്ച് ചോദിച്ചാൽ പിന്നെ ഭീക്ഷണിയുടെ സ്വരമായിരിക്കും ഉണ്ടാകുക. അതിനുള്ള വഴിയും ഈ സംഘം ഉണ്ടാക്കിയിട്ടുണ്ടാവും.അഭിനയമോഹവുമായെത്തിയ ഏതെങ്കിലും പെൺകുട്ടികളെയോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ത്രീകളെയോ ഈ വ്യക്തിയുമായി ഒരുമിച്ചു ഏതെങ്കിലും ലോഡ്ജിൽ താമസിക്കുവാനുള്ള അവസരം ഉണ്ടാക്കും. തന്ത്രപൂർവ്വം ഒളിക്യാമറയിൽ ആ മുറിയിലെ രംഗങ്ങൾ പകർത്തിവച്ചിട്ടുമുണ്ടാകും. ഇയാൾ എന്തെങ്കിലും എതിരായി സംസാരിച്ചാൽ ഈ രംഗങ്ങളുടെ കാര്യം പറഞ്ഞു ഭീക്ഷണിപ്പെടുത്തും. അതോടെ അപമാനവും തന്റെ ഭാവിയും
ഓർത്ത് അയാൾ നിശബ്ദനാകും…
ഇനി അഭിനയമോഹവുമായി എത്തുന്ന പെൺകുട്ടികൾ, യുവതികൾ ഇവരോട് പണമല്ല ആവശ്യപ്പെടുക പകരം “വിട്ടുവീഴ്ച”കളായിരിക്കും. ഇവിടെ മനസ്സിലാക്കേണ്ടത് അങ്ങനെ വിട്ടുവീഴ്ച ചെയ്തിട്ട് തങ്ങൾക്ക് ഒരു അവസരം വേണ്ടന്നു ചിന്തിക്കുന്നവർ അപ്പോൾ തന്നെ സ്ഥലം കാലിയാക്കും..
എന്നാൽ എങ്ങനെയും നടിയായി പേരും പ്രശസ്തിയും അമിതമായി ആഗ്രഹിക്കുന്നവരിൽ ചിലർ അവർ പറയുന്ന ഉപാദികൾ സമ്മതിച്ചുകൊണ്ട് സിനിമയുടെ മായിക ലോകത്തിലേക്ക് എത്തിയേക്കാം. അങ്ങനെ എത്തിയിട്ടുള്ളവർ ചിലർ വളരെ പ്രശസ്തിയിലും എത്തിയിട്ടുണ്ടാവാം.
ഈ പറഞ്ഞതൊക്കെ പല മാധ്യമങ്ങളിലൂടെ വർഷങ്ങൾക്കുമുൻപെ കണ്ടും കേട്ടും ഈ മേഖലയിലെ അവസ്ഥകളെക്കുറിച്ച് സിനിമ മംഗളം, നാന, സിനിമ മാസിക, ചലച്ചിത്രം തുടങ്ങി നിരവധി സിനിമ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും വാർത്തകളും ഒക്കെ എഴുതിയിരുന്നവരിൽനിന്നും മനസ്സിലാക്കിയിരുന്നു. മംഗളം കലാസാഹിത്യവേദിയുമായിട്ടുള്ള ബന്ധംകൊണ്ടുതന്നെ മംഗളം പബ്ലിക്കേഷൻസിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളും വായിച്ചിരുന്നു..
ഇപ്പോഴും സ്ഥിരം വായിക്കുന്ന പത്രം മംഗളം തന്നെ…
ഇനി മറ്റൊരു കാര്യംകൂടി പറയാം. ഇന്നുതന്നെ ഞാൻ പോസ്റ്റു ചെയ്ത ഒരു കുറിപ്പിൽ പറഞ്ഞതുപോലെ സിനിമ മംഗളത്തിൽനിന്നുതന്നെയാണ് സിനിമ മേഖലയിൽ നടക്കുന്ന ഒട്ടേറെ ഞെട്ടിക്കുന്ന തരത്തിലുള്ള ചൂക്ഷണങ്ങളുടെയും ചതിക്കുഴികളുടെയും
ചിലരുടെയൊക്കെ ജീവിതാനുഭങ്ങളെയും
അവർ അനുഭവിക്കേണ്ടിവന്ന യാതനകളെയുമൊക്കെ മനസ്സിലാക്കുവാൻ കഴിഞ്ഞത്.
അതിൽ പ്രധാനപ്പെട്ട രണ്ടു
വ്യക്തികളെ മാത്രം പറയാം.
ഒന്ന് കോട്ടയം ശാന്ത എന്ന നടിയാണ്. മറ്റൊരാൾ സിനിമയിലെ പ്രമുഖ മേക്കപ്പ്മാനായിരുന്ന എം. ഒ. ദേവസ്യയാണ്.ഇവർ രണ്ടുപേരും മുൻകുറിപ്പിൽ ലളിതശ്രീ പറഞ്ഞതുപോലെയുള്ള തുറന്നെഴുത്തുകളാണ് നടത്തിയത്.
ഇതിൽ കോട്ടയം ശാന്തയ്ക്ക് ഒരുപാട് ഭീഷണികൾവരെ ഉണ്ടാകുകയും ചെയ്തിരുന്നു. കാരണം ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരും മരിച്ചവരുമായ പല
പ്രമുഖരുടെയും മുഖംമൂടി തുറന്നുകാണിക്കുകയുണ്ടായി…
ഇപ്പോൾ ഇതൊക്കെ സൂചിപ്പിച്ചത് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്ന വസ്തുതാപരമായ പല കാര്യങ്ങളും ഒരു പക്ഷെ, അതിൽനിന്നും നീക്കം ചെയ്യപ്പെട്ട പേജുകളിൽ ഉൾപ്പെടെ ഇവിടെ ഞാൻ പരാമർശിച്ച വ്യക്തികൾ പണ്ടേ പറഞ്ഞുപോയ കാര്യങ്ങൾ നൂറുശതമാനവും ശരിയാണെന്നു കൂടുതൽ വ്യക്തത നൽകുന്നതാണ് ഹേമ കമ്മീഷൻ റിപ്പോർട്ടും
എന്നുമാത്രം ഇവിടെ സൂചിപ്പിക്കുന്നു…
എന്തായാലും ഈ റിപ്പോർട്ടിനു വ്യക്തമായ നടപടികൾ ഉണ്ടാകുമോ എന്നറിയില്ല. എങ്കിലും ഈ റിപ്പോർട്ട് സിനിമ മേഖലയിലുള്ളവർക്കും ആ രംഗത്തിലേക്ക് അമിതമായ മോഹത്തോടെ മുന്നും പിന്നും നോക്കാതെ എടുത്തുചാടുന്നവർക്കും ഒരു പാഠമാകട്ടെ….

നമസ്കാരം 🙏
അന്ന് ലളിതശ്രീ പറഞ്ഞതെല്ലാം സത്യം…

വർഷങ്ങൾക്കു മുൻപ് മംഗളത്തിന്റെ സിനിമ പ്രസിദ്ധീകരണമായ സിനിമ മംഗളത്തിൽ
ലളിതശ്രീ എഴുതിയിരുന്ന ഒരു പരമ്പരയുണ്ടായിരുന്നു.
അതിൽ ഇപ്പോൾ ഹേമ റിപ്പോർട്ടിൽ പരാമർശിക്കുന്ന സിനിമയ്ക്കു പിന്നിലെ പിന്നാംപുറ കഥകൾതന്നെയായിരുന്നു കൂടുതലും വന്നിരുന്നത്. സിനിമയിൽ എത്തിയപ്പോൾ ആ നടി അനുഭവിച്ച ദുരിതങ്ങൾ ലൈംഗീക പീഡനങ്ങൾ, സ്വന്തം ഭർത്താവുപോലും തന്നോടുചെയ്ത ഏറ്റവും വൃത്തികെട്ട, നികൃഷ്ടമായ, ഒരു സ്ത്രീക്കും ഉൾകൊള്ളാൻ കഴിയാത്ത അനുഭവങ്ങളാണ് അവർക്ക് അനുഭവവിക്കേണ്ടിവന്നത്.
നിരവധി ലക്കങ്ങളിലായി തുടർച്ചയായി വന്ന ആ പരമ്പര തുടക്കംമുതൽ അവസാനം വരെ വായിച്ചിരുന്നു.
കാരണം, ഈ പരമ്പരയുടെ ആദ്യം ഭാഗം വായിക്കുന്നതിനുമുൻപുവരെ ഈ നടിയെ ആ കാലങ്ങളിൽ ഉണ്ടായിരുന്ന “A”ചിത്രങ്ങിളിലെ നടി എന്നു മാത്രമായിരുന്നു…
എന്നാൽ അവരുടെ പംക്തി വായിച്ചുതുടങ്ങിയപ്പോൾമുതൽ അക്കാലത്തുണ്ടായിരുന്ന വളരെ പ്രമുഖരായ സിനിമാതാരങ്ങളെക്കാൾ ഉപരി മനസ്സിൽ അവരോട് ഒരു ആരാധന, അതിലുപരി ബഹുമാനം മനസ്സിൽ രൂപംകൊണ്ടു…
വളരെ കഷ്ടപ്പാടുകളും ദുരിതങ്ങളും ചെറുപ്പം മുതൽ അനുഭവിച്ച അവർ തന്റെ സ്വന്തം പരിശ്രമവും കഴിവുംകൊണ്ട് പഠനത്തിൽ മികവുറ്റ വിജയങ്ങൾ നേടി ഉന്നതമായ ബിരുദങ്ങളും.
ഒരുപാട് വർഷങ്ങൾക്കുമുൻപാണ് ഇത് വായിച്ചിട്ടുള്ളത്. ഓർമ്മയിൽനിന്നാണ് ഇത് കുറിക്കുന്നത്..
വിദ്യാഭ്യാസത്തിനുശേഷം അവരെ വിവാഹം കഴിച്ചത് ഒരു സിനിമ നിർമ്മാതാവോ സംവിധായകനോ ആണെന്നുതോന്നുന്നു.
ആദ്യരാത്രിയിൽ തന്നെ അയാളിൽനിന്നും, ഒരു ഭർത്താവിൽനിന്നും ഉണ്ടാവാത്ത ദുരന്തമാണ് ഉണ്ടായത്.
ഒറ്റദിവസം മാത്രമേ ആ വിവാഹജീവിതത്തിന്റെ ആയുസ് ഉണ്ടായിരുന്നുള്ളുവെന്നു തോന്നുന്നു.
അതോടുകൂടി ആ ബന്ധം അവസാനിപ്പിച്ച് തന്റേതായ ശക്തമായ ജീവിതനിലപാടുകളിലൂടെ തീരുമാനങ്ങളിലൂടെ വെല്ലുവിളികളിലൂടെ അവർ മുന്നേറുകയായിരുന്നു…
പിന്നീട് തമിഴിലും മലയാളത്തിലും കന്നടയിലും തെലുങ്കിലുമൊക്കെ തിരക്കുള്ള നടിയായിമാറുകയായിരുന്നു…
ഇനിയാണ് എന്റെ മനസ്സിൽ അവർക്ക് ഏറെ ബഹുമാനം തോന്നിയ വസ്തുത എന്തെന്നുള്ളത്.
ടെലിവിഷൻ എന്നത് അത്യപൂർവായി ഒരുകാലത്ത് ഇന്ത്യയിലെ ഒട്ടു മിക്കവാറും വീടുകളിൽ മാത്രം ഉണ്ടായിരുന്ന ഒന്നാണ്. പ്രത്യേകിച്ച് കേരളത്തിൽ വളരെ അപൂർവമായിരുന്നു. പിന്നീട് ഏഷ്യാഡ് കായിക മാമാങ്കം കാണുവാനുള്ള താല്പര്യത്തിന്റെ പ്രാധാന്യമേറിയപ്പോഴാണ് ഇന്ത്യയിൽ ടെലിവിഷൻ വിപണിയിൽ എത്തിതുടങ്ങിയത്.
അപ്പോഴും അത് എല്ലാവർക്കും വാങ്ങുവാനുള്ള സാമ്പത്തിക ഒട്ടുമിക്കവർക്കും ഉണ്ടായിരുന്നില്ല. റേഡിയോപോലും അപൂർവമായിരുന്ന കാലഘട്ടം.
ടെലിവിഷൻ ഉള്ള വീടുകളിൽ അവർ പരിപാടികൾ വയ്ക്കുമ്പോൾ അടുത്തുള്ള വീട്ടുകാർ അവിടെ ഒത്തുകൂടും. എല്ലാവരും ചേർന്നിരുന്നു കാണും..
അങ്ങനെയാണ് ഏഷ്യാ ഡ് ഒക്കെ കണ്ടത്…
പിന്നീട് ഭാരതത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ഭക്തിനിറഞ്ഞ സംഭാവനയായി രാമായണം പരമ്പര വന്നു…
മഹാഭാരതം പരമ്പരയൊക്കെ വന്നു.
അന്ന് കേരളത്തിൽ ദൂരദർശൻ കേന്ദ്രം ആയിട്ടില്ല. എല്ലാം ഡൽഹിയിൽനിന്നാണ്.
ഇതര ഭാഷകളോടൊപ്പം മലയാളം പ്രോഗ്രാമുകളും ഉണ്ടാകാരുണ്ടായിരുന്നു… പറഞ്ഞുവന്നത്. ഈ സമയം ലളിതശ്രീ ഡൽഹി ദൂരദർശനിൽ ഉണ്ടായിരുന്നു. അവിടെ ഹിന്ദിയിൽ സംപ്രേഷണം ചെയ്തുവന്നിരുന്ന പരമ്പരകൾ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നത് അവരായിരുന്നു. അതായത് നമ്മൾ ഏറെ ഭക്തിപൂർവ്വം കണ്ടിരുന്ന രാമായണ, മഹാഭാരത പരമ്പരകൾക്ക് മലയാള ഭാഷയുടെ വാക്ചാതുര്യവും അതിന്റെ സാരാംശം ഒട്ടു ചോർന്നു പോകാതെ എഴുതിതയ്യാറാക്കി മലയാളം ഡബിംഗ് ആർട്ടിസ്റ്റുകളിലൂടെ ഡൽഹി ദൂരദർശൻ നമ്മുടെ വീടുകളിൽ ടെലിവിഷനിലൂടെ കാണാനും കേൾക്കാനും വഴിയൊരുക്കിയത് ലളിതശ്രീയായിരുന്നു…
ഒരിക്കൽപ്പോലും ചിന്തിക്കാതിരുന്ന ഒരു കാര്യം അവരുടെ എഴുത്തിലൂടെ തിരിച്ചറിഞ്ഞപ്പോൾ അതൊരു ആദരവായി മാറുകയായിരുന്നു…
ഇടയ്ക്കു ഈ വസ്തുതകൂടി സൂചിപ്പിച്ചുവെന്നുമാത്രം..
അന്ന് ആ പരമ്പരയിലൂടെ സിനിമയ്ക്കുള്ളിലെ ചൂക്ഷണങ്ങളെ അന്ന് ഒരു കൂസലും കൂടാതെ പച്ചയ്ക്കു പറയാൻ അവർ മടി കാണിച്ചില്ല. അത് പ്രസിദ്ധീകരിക്കാൻ സിനിമാമംഗളവും യാതൊരു വിലക്കും കാണിച്ചില്ല.
അന്ന് ലളിതശ്രീ ഓരോ സിനിമയുടെ പുറകിലും ഉണ്ടായിട്ടുള്ള ഇപ്പോൾ ഹേമകമ്മീഷൻ പുറത്തുവിട്ടപോലുള്ള കഥകളും അനുഭവങ്ങളും സിനിമാതാരങ്ങളുടെ കഥകളും ഒക്കെ വായിച്ചപ്പോൾ അന്ന് അതിശയം തോന്നിയിരുന്നു. വാനോളം മനസ്സിൽ ഇടം നൽകിയിരുന്ന സിനിമതാരങ്ങൾ സംവിധായകർ തുടങ്ങി പലരുടെയും മുഖംമൂടി
അഴിഞ്ഞുവീഴുകയായിരുന്നു.
പലതും വിശ്വസിക്കാൻപോലും മനസ്സ് അനുവദിക്കാത്ത കാര്യങ്ങൾ…
എങ്കിലും തുടർന്നുള്ള ലക്കങ്ങളിലൂടെ പങ്കുവച്ച കാര്യങ്ങൾ അവർ പറഞ്ഞത് നൂറുശതമാനവും ശരിവയ്ക്കുന്ന തരത്തിലായിരുന്നു…
പരമ്പര തീരുന്നതിനുമുൻപ് ഇവിടെ സിനിമ മേഖലകളിലുമുള്ള മുഴുവൻ അഭിനേത്രികളെയും വെല്ലുവിളിച്ചുകൊണ്ട് ഒരു കാര്യം തുറന്നു പറഞ്ഞുകൊണ്ടാണ്.
അത്‌ എന്താണെന്ന് ഇവിടെ വെളിപ്പെടുത്തുന്നില്ല.
പക്ഷേ.. ആ വെല്ലുവിളി നേരിട്ടുകൊണ്ട് നാളിതുവരെ ഒരു നടിയും അവർക്ക് മറുപടി കൊടുത്തില്ലയെന്നുള്ളതും സത്യം…
ആ സമയങ്ങളിൽ സിനിമ മംഗളത്തിലെ കത്തുകളിൽ അവരുടെ പരമ്പര അനുകൂലിച്ചും പ്രതീകൂലിച്ചും പലരുടെയും അഭിപ്രായങ്ങൾ വന്നുവെങ്കിലും അതൊന്നും നോക്കാതെ അവർ ആ പരമ്പര ഭംഗിയായി പൂർത്തിയാക്കി…
ഒരുപാട് വർഷങ്ങൾക്കിപ്പുറവും അന്ന് ലളിതശ്രീ വെളിപ്പെടുത്തിയ വസ്തുതകളെക്കാൾ പതിന്മടങ്ങു ചൂക്ഷണങ്ങൾ വർദ്ധിച്ചുവെന്നുള്ളത് എത്രയോ കാലം മുൻപേ ജനങ്ങൾ തിരിച്ചറിഞ്ഞതാണ്.
കാരണം അന്നത്തെക്കാൾ മാധ്യമങ്ങളും നവമാധ്യമങ്ങളും ഇന്ന് ധാരാളം. ലോകത്തുള്ള ഏതു സംഭവങ്ങളും ഞ്ഞൊടിയിടയിൽ അറിയാവുന്ന ആധുനിക സാങ്കേതികത സാർവ്വത്രികമായിരിക്കുന്നു.
അതിലൂടെതന്നെ ഒട്ടേറെ വെളിപ്പെടുത്തലുകളും സംഭവങ്ങളും ഒക്കെ അറിയാൻ കഴിയുന്നുണ്ട്.
എങ്കിലും ഇതിനൊക്കെ എതിരെ സർക്കാരിന്റെയും , കോടതിയുടെയുമൊക്കെ വേണ്ടത്ര നടപടികൾ ഉണ്ടാകാറില്ല.
ഇപ്പോൾ ഹേമ കമ്മീഷൻ റിപ്പോർട്ടുവന്നതുപോലെ വിവിധ വിഷയങ്ങളിൽ ഇങ്ങനെയുള്ള കമ്മീഷൻ റിപ്പോർട്ടുകൾ വരുമ്പോൾ മാത്രമാണ് കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകുകയും, റിപ്പോർട്ടിന്മേൽ സർക്കാരും കോടതിയുമൊക്കെ ഇടപെടുകയും ചെയ്യുന്നത്…
പിന്നീട് ആ കാര്യങ്ങളിൽ എത്രമാത്രം നീതിപൂർവ്വമായ നടപടികൾ ഉണ്ടായിട്ടുണ്ടെന്നുള്ളതും വ്യക്തിമല്ല…
എന്തായാലും സിനിമ മേഖലയെ ആകെ പിടിച്ചുലയ്ക്കുന്ന പരസ്യമായ രഹസ്യങ്ങളാണ് ഹേമ കമ്മീഷനിലൂടെ പുറത്തുവന്നിട്ടുള്ളത്.
ഇതെല്ലാം കണ്ടും കേട്ടും ദൂരെ ഒരാൾ ഇരുന്നു ചിരിക്കുന്നുണ്ട്. വർഷങ്ങൾക്കുമുൻപ് താൻ വെളിപ്പെടുത്തിയ സത്യങ്ങൾ ഇന്ന് ഒരു അന്വേഷണറിപ്പോർട്ടിലൂടെ ഞെട്ടിക്കുന്ന തരത്തിൽ പുറത്തുവരുമ്പോൾ…
അത് മറ്റാരുമല്ല അഭിനേത്രി ലളിതശ്രീതന്നെ… 😊


By ivayana