ണിം ണാം…
ഇത് മൂന്നാമത്തെ തവണയാണ് കോളിങ്‌ബെൽ അടിക്കുന്നത്. അകത്തേതായാലും ആളുണ്ട്. വാതിലിന് പുറത്ത് ചെരുപ്പുകളുടെ പ്രളയം. വാതില്പടിയിലെ ചവിട്ടിക്ക് പുറത്ത് ഒരു കെട്ടുവള്ളിയുള്ള ചെരിപ്പ് കിടപ്പുണ്ട്, അലക്ഷ്യമായി. അതിന്റെ മറ്റേ ജോഡി എവിടെയെന്നറിയാൻ ചെറിയൊരു കൗതുകത്തോടെ കണ്ണൊന്നു വട്ടംചുറ്റിച്ചു. അത് പടിക്കെട്ടിന്റെ മുകളിൽ,വരാന്തയിൽ, അലക്ഷ്യമായി തന്നെക്കിടപ്പുണ്ട്.വലിച്ചെറിഞ്ഞതുപോലെ, ചളുങ്ങി കമന്ന്.
ഇന്ന് ക്രിക്കറ്റ് കളി ഉള്ളതായി അറിയില്ല. പുറത്തുനിന്നും ഓടിവരുന്നതിനിടയിൽ ഉപേക്ഷിച്ചതാവാം ആ ചെരുപ്പുകൾ. അകതെന്തോ തകൃതിയായ വിശേഷമുണ്ട്. എങ്കിലും, മുൻവശത്തെ വാതിൽ അടഞ്ഞുകിടക്കുന്നതിനാൽ ആഘോഷം അകത്തുമാത്രം ഉള്ളതാവാം. ഒരു ബർത്ഡേയ് ആഘോഷമോ മറ്റെന്തെങ്കിലുമോ ആവാം.
അകത്തുനിന്നും അടുത്തേക്കുവരുന്ന ഒരു പാദപതനം. രവി കാതുകൂർപ്പിച്ചു. താൻ ഈ അടഞ്ഞവാതിലിന്റെ ചാരേ നിൽക്കാൻ തുടങ്ങിയിട്ട് ഏകദേശം പത്തുമിനിട്ടിൽ കൂടുതലായിക്കാണും. വന്നകാര്യം പറയാതെ പോകാൻ പറ്റില്ല. അമ്മയുടെ പ്രത്യേകനിർദ്ദേശമാണ്. അമ്മയുടെ അമ്മ മുത്തശ്ശി ഇവിടെയാണ് താമസം. അമ്മാവന്റെ ഒപ്പം.
വാതിലിന്റെ കുറ്റിയെടുക്കുന്നുണ്ട്. രവി അത് ശ്രദ്ധിച്ചു. തുറക്കുന്നതരായിരിക്കും എന്നൊരു കൗതുകം മനസ്സിൽ ഓടിക്കളിച്ചു !.രാജൻ മാമനാവാം, അല്ലെങ്കിൽ രാജം മാമിയാവാം. അവരുടെ പേരിന്റെ സാദൃശ്യം വളരേ കൗതുകം ഉണ്ടാക്കിയിട്ടുണ്ട്.
വാതിൽ വലിച്ചു തുറക്കപ്പെട്ടു. മുത്തശ്ശിയാണ് വാതിൽ തുറന്നത്. രവിയെ കണ്ട് അതിശയപ്പെട്ടുചോദിച്ചു…
രവിയോ !.നീ ഈ ആഴ്ചയെത്തുമെന്ന് നിന്റെ അമ്മ പറഞ്ഞിരുന്നു. നേരെ ഇങ്ങോട്ടാണോ വന്നത് !.
രവി മുത്തശ്ശിയുടെ കാലിൽ തൊട്ടുവന്ദിച്ചു പിന്നെ പറഞ്ഞു..
അല്ല മുത്തശ്ശി, വീട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞു, മുത്തശ്ശിക്ക് ഇടയ്ക്കു കടുത്ത പനിയായിരുന്നെന്ന്.
മുത്തശ്ശിയുടെ പിറകേ അകത്തേക്ക് കയറി. വിശാലമായ ഹാളിൽ വിശാലമായ സ്‌ക്രീനുള്ള ടി വി പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു, ആർക്കോവേണ്ടി. വലതുവശത്തുള്ള സോഫയിൽ ശ്യാം മൊബൈലിൽ ആണ്, മുഖപുസ്തകത്തിലോ വാട്സപ്പിലോആവാം! അമ്മാവന്റെ രണ്ടുമക്കളിൽ ഒരാൾ.
താൻ വന്നതുപോലും അറിഞ്ഞിട്ടില്ല. ടി വി യുടെ മുമ്പിലുള്ള കസേരയിൽ കൃഷ്ണയും ഇരിപ്പുണ്ട്. അമ്മാവന്റെ രണ്ടിൽ ഒരാൾ. അവളും മൊബൈലിലാണ്. അവർ രണ്ടുപേരും മറ്റൊരാൾ വന്നത് കണ്ടിട്ടുപോലുമുണ്ടാവില്ല.
അവരുടെ തിരക്കിനിടയിലൂടെ ഞങ്ങൾ അകത്തേക്ക് നടന്നു. മുത്തശ്ശിയുടെ മുറിയിലേക്ക്. പോകുന്നവഴിത്താരയിൽ ഇടനാഴിയുടെ തെക്കുവശത്തെമുറിയിൽ മാമിയും ചാറ്റിങ്ങിലാണ്.
മുത്തശ്ശി രാജം മാമ്മിയോട് താൻ വന്ന കാര്യം പറഞ്ഞെങ്കിലും, മാമി അതിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു..
-രവി ഇരിക്കൂ. ഞാനിപ്പോൾ വരാം.
മുത്തശ്ശിപറഞ്ഞു,
അവൾ മുഖപുസ്തകത്തിൽ സജീവമാണ്. എന്തോ, കഥയും കവിതയുമൊക്ക എഴുതുമത്രെ… എന്താണോ ആവോ… ഇടയ്ക്കിടെ പറയും, ആ ഗ്രൂപ്പിന്റെ ആദരം കിട്ടീ, ഈ ഗ്രൂപ്പിന്റെ കിട്ടീ എന്നൊക്കെ..
മുത്തശ്ശിയുടെ വർത്തമാനം നീണ്ടുകൊണ്ടേയിരുന്നു.. ഞങ്ങൾ ഊണുമുറിയിൽ ചെന്ന് രണ്ടു കസേരകളിൽ അഭിമുഖമായി ഇരുന്നു. രണ്ടുപേരിലും ഓരോ ചിരി വിടർന്നണഞ്ഞു.
– 0 –

By ivayana