രചന : ബഷീർ അറക്കൽ✍
മഴയേ നിനക്കെന്തു ചന്തം
കുളിർക്കോരി പെയ്യുന്ന നേരം
മാനത്തെ മഴവില്ലിന്നഴകാൽ
മനതാരിൽ തെളിയുന്നു വർണ്ണം ….
മഴത്തുള്ളി പെയ്തെന്റെ ഉള്ളം
മോഹങ്ങളാലെ തെളിഞ്ഞു
കനവിന്റെ വാതിൽ തുറന്നു
മുകുളങ്ങൾ പൊട്ടി ചിരിച്ചു.
സ്വരരാഗ മധുരിമയോടെ
കുയിലിന്റെ നാദം ഒഴുകി
അഴകാർന്ന പീലി വിടർത്തി
മയൂരങ്ങൾ നൃത്തങ്ങളാടി.
സുമങ്ങൾ പരത്തും സുഗന്ധം
ഹൃദയത്തെ തഴുകി ഉണർത്തി
മധുകണം നുകരുന്ന വണ്ടായ്
ചിറകിട്ടടിച്ചു പറന്നു.
പകലും വിടച്ചൊല്ലി മാഞ്ഞു
രാവും ഇരുളാൽ നിറഞ്ഞു
മുളംത്തണ്ടു തീർക്കുന്നൊ-
രോടക്കുഴലിന്റെ
ഈണത്തിൽ കാറ്റും തലോടി.
താരാട്ടു പാട്ടുകൾ പാടിയുറക്കാൻ
ഈ രാവും ഉറങ്ങാതിരുന്നു
പാൽ നിലാവെട്ടം വിതറി മേലെ
അമ്പിളി മാമൻ ചിരിച്ചു….