രചന : ജോൺ കൈമൂടൻ. ✍
താരങ്ങൾ കണ്ണിറുക്കുന്നുണ്ടിരവിലായ്
താരപ്രഭയേറ്റും അന്ധകാരംവേദി,
താരപശ്ചാത്തലം ഗഗനംവിശാലം
താരക്കുരുന്നുകൾ മിന്നാമിനുങ്ങുകൾ!
വിശാലമായ് അവിഹിതംവിലസുന്നു
വിശപ്പടക്കാൻവന്ന കുരുവിയെതിന്നുവോ?
വിടന്മാരുതട്ടുന്നു മുട്ടുന്നുതള്ളുന്നു,
വിശന്നുറങ്ങും വിശ്വകലയിൻവാതായനം!
ചൊല്ലുംകരാറതിൽ വേതനംമെച്ചമായ്
തെല്ലുമുളുപ്പില്ലാ നൽകിടുംതുച്ഛമായ്,
തൊല്ലയൊഴിവാക്കുകിൽ വേട്ടക്കാരനോ
കല്ലെറിയും വഴിത്താരയിൽ ഇരയെയും!
ലിംഗസമത്വമതാണു വിഭാവനം
ലിംഗഭേദമൊതുക്കിയോ അവശരെ?
ഭംഗമേതുമില്ലാതങ്ങു ഭുജിച്ചിടും
ഭംഗിയായ്രംഗത്തു കുടയിൻമറയിലും!
ഇരുമ്പുമറയ്ക്കുള്ളിൽ പെരുകീയധർമ്മം
ഉരുകീയൊലിച്ചുപോയ് ധർമ്മവുംനർമ്മവും,
പെരുമ്പറകൊട്ടിച്ചു വാഴ്തിസ്തുതിപ്പിച്ചു,
ഇരുകരവുംകൂപ്പി നിന്നുവോപൊതുജനം!
ആണാളർ തമ്പ്രാക്കളാണഭ്രപാളിയിൽ
പെണ്ണാളരോപിന്നിൽ നമ്രശിരസ്കരായ്,
കണ്ണിനുമുന്നിലായ് വന്നെത്തിസത്യങ്ങൾ
കിണ്ണംകട്ടോരെല്ലാം വന്നെത്തുമൊന്നൊന്നായ്!
കൊഴിയുന്നുതാരങ്ങൾ ഉടയുന്നുബിംബം,
പൊലിയുന്നുവിഗ്രഹം അലിയുംപ്രസിദ്ധി.
ചുളിയുന്നുപുരികങ്ങൾ എരിയുന്നുകോപാഗ്നി,
ബലിയാടുകൾക്കിതു മതിയായമോചനം!