രചന : ജോയ്സി റാണി റോസ് ✍
വാറുപൊട്ടിയ ചെരിപ്പിട്ട കുട്ടി
വക്കുകാണാനാവാത്തത്ര നീളമുള്ള പാത
മുടന്തി മുടന്തി താണ്ടുന്ന കഠിനതകൾ
പ്രിയപ്പെട്ട ഓർമ്മകൾ നിറഞ്ഞൊരു സഞ്ചി
കൂടി ചുമക്കേണ്ടതില്ലല്ലോ
എന്നൊരു നെടുവീർപ്പ്
എത്തുന്നിടത്ത് പായവിരിച്ചുറക്കുന്ന ഇരുട്ടിന്
സത്രം സൂക്ഷിപ്പുകാരന്റെ ഭാവം
മാറാപ്പിലേന്തി നടക്കുന്ന
രഹസ്യങ്ങളുടെ ഭാരം
താങ്ങാനാവാത്ത
ഒരുവന്റെ അതേ കൂന്
എങ്കിലും, ഇരുളവനെ നിവർത്തിക്കിടത്തി
കണ്ണിൽ നക്ഷത്രങ്ങളെ
ഉറക്കിക്കിടത്തുന്നു
നിലാവിൽ നിന്നുമൊരു
തീക്കാടിറങ്ങിവന്നവനെ
പുതപ്പിനുള്ളിലെന്ന പോൽ
ചൂടിലേക്കുറക്കിക്കിടത്തുന്നു
രാവിനെ നീന്തിക്കടക്കുവാൻ
നിറയെ സ്വപ്‌നങ്ങൾ ആകാശം
അവനിലേക്ക് കുടഞ്ഞിടുന്നു
വഴിവിളക്കുകളായി നാട്ടിവെയ്ക്കുന്നു
അവനെയുണർത്തുന്ന സൂര്യൻ
കിഴക്ക്നിന്നും പുറപ്പെടും മുൻപ്
ഞാനൊരു കുമ്പിൾ തണൽ തേവട്ടെ
കത്തുന്ന വയറിന്റെ താളം
തെരുവിന്റെ ആരവങ്ങൾക്കിടയിൽ
മുങ്ങിപ്പോകും മുൻപ് അവൻ
ഉണരാതിരിക്കട്ടെ.