മരണം വിതച്ചു കൊണ്ടുരുളുകൾ പൊട്ടിയാ
മലവെള്ളമാർത്തു വന്നെല്ലാം വിഴുങ്ങവേ
ഉയരുന്നൊരല മുറകൾ ചക്രവാളങ്ങളിൽ
അലയടിച്ചീടുന്നിതാർ ത്ത നാദങ്ങളായ് .
പകലിൻ്റെ ക്ഷീണം മറന്നു ഭവനങ്ങളിൽ
നിറമുള്ള സ്വപ്‌നങ്ങൾ കണ്ടുറങ്ങുന്നവർ
അറിയാതെ പ്രളയമങ്ങെത്തി ദുരന്തമായി
നിമിഷത്തിനുള്ളിൽ തകർത്തെറിഞ്ഞൊക്കെയും .
അരുമ കിടാങ്ങളെ അരികത്തണച്ചുകൊണ്ട്‌
ഇരവിന്റെ കുളിരിൽ മയങ്ങുന്നൊരമ്മമാർക്കു
അറിയുവാനായില്ല രാവിൻറെ മറവിലൊരു
പ്രളയമാ നാടു വിഴുങ്ങുന്ന ദുർവിധി .. .
മലനിരകളൊന്നായ് ഇടിഞ്ഞിരമ്പീടുന്ന
പ്രളയമാ നാടിനെ മൂടി കടന്നു പോയ് . .
ചെളിയിൽ പുതഞ്ഞാണ്ടു മറയുന്ന ജീവന്റെ
വിളികളാ ഴങ്ങളിൽ എങ്ങോ മറഞ്ഞു പോയ്
ചളിമണ്ണിലെങ്ങും നുരക്കുന്ന കുമിളകൾ
അടിയിൽ നിന്നുയരുന്ന ജീവ ശ്വാസങ്ങളോ
ആ ജീവ ശ്വാസങ്ങൾ അവിടെ വീശുന്നതാം
പേമഴ കാറ്റിൽ ലയിച്ചു മറഞ്ഞു പോയ് .
വരികില്ല മണ്ണിൽ മറഞ്ഞവരെങ്കിലും
ഒരു നോക്ക് കണ്ടൊരു മുത്തം കൊടുക്കുവാൻ
ഇരവിലാ മണ്ണിൽ മറഞ്ഞ തൻ മക്കളെ
ചെളിയിൽ പരതി കരയുന്നിതമ്മമാർ .
ഹൃദയം നുറുങ്ങി വൻ ദുഖത്തിലാണ്ടവർ
മിഴിനീരു വറ്റി വരണ്ട നേത്രങ്ങളാൽ
ഓരോ നിഴലും ചികഞ്ഞുറ്റു നോക്കിയാ
കോരിച്ചൊരിയും മഴയത്തലയുവോർ .
മണ്ണിൽ മറഞ്ഞ ജഡങ്ങൾ തിരച്ചിലിൽ
കണ്ടെടുക്കുന്നതു കണ്ടു ള്ളൂ കാളിയ-
ങ്ങുള്ളം നുറുങ്ങി കരഞ്ഞടുത്തെത്തുന്ന
സങ്കടം കണ്ടു മരവിപ്പു മാനസം .
കരകവിഞ്ഞൊഴുകുന്ന ചാലിയാറേ
നീന ക്കറിയുമോ ജീവനായ് മല്ലിട്ടു,
നിന്നിലൂടെ ഒഴുകിയാഴത്തിലേക്കാണ്ട് മറഞ്ഞതാം
ഹത ഭാഗ്യരെവിടെക്കു പോയീ ജഡങ്ങളായ് .
വീടുമാ നാടും മറഞ്ഞുപോയൊന്നുമേ –
ശേഷിച്ചതില്ലയീ കൂരിരുട്ടെന്നിയെ
ദുഖത്തിലാണ്ടു പൊലി ഞ്ഞൊടുങ്ങീടുവാൻ
തെറ്റെന്ത് ചെയ്‌തിവർ പാവങ്ങൾ ഈശ്വരാ

ഉള്ളാട്ടിൽ ജോൺ

By ivayana